157 പേർകൂടി പരിശീലനം പൂർത്തിയാക്കി എക്സൈസ് സേനയുടെ ഭാഗമായി
text_fieldsതിരുവനന്തപുരം:157 പേർകൂടി പരിശീലനം പൂർത്തിയാക്കി എക്സൈസ് സേനയുടെ ഭാഗമായെന്ന് മന്ത്രി എം.ബി. രാജേഷ്. വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 84 എക്സൈസ് ഇൻസ്പെക്ടർമാരുടെയും 59 സിവിൽ എക്സൈസ് ഓഫീസർമാരുടെയും 14 വനിത സിവിൽ എക്സൈസ് ഓഫീസർമാരുടെയും പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി.
എക്സൈസ് അക്കാദമിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ എക്സൈസ് ഇൻസ്പെക്ടർമാർ പരിശീലനം പൂർത്തിയാക്കി ഇറങ്ങിയ ബാച്ചാണ് ഇത്. ഏറ്റവും കൂടുതൽ വനിതകൾ പരിശീലനം പൂർത്തിയാക്കി ഇറങ്ങുന്നതും ഇപ്രാവശ്യമാണ്. 84 ഓഫീസർമാരിൽ 14 പേർ വനിതകളാണ്. അതിനു പുറമെയാണ് 14 വനിതാ സിവിൽ എക്സൈസ് ഓഫീസർമാർ. ആകെ 28 വനിതകൾ ഇന്ന് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായി മാറിയെന്നും മന്ത്രി പറഞ്ഞു.
എക്സൈസ് സേന വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ഇത്രയും പേർ പരിശീലനം പൂർത്തിയാക്കി ഇറങ്ങുന്നത്. ആ വെല്ലുവിളികൾക്ക് അനുസരിച്ച് ഉയർന്ന് പ്രവർത്തിക്കാനും ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റാനും കേരള എക്സൈസ് സേനക്ക് കഴിയുന്നു എന്ന് എല്ലാവരും അംഗീകരിക്കുകയും കൂടി ചെയ്യുന്ന സന്ദർഭമാണിതെന്നും മന്ത്രി പറഞ്ഞു.
എക്സൈസ് സേനക്ക് ഈ വെല്ലുവിളികളെ നേരിടാൻ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്സൈസ് കമ്മീഷണർ എഡിജിപി മഹിപാൽ യാദവിനെ മന്ത്രി അഭിനന്ദിച്ചു. കമീഷണർ എന്ന നിലയിൽ വലിയ വെല്ലുവിളികൾ നേരിട്ട കാലഘട്ടത്തിൽ എക്സൈസ് സേനയെ കാര്യക്ഷമമായി ശരിയായ വഴിയിൽ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു.
മയക്കുമരുന്നിന് എതിരായി ഒരു യുദ്ധം തന്നെ കേരളത്തിൽ ഇന്ന് എക്സൈസും പൊലീസും സമൂഹമാകെയും ചേർന്ന് നടത്തിക്കൊണ്ടിരിക്കുകയാണ്. അതിൽ കേരള എക്സൈസ് വഹിച്ചിട്ടുള്ള പങ്ക് വിലമതിക്കാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ വിശ്വാസം വൻതോതിൽ ആർജിക്കാൻ എക്സൈസിന് കഴിഞ്ഞ കാലം കൂടിയാണിത്. ആ വിശ്വാസം ആർജിക്കാൻ കഴിഞ്ഞതുകൊണ്ട് കൂടിയാണ് വലിയ തോതിലുള്ള മയക്കുമരുന്ന് വേട്ട കേരള എക്സൈസിന് നടത്താൻ കഴിഞ്ഞത്. ജനങ്ങൾ നേരിട്ട് വിശ്വാസത്തോടെ എക്സൈസിന് വിവരങ്ങൾ കൈമാറുന്നു. വിവരം കൈമാറിയാൽ തങ്ങൾക്ക് അപകടം വരില്ല എന്നുള്ള ഉറപ്പ് ജനങ്ങൾക്ക് കൈവന്നിരിക്കുന്നു.
വിവരം കൈമാറിക്കഴിഞ്ഞാൽ ഉടൻ നടപടി ഉണ്ടാകും എന്ന ഉറപ്പും കൈവന്നിരിക്കുന്നു. അഭിമാനകരമായ സേവനമാണ് കേരള എക്സൈസ് സേന നിർവഹിക്കുന്നത്. ആ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് അച്ചടക്കത്തോടെ സുരക്ഷിതരായി പ്രവർത്തിക്കാൻ ഈ സേനക്ക് ആകട്ടെ എന്നും മന്ത്രി ആശംസിച്ചു.
പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തൃശൂര്‍ എക്‌സൈസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന പരേഡിൽ എക്സൈസ് കമീഷണർ മഹിപാൽ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാർ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലേയും എക്‌സൈസ് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
പരിശീലനം പൂര്‍ത്തിയാക്കി എക്‌സൈസ് സേനയുടെഭാഗമായ യുവതീ-യുവാക്കള്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. പരിശീലനം പൂർത്തിയാക്കിയവരിൽ 64 ബിരുദധാരികളും, 29 ബിരുദാനന്തര ബിരുദധാരികളും 44 ബി ടെക് ബിരുദധാരികളും, ഒരു ബി.എഡ് ബിരുദധാരിയും, നാല് എം.ടെക് ബിരുദ ധാരികളും, നാല് ഡിപ്ലോമ ബിരുദധാരികളും, ഒരു എം.സി.എ ബിരുദധാരിയും, ഒരു ബി.ഡി.എസ് ബിരുദധാരിയും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

