ഒരു ആശുപത്രിയിലെ 15 ജീവനക്കാർ സ്ഥാനാർഥികൾ
text_fieldsതലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിലെ ജീവനക്കാരായ സ്ഥാനാർഥികൾ ആശുപത്രി പ്രസിഡൻറ് മമ്പറം ദിവാകരനോടൊപ്പം
കണ്ണൂർ: തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലെ ജീവനക്കാർ തെരഞ്ഞെടുപ്പ് വാർഡിലാണ്. ഇൗ ആശുപത്രിയിലെ 15 ജീവനക്കാരാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിൽ പോരാടുന്നത്. എല്ലാവരും യു.ഡി.എഫ് സ്ഥാനാർഥികളായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
നഗരസഭ, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് ഡിവിഷൻ എന്നിവിടങ്ങളിലേക്കാണ് ഇവിടെ നിന്നുള്ള മത്സരാർഥികൾ. കൂടുതൽ പേരും പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. ഒരാൾ ബ്ലോക്ക് ഡിവിഷനിലേക്കും.
ഇതിൽ ആറുപേർ പിണറായി പഞ്ചായത്തിൽ നിന്നാണ് ജനവിധി തേടുന്നത്. പിണറായി പഞ്ചായത്തിൽ നാലാം വാർഡിൽ എം. ബിന്ദു, അഞ്ചാം വാർഡിൽ പി.എം. വിജയലക്ഷ്മി, ഏഴാം വാർഡിൽ പി. മഹേഷ്, 14ാം വാർഡിൽ പി. സുലോചന, 16ൽ പി. ബീന, 17ൽ കെ.വി. പ്രതിഭ എന്നിവരാണ് മത്സരിക്കുന്നത്.
ആന്തൂർ നഗരസഭയിൽ 19ാം വാർഡിൽ സുരേശൻ, തലശ്ശേരി നഗരസഭയിൽ 19ൽ എം.പി. സതി, 39ൽ പി. ശ്രീജ എന്നിവരും മത്സരിക്കുന്നു. പാട്യം പഞ്ചായത്തിൽ നാലാം വാർഡിൽനിന്ന് കെ. ഹരീന്ദ്രനാണ് മത്സരിക്കുന്നത്. എടക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മാവിലായി ഡിവിഷനിൽനിന്ന് ദീപു മാവിലായിയാണ് ജനവിധി തേടുന്നത്.
ധർമടം പഞ്ചായത്ത് 18ാം വാർഡിൽ നിന്ന് എം.പി. സിമി, എരഞ്ഞോളി 11ൽ കെ. ഉഷ, പന്ന്യന്നൂർ 11ൽ എം.കെ. സുമതി, മാലൂർ നാലാം വാർഡിൽ ഷൈന പ്രമോദ് എന്നിവരാണ് മത്സരരംഗത്തുള്ളത്. ഇതിൽ ദീപു, സുലോചന, സിമി, സുമതി, പ്രതിഭ, വിജയലക്ഷ്മി, മഹേഷ് ഹരീന്ദ്രൻ, സുരേശൻ, ബിന്ദു എന്നിവർ രണ്ടാം തവണയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഞ്ചുപേർ ഇത്തവണ കന്നിയങ്കത്തിലാണ്.

