തിരുവനന്തപുരം വിമാനത്താവളത്തില്‍ 1.32 കോടിയുടെ സ്വര്‍ണം പിടികൂടി
text_fieldsഅധികൃതർ പിടിച്ചെടുത്ത സ്വര്‍ണവും സിഗരറ്റും
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ രണ്ടു യാത്രക്കാരില്‍നിന്ന് 2.063 കിലോഗ്രാം സ്വര്‍ണവും 4.42 ലക്ഷം രൂപ വിലവരുന്ന സിഗരറ്റും പിടികൂടി.
പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 1.32കോടി വില മതിക്കുന്നു. ഒന്നാമത്തെ കേസില്‍ ശനിയാഴ്ച രാവിലെ അബൂദബിയില്‍നിന്നെത്തിയ ഫ്ലൈറ്റ് നമ്പര്‍ 3 എല്‍ -133 എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍നിന്ന് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ കൊണ്ടുവന്ന 983.43 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. പൊടി രൂപത്തിലാക്കിയ സ്വര്‍ണം രാസവസ്തുക്കളുമായി കൂട്ടിക്കലര്‍ത്തി മൂന്ന് ക്യാപ്സൂളുകളായി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കൊണ്ടുവന്നത്. ക്യാപ്സൂളുകളില്നിന്ന് വേര്‍തിരിച്ച് ബാര്‍ രൂപത്തിലാക്കിയപ്പോള്‍ 24 കാരറ്റിന്റെ 983.43 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് വിപണിയില്‍ 63 ലക്ഷം രൂപ വിലവരും.
രണ്ടാമത്തെ സംഭവത്തില്‍ വെള്ളിയാഴ്ച അബൂദബിയില്‍നിന്നെത്തിയ ഫ്ലൈറ്റ് നമ്പര്‍ ഐ എക്സ് 538 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 1.08 കിലോ വരുന്ന സ്വര്‍ണം പിടികൂടി. സ്വര്‍ണം പൊടി രൂപത്തിലാക്കിയ ശേഷം രാസവസ്തുക്കളുമായി കൂട്ടിക്കലര്‍ത്തി നാല് ക്യാപ്സൂളുകളിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പൊതുവിപണിയില്‍ ഇതിന് 69.39 ലക്ഷം രൂപ വില വരും. സ്വര്ണത്തിനുപുറമെ, കഴിഞ്ഞദിവസം ബഹ്െറെനില്നിന്നെത്തിയ ഫ്ലൈറ്റ് നമ്പര്‍ ജി.എഫ് 260 ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് എയര്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഗോള്‍ഡ് ഫ്ലേക്ക് സിഗരറ്റിന്റെ 26,000 സ്റ്റിക്കുകള്‍ പിടികൂടിയിരുന്നു. ഇതിന് വിപണിയില്‍ 4.42 ലക്ഷം രൂപ കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

