15 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം: ലോക്കപ്പ് മർദനത്തിൽ മുൻ സി.ഐക്കെതിരെ കേസ്
text_fieldsനാദാപുരം (കോഴിക്കോട്): നീതിക്കായി ഒരു യുവാവിന്റെ 15 വർഷം നീണ്ട നിയമപോരാട്ടത്തിന് വിരാമം. കല്ലാച്ചി പയന്തോങ്ങ് വലിയപറമ്പത്ത് രാഗേഷിനെ (39) രണ്ടു ദിവസം പൊലീസ് സ്റ്റേഷനിൽ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ മുൻ നാദാപുരം സി.ഐ ഉദയഭാനുവിനെതിരെ കോടതി കേസെടുത്തു. ഹൈകോടതി നിർദേശപ്രകാരമാണ് നാദാപുരം മജിസ്ട്രേറ്റ് കോടതി നടപടി. നവംബർ മൂന്നിന് നേരിട്ട് ഹാജരാകാൻ മുൻ സി.ഐക്ക് സമൻസ് അയച്ചു. നിലവിൽ അദ്ദേഹം സർവിസിലില്ല.
2011 ഫെബ്രുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. കല്ലാച്ചിയിൽനിന്ന് വില്യാപ്പള്ളിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രാഗേഷിനെ നാദാപുരത്തുവെച്ച് പൊലീസ് ജീപ്പിലെത്തിയ സി.ഐ ഉദയഭാനു കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാദാപുരം സ്റ്റേഷനിലെത്തിച്ച്, വീടിന് ബോംബെറിഞ്ഞ കേസിൽ കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് രണ്ടുദിവസം ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയും ഇടിച്ചും ക്രൂരമായി മർദിച്ചെന്നാണ് രാഗേഷിന്റെ പരാതി.
മർദനമുറകൾക്ക് ശേഷം കേസിൽ പ്രതിചേർത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. സംഭവം നടന്നയുടൻ രാഗേഷ് നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് പരാതി നൽകിയെങ്കിലും സ്വീകരിച്ചിരുന്നില്ല. പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിക്കാൻ ആവശ്യപ്പെട്ട് പരാതി തള്ളുകയായിരുന്നു. കീഴ് കോടതിയിൽനിന്ന് നീതി ലഭിക്കാതെ വന്നതോടെയാണ് രാഗേഷ് ഹൈകോടതിയെ സമീപിച്ചത്.
ലോക്കപ്പ് മർദന പരാതി സ്വീകരിക്കാത്ത മജിസ്ട്രേറ്റ് കോടതി നടപടിയെ ഹൈകോടതി രൂക്ഷമായി വിമർശിച്ചു. തുടർന്ന് നാദാപുരം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും കേസ് വീണ്ടും പരിഗണിച്ച് ഉചിത തീരുമാനമെടുക്കാൻ നിർദേശം നൽകുകയുമായിരുന്നു.
ഹൈകോടതി നിർദേശപ്രകാരം കേസ് വീണ്ടും വാദത്തിനെടുത്ത നാദാപുരം മജിസ്ട്രേറ്റ് കോടതി, മുൻ സി.ഐക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് കണ്ടെത്തി. കേസിന്റെ തുടക്കംമുതൽ രാഗേഷിനുവേണ്ടി അഡ്വ. എം. സിജുവാണ് ഹാജരായത്.
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോടതിയിൽനിന്ന് അനുകൂല നടപടിയുണ്ടായതോടെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം കൂടുതൽ ശക്തമായതായി രാഗേഷ് പ്രതികരിച്ചു. ശാരീരിക അവശതകൾ കാരണം ഇപ്പോഴും ശരിയായ നിലയിൽ ജോലിചെയ്യാൻ ഇദ്ദേഹത്തിന് സാധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

