ലോക്ഡൗൺ ലംഘിച്ച് പള്ളിയിൽ തറാവീഹ് നമസ്‌കാരം; 13 പേർ അറസ്റ്റിൽ
text_fieldsകുന്നംകുളം (തൃശൂർ): ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് വിശ്വാസികളെ പങ്കെടുപ്പിച്ച് തറാവീഹ് നമസ്‌കാരം നടത്തിയ സംഭവത്തിൽ കേച്ചേരി ആയമുക്ക് മസ്ജിദ് ഖത്തീബ് ഉൾപ്പെടെ 13 പേർ അറസ്റ്റിൽ. ഖതീബ് അഷ്‌കർ അലി ബാദരി (42 ) ഉൾപ്പെടെയുള്ളവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ജി. സുരേഷ്, എസ്.ഐ ഇ. ബാബു എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആയമുക്ക് സ്വദേശികളായ മുഹമ്മദ് കോയ (59), ഷറഫുദ്ദീൻ (48), യൂനുസ് (24), സുലൈമാൻ (59), സുബൈർ (39), അഷ്‌കർ (42), അബ്ദുസ്സലാം (28), നൗഷാദ് (45), ഷൗക്കത്തലി (45), ഫസലുദ്ദീൻ (47) സുധീർ (46), സൽമാൻ (18), അബ്ദുല്ലത്തീഫ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ലോക്ഡൗണ്‍ നിയന്ത്രണം ഉള്ളതിനാല്‍ പള്ളി അടച്ചിട്ടിരിക്കുകയാണ്. പിന്‍വാതിലിലൂടെയാണ് ഇവർ പള്ളിയിലെത്തിയത്. ഇതിൽ കുട്ടികളുമുണ്ടായിരുന്നു. നമസ്‌കാരം ആരംഭിച്ച് അല്‍പ്പസമയത്തിനകം തന്നെ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസെത്തി. ഇതോടെ ചിലര്‍ ഓടിരക്ഷപ്പെട്ടു.
സംഭവസ്ഥലത്ത് നമസ്‌കരിക്കാന്‍ 15 ലേറെ പേരുണ്ടായിരുന്നതായാണ് വിവരം. ലോക്ഡൗണ്‍ നിയന്ത്രണത്തിൻെറ ഭാഗമായി പള്ളികളില്‍ കൂട്ടപ്രാര്‍ത്ഥന നിരോധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
