വന്യജീവി ആക്രമണം; ഒന്നര പതിറ്റാണ്ടിൽ പൊലിഞ്ഞത് 1,508 മനുഷ്യ ജീവൻ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഒന്നര പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 1,508 പേർ. ഇതിൽ 394 പേർ കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തിലും 1,114 പേർ പാമ്പുകടിയേറ്റുമാണ് മരിച്ചത്. പാമ്പുകടി മരണങ്ങൾ മുഴുവൻ വനത്തിന് പുറത്താണ്. മനുഷ്യ -വന്യജീവി സംഘർഷ നിവാരണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് തയാറാക്കിയ നയരേഖയുടെ കരടിലാണ് മനുഷ്യ ജീവനുകൾ പൊലിഞ്ഞതിന്‍റെയടക്കം കണക്കുകളുള്ളത്.
കാട്ടാന ആക്രമണത്തിൽ -285, കാട്ടുപന്നി -70, കാട്ടുപോത്ത് -11, കടുവ -11, മറ്റുമൃഗങ്ങൾ -17 എന്നിങ്ങനെയാണ് ഇനം തിരിച്ചുള്ള മരണ കണക്ക്. കഴിഞ്ഞ പത്തുവർഷത്തെ വന്യജീവി ആക്രമണ മരണങ്ങളിൽ 67 ശതമാനവും വനത്തിനുപുറത്തുനിന്ന് പാമ്പുകടിയേറ്റാണ് മരിച്ചത്. ഓരോ വർഷവും 2000ഓളം പേർക്ക് പാമ്പുകുടിയേറ്റിരുന്നുവെങ്കിലും സമീപകാലത്ത് കടിയേൽക്കുന്നതിലും മരണങ്ങളിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്.
സംസ്ഥാനത്തെ 75 നിയമസഭ മണ്ഡല പരിധിയിൽ വരുന്ന 273 ഗ്രാമപഞ്ചായത്തുകളെ മനുഷ്യ -വന്യജീവി സംഘർഷ ബാധിത പ്രദേശമായും 30 ഗ്രാമ പഞ്ചായത്തുകളെ ഹോട്ട് സ്പോട്ടുകളായും കണക്കാക്കിയിട്ടുണ്ട്. വന്യജീവി സംഘർഷത്തിന്‍റെ രീതി, തോത്, നാശനഷ്ടങ്ങൾ, പരിഹാര ക്രിയയുടെ വ്യാപ്തി, സംഘർഷ സാധ്യത തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഇനം തിരിച്ചത്.
മാനന്തവാടി, സുൽത്താൻ ബത്തേരി, കുട്ടമ്പുഴ, മാങ്കുളം, നൂൽപ്പുഴ, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, ഇടിമിന്നൽ എന്നിവ തീവ്ര സംഘർഷ ബാധിത പ്രദേശങ്ങളാണ്. അഗളി, ആറളം, ആര്യങ്കാവ്, അയ്യമ്പുഴ, കാന്തല്ലൂർ, കേളകം, കോടശ്ശേരി, കൂവപ്പടി, കോട്ടപ്പാടി, കൊട്ടിയൂർ, കുളത്തൂപ്പുഴ, മീനങ്ങാടി, മുള്ളംകൊല്ലി, പയ്യാവൂർ, പെരിങ്ങമല, പിണ്ടിമന, പൂത്താടി, പുൽപ്പള്ളി, ഷോളയാർ, വെള്ളമുണ്ട, വേങ്ങൂർ എന്നിവയാണ് സംഘർഷ ബാധിത പ്രദേശം.
2014 മുതൽ 2024 വരെയുള്ള 10 വർഷത്തിനിടെ 110 കോടിയിൽ പരം രൂപ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നഷ്ടപരിഹാരമായി നൽകി. 2014 -15 ൽ 7.82 കോടി, 2015 -16ൽ 6.82 കോടി, 2016 -17ൽ 9.64 കോടി, 2017 -18ൽ 10.19 കോടി, 2018 -19ൽ 11.15 കോടി, 2019 -20ൽ 9.30 കോടി, 2020 -21ൽ 10.45 കോടി, 2021- 22ൽ 13.11 കോടി, 2022 -23ൽ 10.49 കോടി, 2023 -24ൽ 21.79 കോടി എന്നിങ്ങനെയാണ് തുക വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

