ലഹരിയുടെ വേര് തേടി എക്സൈസ് ക്രൈംബ്രാഞ്ച്, ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ പത്ത് പ്രതികൾക്ക് 15 വർഷം തടവും പിഴയും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് എക്സൈസ് ക്രൈംബ്രാഞ്ച് നിലവിൽ വന്ന ശേഷം ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ പത്ത് പ്രതികൾക്ക് 15 വർഷം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും. 2021 സെപ്റ്റംബർ 17ന് നിലമ്പൂർ കൂറ്റമ്പാറയിൽ 182 കിലോ കഞ്ചാവ്, ഒരു കിലോ ഹാഷിഷ് ഓയിൽ എന്നിവ പിടിച്ച കേസിലാണ് മഞ്ചേരി സ്പെഷൽ എൻ.ഡി.പി.എസ് കോടതി ശിക്ഷ വിധിച്ചത്.
സംഭവ സ്ഥലത്തുവെച്ച് നാലുപേരെ അറസ്റ്റ് ചെയ്ത കേസിൽ, ഉത്തരമേഖല എക്സൈസ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് 11 പ്രതികളെ കണ്ടെത്തിയത്. ഇതിൽ പത്ത് പ്രതികളുടെ വിചാരണയാണ് പൂർത്തിയായി ശിക്ഷ വിധിച്ചത്. അടുത്തിടെ പിടിയിലായ രണ്ടാം പ്രതിയുടെ വിചാരണ ഉടൻ ആരംഭിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മയക്കുമരുന്ന് ആന്ധ്രയിൽനിന്നാണ് കടത്തിക്കൊണ്ടുവന്നതെന്ന് തെളിഞ്ഞിരുന്നു. ഈ കൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞു.
മയക്കുമരുന്നിന്റെ വേര് തേടിപ്പോയി പ്രതികളെ കണ്ടെത്തുകയും കടുത്ത ശിക്ഷ വാങ്ങിനൽകുകയും ചെയ്ത എക്സൈസ് ക്രൈംബ്രാഞ്ച് സംഘത്തെ തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചു. സേനക്കാകെ ആത്മവീര്യം പകരുന്നതാണ് ഈ നേട്ടം. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഇത് പ്രചോദനമാകും. ലഹരി കടത്തുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതിനിടെ പിടിയിലാകുന്നവർക്കൊപ്പം, ലഹരിയുടെ വഴി തേടിപ്പോകാനാണ് സർക്കാർ എക്സൈസ് ക്രൈംബ്രാഞ്ച് സേന രൂപവത്കരിച്ചത്. കാര്യക്ഷമമായ ഇടപെടലുകളിലൂടെ ലഹരി കടത്തിന് ശാശ്വതമായി തടയിടാനുള്ള പ്രവർത്തനമാണ് എക്സൈസ് സേന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

