പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിക്ക് ഒന്നര ലക്ഷം നഷ്ടപരിഹാരം; തുക പൊലീസ് ഉദ്യോഗസ്ഥയില്‍നിന്ന് ഈടാക്കും
text_fieldsതിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം. ഒന്നര ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥ രജിതയില്‍നിന്ന് ഈടാക്കണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. കോടതി ചെലവിനത്തിൽ 25,000 രൂപയും ഇവരിൽനിന്ന് ഈടാക്കും. കോടതി ഉത്തരവനുസരിച്ചാണ് സർക്കാർ നടപടി. പെൺകുട്ടിയുടെ പിതാവ് ജയചന്ദ്രൻ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 27നായിരുന്നു സംഭവം. ഐ.എസ്.ആർ.ഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നക്കൽ സ്വദേശി ജയചന്ദ്രനെയും എട്ടുവയസ്സുകാരിയായ മകളെയുമാണ് മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ഉദ്യോഗസ്ഥ നടുറോഡിൽ പരിശോധിച്ചത്. ഒടുവിൽ പൊലീസ് വാഹനത്തിലുണ്ടായിരുന്ന ബാഗിൽ മൊബൈൽ കണ്ടെത്തി. എന്നിട്ടും പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നായിരുന്നു ജയചന്ദ്രന്റെ ആരോപണം. ബാലാവകാശ കമീഷൻ ഉടൻ ഇടപെട്ട് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥക്ക് അനുകൂലമായ റിപ്പോർട്ടാണ് ഡിവൈ.എസ്.പി നൽകിയത്.
തുടർന്ന് ജയചന്ദ്രൻ ഡി.ജി.പിക്ക് പരാതി നൽകി. ആഗസ്റ്റ് 31ന് ഐ.ജി ഹർഷിത അട്ടല്ലൂരിയോട് അന്വേഷിക്കാൻ ഡി.ജി.പി ഉത്തരവിട്ടു. എന്നാൽ, ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇവരും ആവർത്തിച്ചു. തുടർന്ന് ജയചന്ദ്രൻ എസ്.എസി, എസ്.ടി കമീഷനെ സമീപിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ യൂനിഫോം ധരിച്ചുള്ള ജോലികളിൽനിന്ന് ഒഴിവാക്കണമെന്ന് കമീഷൻ പൊലീസിനോട് നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

