150 കോടിയുടെ ഫിനോമിനൽ നിക്ഷേപ തട്ടിപ്പ്; കമ്പനി എം.ഡി അറസ്റ്റിൽ
text_fieldsകെ.ഒ.റാഫേൽ
കോഴിക്കോട്: 150 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഫിനോമിനൽ കമ്പനി മേധാവിയെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. ഫിനോമിനൽ ഹെൽത്ത് കെയർ മലയാളി പ്രൈവറ്റ് ലിമിറ്റഡ്മാനേജിങ് ഡയറക്ടർ തൃശൂർ കൊരട്ടി സ്വദേശി കവലക്കാടൻ ഹൗസിൽ കെ.ഒ. റാഫേലിനെയാണ് തമിഴ്നാട്ടിലെ ഹരൂരിൽ ഒളിവിൽ കഴിയവെ കോഴിക്കോട് ക്രൈംബ്രാഞ്ച് സെൻട്രൽ യൂനിറ്റ് അറസ്റ്റുചെയ്തത്.
ഇന്ത്യയിൽ പ്രവർത്തിച്ചുവന്ന ഫിനോമിനൽ ഗ്രൂപ് ഓഫ് കമ്പനിയുടെ ഡയറക്ടർമാരിലൊരാളാണ് റാഫേൽ. കേരളത്തിലെ കമ്പനി പൂട്ടിയ 2018 മുതൽ ഇയാൾ മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ മൊബൈൽ ഫോണും സിം കാർഡും ഓരോ മാസവും മാറ്റി മാറ്റി ഉപയോഗിക്കുകയും സുഹൃത്തുക്കളുടെ പേരിൽ സിം കാർഡ് എടുക്കുകയുമായിരുന്നു രീതി. ഫോൺ ഉപയോഗിച്ചശേഷം സ്വിച്ച് ഓഫ് ചെയ്തുവെക്കുന്നതിനാൽ ലൊക്കേഷനടകം ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് മനസ്സിലാക്കിയത്.
റിട്ട. ബാങ്ക് മാനേജർ എന്ന വ്യാജേനയാണ് ഇയാൾ ഹരൂരിൽ താമസിച്ചത്. ഇയാൾ വിവിധ സ്ഥലങ്ങളിൽ സ്വത്തുക്കൾ വാങ്ങി കൂട്ടിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയുടെയും ബന്ധുക്കളുടെയും ഫോൺവിളികൾ നീണ്ടകാലം പരിശോധിച്ചും ധർമപുരി, കോയമ്പത്തൂർ അടക്കമുള്ള സ്ഥലങ്ങളിൽ നിരന്തരം പരിശോധന നടത്തിയുമാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ഒളിവുകേന്ദ്രം കണ്ടുപിടിക്കാനായത്. കോഴിക്കോട് ക്രൈംബ്രാഞ്ച് സെൻട്രൽ യൂനിറ്റ് പൊലീസ് സൂപ്രണ്ട് ജി. സാബു, ഡിവൈ.എസ്.പി എം. സുരേന്ദ്രൻ എന്നിവരുടെ കീഴിലുള്ള സംഘമാണ് ഫിനോമിനൽ കേസുകളുടെ അന്വേഷണം നടത്തുന്നത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിച്ച കമ്പനി 2009 മുതൽ 2018 വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് നിക്ഷേപകർക്ക് പണം നൽകാതെ പൂട്ടുകയായിരുന്നു. ഒമ്പതുവർഷത്തേക്ക് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ കാലാവധി കഴിയുമ്പോൾ തുകയുടെ ഇരട്ടി തിരിച്ചുനൽകുമെന്നും നിക്ഷേപ കാലയളവിൽ മെഡിക്കൽ അനുകൂല്യങ്ങൾ നൽകുമെന്നുമായിരുന്നു വാഗ്ദാനം.
തട്ടിപ്പിൽ നേപ്പാൾ സ്വദേശിയും മുംബൈയിൽ സ്ഥിരതാമസക്കാരനുമായ കമ്പനി ചെയർമാൻ എൻ.കെ. സിങ്ങിനെ 2021ൽ മുംബൈയിൽ നിന്ന് അറസ്റ്റുചെയ്തിരുന്നു. നിലവിൽ ഇയാൾ ലത്തൂർ ജയിലിലാണ്. ക്രൈംബ്രാഞ്ച് ഡിറ്റക്ടിവ് ഇൻസ്‌പെക്ടർ എം. സജീവ്കുമാർ, സബ് ഇൻസ്‌പെക്ടർ ശശിധരൻ, എ.എസ്.ഐ വി. ബാബു, എസ്.സി.പി.ഒ പി. ഷിബി, സി.പി.ഒമാരായ സജീഷ് കുമാർ, ഷൈബു എന്നിവരടങ്ങിയ സംഘമാണ് റാഫേലിനെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്ത് തൃശൂർ സബ് ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

