ബസ് റിഫർബിഷ്മെന്റ് പദ്ധതി കെ.എസ്.ആർ.ടി.സിക്ക് വലിയ സാമ്പത്തിക നേട്ടമാകുമെന്ന് സി.പി ജോൺ; നവീകരണം പൂർത്തിയാക്കിയ 14 ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന ബസ് നവീകരണ (റീഫർബിഷ്‌മെന്റ്) പദ്ധതി കോർപ്പറേഷന് വലിയ സാമ്പത്തിക നേട്ടമാകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഒരു പുതിയ ബസ് വാങ്ങുന്ന തുക ഉപയോഗിച്ച് പത്ത് ബസുകൾ അറ്റകുറ്റപ്പണികൾ നടത്തി സർവീസിനായി നിരത്തിലിറക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ പദ്ധതിയുടെ ആദ്യഘട്ടത്തിൽ നവീകരണം പൂർത്തിയാക്കിയ 14 ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഡീലക്സ് വിഭാഗത്തിൽപ്പെട്ട ബസുകൾക്ക് ശരാശരി രണ്ടര ലക്ഷം രൂപയും എഫ്.പി, എസ്.എഫ്.പി, ബി.ടി.സി തുടങ്ങിയ മറ്റ് വിഭാഗങ്ങളിലുള്ള ബസുകൾക്ക് ശരാശരി ഒന്നര ലക്ഷം രൂപയുമാണ് നവീകരണത്തിനായി ചെലവഴിക്കുന്നത്. വാഹനങ്ങളുടെ അകവും പുറവും മനോഹരമാക്കുന്നതിനൊപ്പം മെക്കാനിക്കൽ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, സീറ്റുകൾ, ലൈറ്റിങ്, തറ, വിൻഡോകൾ തുടങ്ങിയവയെല്ലാം പൂർണ്ണമായി പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ അഞ്ച് വർക്ക്ഷോപ്പുകളിലായാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും യൂനിയനുകളുടെയും കഠിനശ്രമഫലമായാണ് ആദ്യഘട്ടം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും മന്ത്രി അഭിനന്ദിച്ചു.
യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സൂപ്പർ ക്ലാസ് ശ്രേണിയിലെ 26 ബസുകളും, ഫാസ്റ്റ് പാസഞ്ചർ/സൂപ്പർ ഫാസ്റ്റ് ശ്രേണിയിലെ 52 ബസുകളും, ഓർഡിനറി വിഭാഗത്തിലെ 22 ബസുകളും ഉൾപ്പെടെയുള്ളവയാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാലാവധി കഴിഞ്ഞെങ്കിലും സാങ്കേതികമായി മികച്ച രീതിയിൽ പുനരുപയോഗിക്കാൻ കഴിയുന്ന ബി.എസ് 3, ബി.എസ് 4 വിഭാഗത്തിൽപ്പെടുന്ന ബസുകളാണ് നിലവിൽ നവീകരിക്കുന്നത്.
എഞ്ചിന്റെ പ്രവർത്തനക്ഷമത പ്രത്യേകം പരിശോധിച്ച് റീകണ്ടീഷനിങ് നടത്തുമ്പോൾ ഇത്തരം ബസുകളിൽ മലിനീകരണ തോത് 80 മുതൽ 85 ശതമാനം വരെ കുറഞ്ഞതായി പരിശോധനാ ഫലങ്ങളിലുണ്ട്. കാലാകാലങ്ങളിൽ ഇത്തരം നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ബസുകളുടെ ഉപയോഗകാലം വർധിപ്പിക്കാൻ സാധിക്കുമെന്നും, പുതിയ ബസുകൾ വാങ്ങുന്നതിനൊപ്പം നിലവിലുള്ള വാഹനശേഷി കാര്യക്ഷമമായി ഉപയോഗിക്കാൻ പദ്ധതി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ 'പ്രോജക്ട് സൂര്യ' പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി സി.പി. ജോൺ നിർവഹിച്ചു. ബസുകൾ റിഫർബിഷ് ചെയ്ത മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. വാർഡ് കൗൺസിലർ ആർ. ഹരികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാർ, ഫിനാൻഷ്യൽ അഡ്വൈസർ എ. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

