15 കുടുംബശ്രീ ബ്രാൻഡഡ് ഉൽപന്നങ്ങൾ വിപണിയിലേക്ക്
text_fieldsകുടുംബശ്രീ ബ്രാൻഡഡ് കറിപൗഡറുകൾ, ആട്ട
മലപ്പുറം: കുടുംബശ്രീ ബ്രാൻഡഡ് ഉൽപന്നങ്ങൾ പൊതുവിപണിയിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് വിപുലമായ പദ്ധതി. മലപ്പുറം, കോട്ടയം ജില്ലകളിൽ ഉൽപാദിപ്പിച്ച കറിപൗഡർ, ഫ്ളോർമിൽ യൂനിറ്റുകളുടെ 15 കുടുംബശ്രീ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ ലോഞ്ചിങ് ജനുവരി 12ന് മലപ്പുറം റോസ് ലോഞ്ച് കൺവൻഷൻ സെന്ററിൽ എം.ബി. രാജേഷ് നിർവഹിക്കും.
രാവിലെ 11.30ന് നടക്കുന്ന പരിപാടിയിൽ പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിക്കും. ഉൽപന്നങ്ങൾക്ക് ഏകീകൃത സ്വഭാവം നൽകുകയും ഉൽപാദനം, സംഭരണം, വിപണനം എന്നിവക്ക് പൊതുമാനദണ്ഡം കൊണ്ടുവരുകയും ചെയ്യും. ഒരേ സ്വഭാവമുള്ള സംരംഭങ്ങൾ കൂട്ടിയോജിപ്പിച്ച് ഏകീകൃത ബ്രാൻഡിലും പാക്കിലും ഉൽപന്നങ്ങൾ പൊതുവിപണിയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കെ. കക്കൂത്ത് പറഞ്ഞു.
2019-‘20ൽ കണ്ണൂരിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി മലപ്പുറം, കോട്ടയം, തൃശൂർ, കാസർകോട്, പത്തനംതിട്ട, കൊല്ലം ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. മലപ്പുറത്തെ 81ഉം കോട്ടയത്തെ 14ഉം തൃശ്ശൂരിലെ 15ഉം സംരംഭകർ നിർമിക്കുന്ന കറിപൗഡർ ഉൽപന്നങ്ങളും അരിപ്പൊടി, പുട്ടുപൊടി തുടങ്ങിയവയുമാണ് കുടുംബശ്രീ ബ്രാൻഡിൽ ഇപ്പോൾ വിപണിയിലിറക്കുന്നത്.
കാസർകോട്, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവർത്തനം അവസാനഘട്ടത്തിലാണ്. ബ്രാൻഡിങിന്റെ ജില്ലതല ഏകോപനം ലക്ഷ്യമിട്ട് രൂപവത്കരിച്ച കൺസോർട്യത്തിന് കീഴിലാണ് ഉൽപന്നങ്ങളുടെ മാർക്കറ്റിങും അസംസ്കൃത വസ്തുക്കളുടെ ശേഖരണവും ഉൾപ്പെടെ നടക്കുന്നത്. അടുത്ത ഘട്ടമായി സ്വകാര്യ വിതരണ കമ്പനികളുമായി കരാറിലേർപ്പെട്ട്, സൂപ്പർ-ഹൈപർ മാർക്കറ്റുകളിലൂടെ വിപണിയിലെത്തിക്കും.
വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വിപണനം സാധ്യമാക്കാനും ലക്ഷ്യമുണ്ട്. വാർത്തസമ്മേളനത്തിൽ പ്രോഗ്രാം മാനേജർ പി. റിനീഷ്, ആർ.പി. റിസ്വാന ഹബീബ്, വി. ബിന്ദു, കെ. അനിത, പി. വിനോദ് എന്നിവരും പങ്കെടുത്തു.
ജില്ലയിൽനിന്ന് എട്ട് ഉൽപന്നങ്ങൾ
മലപ്പുറം: ജില്ലയിൽ 28 സംരംഭങ്ങളിൽനിന്നുള്ള എട്ട് ഉൽപന്നങ്ങളാണ് നിലവിൽ കുടുംബശ്രീ ബ്രാൻഡ് ചെയ്തത്. ഇവയിൽ ആറെണ്ണം കറിപൗഡറും ബാക്കി ഫ്ളോർമിൽ യൂനിറ്റുകളുടെ പുട്ടുപൊടി, അരിപ്പൊടി തുടങ്ങിയവയുമാണ്. ഓരോ ഉൽപന്നവും ഓരോ ക്ലസ്റ്ററിന് കീഴിലാണ്.
ഇവയുടെ ഏകോപനത്തിന് ജില്ലതല കൺസോർട്യമുണ്ട്. കുടുംബശ്രീയുടെ ജില്ലയിലെ 50 ഔട്ട്ലെറ്റുകളിലും പെരിന്തൽമണ്ണ, മങ്കട, അരീക്കോട്, കൊണ്ടോട്ടി, തിരൂരങ്ങാടി, വേങ്ങര േബ്ലാക്കുകളിലെ ഹോംഷോപ്പുകളിലും ഉൽപന്നം ലഭിക്കും. രണ്ടാംഘട്ടത്തിൽ പൊതുവിപണിയിലും എത്തിക്കും. ജില്ലയിൽ ബ്രാൻഡിങിന് തെരഞ്ഞെടുത്ത 81 സംരംഭങ്ങളിൽ ബാക്കി 53 എണ്ണവുമായി ബന്ധപ്പെട്ട പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ജില്ല മിഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

