മലയാളം സർവകലാശാല ഭൂമിയിടപാടിൽ നടന്നത് 15 കോടിയുടെ അഴിമതി; കെ.ടി. ജലീൽ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തത് തന്നെ തട്ടിപ്പ് നടത്താനെന്ന് ഫിറോസ്
text_fieldsകോഴിക്കോട്: മലയാളം സർവകലാശാലക്കുവേണ്ടി 17.65 കോടി രൂപക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ, മന്ത്രിയായിരുന്ന കെ.ടി. ജലീൽ പ്രത്യേക താൽപര്യത്തോടെ ഇടപെട്ടതായി മുസ്‍ലിം യൂത്ത്‍ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ഇതിന്റെ രേഖകൾ അദ്ദേഹം വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടു.
സർവകലാശാലക്കുവേണ്ടി വെട്ടത്ത് ഭൂമി ഏറ്റെടുത്തത് കുറഞ്ഞ വിലക്ക് ഭൂമി നൽകാമെന്ന ആതവനാട്ടെ ഭൂവുടമകളുടെ വാഗ്ദാനം തള്ളിയാണ്. ഇതിന് ജലീൽ വഴിവിട്ട് ഇടപെടൽ നടത്തുകയും കോടതി ഉത്തരവ് മറികടക്കുകയും ചെയ്തുവെന്ന് ഫിറോസ് രേഖകൾ സഹിതം ആരോപിച്ചു. 15 കോടി രൂപയുടെ അഴിമതിയാണ് ഭൂമി ഇടപാടിൽ നടന്നത്. ഈ അഴിമതിക്ക് കുട്ടുനിൽക്കാൻ മുൻ വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് തയാറാവാതെ വന്നപ്പോഴാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് പദവിയിലേക്ക് ജലീലിനെ കൊണ്ടുവന്നത്.
യു.ഡി.എഫിന്റെ കാലത്താണ് സർവകലാശാല ഭൂമിക്ക് വില നിശ്ചയിച്ചതെന്ന വാദമാണ് കെ.ടി. ജലീൽ മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ, യു.ഡി.എഫ് ഭരണത്തിന്റെ അവസാന കാലത്ത് മലപ്പുറം ജില്ല കലക്ടർ നൽകിയ നിർദേശം സർക്കാറിന് ലഭിച്ചത് ഇടതുപക്ഷം ഭരിച്ച 2016 ജൂൺ 23നാണെന്നും ഫിറോസ് പറഞ്ഞു. ഭൂമിയുടെ വില പോലും നിശ്ചയിച്ച് സർക്കാറിലേക്ക് അയക്കുന്നത് ഇടതു ഭരണകാലത്ത് ആണെന്നിരിക്കേ നേരത്തേ വില നിശ്ചയിച്ചുവെന്ന കെ.ടി. ജലീലിന്റെ ആരോപണം പച്ചക്കള്ളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആതവനാട്ടെ ഭൂമിയും വെട്ടം വില്ലേജിലെ മറ്റൊരു ഭൂമിയും ഏറ്റെടുക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് യു.ഡി.എഫ് സർക്കാർ ഉത്തരവുകൾ ഇറക്കിയിരുന്നു. എന്നാൽ, യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഒരു ഭൂമിയും വില നിശ്ചയിച്ച് ഏറ്റെടുക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുത്തിരുന്നില്ല.
2018ൽ കെ.ടി. ജലീൽ തദ്ദേശ വകുപ്പ് ഒഴിഞ്ഞ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തതുതന്നെ ഭൂമി തട്ടിപ്പിന് നേതൃത്വം നൽകാനാണ്. ആതവനാട്ടെ ഭൂവുടമകൾ കേരള ഹൈകോടതിയിൽ 2019 ജനുവരി ഒമ്പതിന് അവരുടെ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ആറാഴ്ചക്കകം ഹരജിക്കാരുമായി സംസാരിച്ച് തീരുമാനമെടുക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീൽ അപ്പീൽ പോകാനാണ് തീരുമാനിച്ചത്. വെട്ടത്തെ ഭൂമിക്ക് ആവശ്യമായി വരുന്ന വിലയുടെ പകുതിയിൽ താഴെ വിലക്ക് ഭൂമി നൽകാൻ ആതവനാട്ടെ ഉടമകൾ തയാറായിട്ടും, ഹൈകോടതി ഉത്തരവുണ്ടായിട്ടും കെ.ടി. ജലീൽ അട്ടിമറിച്ചത് തനിക്കും സ്വന്തക്കാർക്കും കോടികളുടെ അഴിമതി നടത്താനായിരുന്നു.
മന്ത്രി വി. അബ്ദുറഹ്മാന്റെ സഹോദര പുത്രന്മാർക്കും ഇടതു സ്ഥാനാർഥിയായിരുന്ന ലില്ലീസ് ഗഫൂറിനും സഹോദരങ്ങൾക്കും പണം അനുവദിക്കാൻ കെ.ടി. ജലീൽ ആവശ്യപ്പെട്ടതിന്റെയും ആതവനാട്ടെ ഭൂമി ഏറ്റെടുക്കാനുള്ള ഹൈകോടതി നിർദേശത്തിനെതിരെ അപ്പീൽ പോകാൻ ജലീൽ സ്വന്തം നിലക്ക് ആവശ്യപ്പെട്ടതിന്റെയും രേഖകളുടെ പകർപ്പുകൾ ഫിറോസ് പുറത്തുവിട്ടു. ഈ ഇടപാടിലൂടെ നേടിയത് 15 കോടിയോളം രൂപയാണ്. ഈ കൊള്ളയിൽ നിന്ന് കിട്ടിയ പണമാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂർ, തിരൂർ, തവനൂർ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ ഉപയോഗിച്ചതെന്നും ഫിറോസ് ആരോപിച്ചു. ജലീലിന്റെ നേതൃത്വത്തിൽ നടന്ന അഴിമതി വിജിലൻസോ സി.ബി.ഐയോ അന്വേഷിക്കണം. യൂത്ത് ലീഗ് പോരാട്ടം തുടരുമെന്നും ഫിറോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

