രക്ഷാപ്രവർത്തനത്തിന് 141 പേർ കൂടി; ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം അഭിമാനകരമായ കർമസേനയെന്ന് രമേശ് ചെന്നിത്തല
text_fieldsഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കുന്നു
തൃശൂർ: ഭാഷക്കോ ഏതൊരുതരത്തിലുള്ള വേര്‍തിരിവുകള്‍ക്കോ അപ്പുറം നിന്നുകൊണ്ട്, മനുഷ്യജീവനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏറ്റവും അഭിമാനകരമായ കർമസേനയാണ് കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമെന്ന് ആഭ്യന്തര, വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തല.
വിയ്യൂര്‍ കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വിസസ് അക്കാദമിയില്‍ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫിസര്‍മാരുടെയും പുതുച്ചേരി ഫയര്‍ സര്‍വിസില്‍ നിന്ന് പരിശീലനത്തിനെത്തിയ എക്‌സ്റ്റേണല്‍ ഫയര്‍മാന്‍ കോഴ്‌സിലെ പരിശീലനാർഥികളുടെയും സംയുക്ത പാസിങ് ഔട്ട് പരേഡില്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു അപകടമുണ്ടാകുമ്പോള്‍, ആളുകള്‍ പരിഭ്രാന്തരായി നില്‍ക്കുന്ന നിമിഷത്തില്‍, ഏറ്റവും വേഗത്തില്‍ അവിടെ ഓടിയെത്തി ജീവന്റെ കാവലാളായി മാറുന്നവരാണ് കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം. ആ വേഗതയും സമയബന്ധിതമായ ഇടപെടലുമാണ് ഈ സേനയുടെ ഏറ്റവും വലിയ കരുത്ത്. മറ്റാര്‍ക്കും എത്താന്‍ കഴിയാത്തിടത്തേക്ക് കടന്നുചെല്ലാനും, ആളുകളുടെ പ്രതീക്ഷയും ധൈര്യവുമായി മാറാനും തയാറാകുന്നവരുടെ യൂനിഫോമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രകൃതിദുരന്തങ്ങളിലും മറ്റു അടിയന്തര സാഹചര്യങ്ങളിലുമെല്ലാം ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്ന വലിയ ദൗത്യം കൂടി ഏറ്റെടുക്കുന്നതുകൊണ്ടാണ്, കേരളം ഈ സേനയെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസസ് എന്ന് പുനര്‍നാമകരണം ചെയ്തത്. പരിശീലന കാലയളവില്‍ നേടിയ അറിവും നൈപുണ്യവും ആത്മവിശ്വാസവും അച്ചടക്കവും സേവനകാലം മുഴുവന്‍ ഫലപ്രദമായി വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
74 ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫിസര്‍മാരും 16 ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫിസര്‍മാരും (ഡ്രൈവര്‍), പുതുച്ചേരി ഫയര്‍ സര്‍വിസില്‍ നിന്ന് പരിശീലനത്തിനായി എത്തിയ 10-മത് എക്‌സ്റ്റേണല്‍ ഫയര്‍മാന്‍ കോഴ്‌സിലെ 39 പരിശീലാനാർഥികളും 11-മത് എക്‌സ്റ്റേണല്‍ ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപറേറ്റര്‍ കോഴ്‌സിലെ 12 പരിശീലനാർഥികളും ഉള്‍പ്പെടെ ആകെ 141 പേരുടെ സംയുക്ത പാസിങ് ഔട്ട് പരേഡാണ് നടന്നത്.
ഇതില്‍ പങ്കെടുത്ത 141 പരിശീലനാർഥികളില്‍ എം.എ യോഗ്യതയുള്ള മൂന്നു പേരും, എം.കോം യോഗ്യതയുള്ള രണ്ട് പേരും, എം.എസ്.സി യോഗ്യതയുള്ള മൂന്ന് പേരും, എം.സി.എ, എം.എഡ്, എം.എസ്.ഡബ്ല്യു യോഗ്യതയുള്ള ഒരാള്‍ വീതവും ഉള്‍പ്പെടുന്നു.
പരിശീലനത്തിന്റെ ഭാഗമായി അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനം, അടിയന്തര സാഹചര്യങ്ങളെ നേരിടല്‍, വിവിധ രക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, ഫയര്‍ഫൈറ്റിങ് സാങ്കേതികവിദ്യകള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രായോഗികവും സാങ്കേതികവുമായ പരിശീലനം നല്‍കി. ശാരീരികക്ഷമത, അച്ചടക്കം, സേവന മനോഭാവം എന്നിവ വളര്‍ത്തുന്നതിനും പരിശീലനത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

