മാലിന്യക്കിറ്റില്‍ 15 പവന്‍; ഉടമക്ക് തിരിച്ചു നല്‍കി ഹരിതസേന അംഗങ്ങള്‍
text_fieldsസ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പഴ്സ് തിരികെ നല്‍കിയ ഹരിതകര്‍മ സേന അംഗങ്ങളെ വാര്‍ഡ് വികസനസമിതി
പ്രവര്‍ത്തകര്‍ അനുമോദിക്കുന്നു
ഹരിതസേന അംഗങ്ങള്‍
തൃപ്പൂണിത്തുറ: മാലിന്യക്കിറ്റില്‍നിന്ന് ലഭിച്ച 15 പവന്‍ സ്വര്‍ണം തിരിച്ചു നല്‍കി മാതൃകയായി ഹരിതസേന അംഗങ്ങള്‍. ഉദയംപേരൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലെ ഹരിതകര്‍മസേന അംഗങ്ങളായ നാട്ടുവഴി വെളിയില്‍ റീജാ സന്തോഷ്, പുതുക്കുളങ്ങരയില്‍ സുജി വിനീഷ് എന്നിവരാണ് ഒരു വീട്ടിലെ വേസ്റ്റില്‍നിന്ന് ലഭിച്ച 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പഴ്‌സ് ഉടമക്ക് തിരികെ നല്‍കിയത്.
വീട്ടില്‍നിന്ന് മാലിന്യക്കിറ്റുകളുമായി പോയ ഹരിതസേന അംഗങ്ങള്‍ തിരികെ എത്തിയപ്പോള്‍ വീട്ടുകാര്‍ക്ക് ആദ്യം കാര്യം മനസ്സിലായില്ല. ഉടൻ മാലിന്യങ്ങള്‍ക്കിടയില്‍നിന്ന് ഒരു പഴയ പഴ്‌സ് എടുത്തു നല്‍കി, തുറന്നുനോക്കിയ വീട്ടുകാർ പൊഴിച്ചത് ആനന്ദക്കണ്ണീര്‍.
നഷ്ടപ്പെട്ടെന്ന് കരുതി ദിവസങ്ങളായി അന്വേഷിച്ചു നടന്നിരുന്ന തങ്ങളുടെ സമ്പാദ്യം തിരികെ കിട്ടിയതിന്‍റെ സന്തോഷം വീട്ടുടമക്കും സത്യസന്ധത തെളിയിക്കാനായതിന്‍റെ അഭിമാനം റീജക്കും സുജിക്കും.
രാജേഷ് എന്നയാളുടെ വീട്ടില്‍നിന്ന് കൊണ്ടുപോയ ചാക്കില്‍ നല്‍കിയ അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുമ്പോഴാണ് പഴ്സ് കിട്ടിയത്. തുറന്നുനോക്കിയപ്പോള്‍ അതില്‍ സ്വര്‍ണമാലയും വളയും മറ്റ് ആഭരണങ്ങളുമായിരുന്നു. തൂക്കം നോക്കാനോ അളന്നു തിട്ടപ്പെടുത്താനോ ഒന്നും നില്‍ക്കാതെ ഉടന്‍ വീട്ടുകാരെ കണ്ടെത്തി കൈമാറുകയായിരുന്നുവെന്ന് പഞ്ചായത്തിലെ ഹരിതകര്‍മസേനയുടെ പ്രസിഡന്‍റ് കൂടിയായ റീജ പറഞ്ഞു.
മാതൃകപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചതിന് ഹരിതകര്‍മസേന അംഗങ്ങളെ വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സജിത മുരളി, സുധ നാരായണന്‍, വാര്‍ഡ് വികസന സമിതി അംഗങ്ങളായ ശ്രീജിത്ത് ഗോപി, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങളര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

