പാലിയേക്കര ടോളിന് 13 വർഷം; പിരിച്ചത് 1521 കോടി
text_fieldsതൃശൂർ: മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസയിൽ വാഹനങ്ങൾക്ക് ചുങ്കപ്പിരിവ് തുടങ്ങിയിട്ട് വരുന്ന ഞായറാഴ്ച 13 വർഷം. ഹൈവേ എൻജിനിയർമാരുടെ ഉന്നതസമിതിയായ ഇന്ത്യൻ റോഡ് കോൺഗ്രസ് നിർദേശിക്കുന്നതും കരാർ പ്രകാരമുള്ളതുമായ സുരക്ഷകളൊന്നും ഒരുക്കാതെ ടോൾ കമ്പനി ഇക്കാലംകൊണ്ട് പിരിച്ചത് 1,521 കോടി രൂപയാണ്.
കരാർ പ്രകാരമുള്ള നിർമാണ പ്രവൃത്തികൾ, പ്രത്യേകിച്ച് സുരക്ഷ ക്രമീകരണങ്ങൾ, പൂർത്തിയാക്കാതെയാണ് കമ്പനി ഇപ്പോഴും ടോൾ പിരിക്കുന്നതെന്ന് തൃശൂർ ജില്ല കോൺഗ്രസ് വൈസ് പ്രസിഡന്‍റും ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. സുരക്ഷ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ച 11 ബ്ലാക് സ്പോട്ടുകളിൽ അഞ്ചിടത്ത് മാത്രമാണ് പരിഹാര പ്രവർത്തനം തുടങ്ങിയത്. നടത്തറ, മരത്താക്കര, പോട്ട ആശ്രമം ജംഗ്ഷൻ, പുതുക്കാട്, കൊടകര, പേരാമ്പ്ര എന്നിവിടങ്ങളിലും 30ഓളം തീവ്ര അപകട സാധ്യതകളുള്ള കവലകളിലും അപകട സാധ്യതയുള്ള 20 ജങ്ഷനുകളിലും കമ്പനി ഒന്നും ചെയ്തിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നതായി ടാജറ്റ് പറഞ്ഞു.
നിരന്തരം അപകടം ഉണ്ടാകുന്ന പുതുക്കാട് കെ.എസ്.ആർ.ടി.സി ജങ്ഷനിൽ പോലും ഒന്നും ചെയ്യാത്തത് ഗുരുതര വീഴ്ചയാണ്. ഇത്തരം ജങ്ഷനുകളിൽ പരിഹാര നടപടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഒരു മറുപടിയും നൽകിയിട്ടില്ല. 2022 നവംബറിൽ നടന്ന സുരക്ഷ ഓഡിറ്റിന്‍റെ റിപ്പോർട്ടിൽ 11 ബ്ലാക്ക് സ്പോർട്ടുൾപ്പെടെ അമ്പതോളം കവലകളിൽ മേൽപാലം, അടിപ്പാത, യു ടേൺ ട്രാക്ക്, സൈൻ ബോർഡ് തുടങ്ങിയവ നിർദേശിച്ചിരുന്നു. ഇതൊന്നും നടപ്പാക്കിയിട്ടില്ല.
കരാർ ലംഘനത്തിന്‍റെ പേരിൽ കരാറിൽനിന്നും കമ്പനിയെ പുറത്താക്കാൻ ദേശീയപാത അതോറിറ്റി നോട്ടീസ് നൽകുകയും 2243.53 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ആർബിട്രേഷണൽ ട്രിബ്യൂണലിലുള്ള കേസിൽനിന്നും സംസ്ഥാന സർക്കാർ ഒഴിവായത് കമ്പനിയെ പുറത്താക്കാനുള്ള അവസരം ഇല്ലാതാക്കലാണ്. കരാർ കാലാവധി തീരാൻ മൂന്ന് വർഷമുള്ളപ്പോൾ ഇനിയും കരാർ ലംഘിച്ച് യാത്രക്കാരെ കൊള്ളയടിക്കാൻ കമ്പനിയെ അനുവദിക്കരുതെന്ന് ടാജറ്റ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിയിലുള്ള കേസിലും സർക്കാറിന് മൗനമാണ്.
പ്രതിദിനം 42,000 വാഹനങ്ങൾ ടോൾ നൽകി ഇതുവഴി കടന്നു പോകുന്നുണ്ടെന്നും 52 ലക്ഷം രൂപ പിരിച്ചെടുക്കുന്നുണ്ടെന്നും വിവരവാകാശ രേഖയിൽ പറയുന്നു. 2028ൽ കാലാവധി തീരുമെങ്കിലും ‘ഭാരത് മാല പരിയോജന’യിൽ ഈ ദേശീയപാത ആറ് വരിയാക്കുമെന്നിരിക്കെ ടോൾ കൊള്ള തുടരുമെന്ന് മനസിലാക്കി സംസ്ഥാന സർക്കാർ ജാഗ്രത പുലർത്തണമെന്ന് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.