Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ വീണ്ടും...

കരിപ്പൂരിൽ വീണ്ടും ‘സ്വർണം പൊട്ടിക്കൽ’; 13 പേർ പിടിയിൽ

text_fields
bookmark_border
കരിപ്പൂരിൽ വീണ്ടും ‘സ്വർണം പൊട്ടിക്കൽ’; 13 പേർ പിടിയിൽ
cancel

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് വിമാനത്താവളത്തിലെ പാർക്കിങ്, അന്താരാഷ്ട്ര അറൈവൽ ഏരിയകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

രണ്ട് വ്യത്യസ്ത സംഘങ്ങളിലായി പ്രവർത്തിക്കുന്നവരാണ് പിടിയിലായവർ. ഇവരിൽ നിന്നും രണ്ട് കാറുകൾ, രണ്ട് സ്കൂട്ടറുകൾ, 14 മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.കവർച്ചാ പദ്ധതികൾ ആസൂത്രണം ചെയ്തതിന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ ഫോണുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാർ, പരപ്പനങ്ങാടി സ്വദേശി അലി അക്ബർ എന്നിവരുടെ നിർദേശപ്രകാരമാണ് സംഘം എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവരിൽ ഭൂരിഭാഗം പേരും കണ്ണൂർ സ്വദേശികളാണ്.

ഷാരോൺ, അക്ഷയ്, താജുദ്ദീൻ, സ്വരലാൽ, ധനേഷ്, ശരത്, കനകരാജ്, ജുനൈദ്, രഞ്ജിത്, തിരൂർ സ്വദേശി റിയാസ്, കോഴിക്കോട് സ്വദേശി സുജിത്, വളാഞ്ചേരി സ്വദേശി ഇർഫാൻ, കർണാടക സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്.

ഇവർ പിടിയിലായ വിവരം അറിഞ്ഞതോടെ പുറത്ത് കാത്തുനിന്നിരുന്ന രണ്ട് സംഘങ്ങൾ കാറിൽ രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി.അതിനിടെ, വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനെ കാണാനില്ലെന്ന പരാതിയും ഉയർന്നു.

ഇന്നലെ രാത്രി 9.30ന് ജിദ്ദയിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിയെയാണ് കാണാതായത്. സ്വർണക്കടത്ത് സംഘങ്ങൾ ഇയാളെ തട്ടിക്കൊണ്ടുപോയതാണോ എന്ന് സംശയമുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കാണാതായ യുവാവിനായുള്ള തെരച്ചിലും പുരോഗമിക്കുന്നു.

വിദേശ രാജ്യങ്ങളിൽ നിന്ന് അനധികൃതമായി (കള്ളക്കടത്ത് വഴി) സ്വർണം കൊണ്ടുവരുന്ന യാത്രക്കാരിൽനിന്ന്, ആ സ്വർണം ബലമായോ ഭീഷണിപ്പെടുത്തിയോ തട്ടിയെടുക്കുന്ന സംഘങ്ങളെയാണ് ‘സ്വർണം പൊട്ടിക്കൽ സംഘം’ എന്ന് വിളിക്കുന്നത്.

സ്വർണം കടത്തുന്നവർക്ക് പൊലീസിനെയോ കസ്റ്റംസിനെയോ അറിയിക്കാൻ സാധിക്കാത്തതുകൊണ്ട്, ഇവരിൽ നിന്ന് സ്വർണം തട്ടിയെടുക്കുന്നത് എളുപ്പമാണെന്ന് ഇത്തരം സംഘങ്ങൾ കണക്കുകൂട്ടുന്നു.

വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നാണ് ഇവർ യാത്രക്കാരെ നിരീക്ഷിക്കുന്നത്. സ്വർണം കടത്തുന്നവരെ (കാരിയർമാരെ) കണ്ടെത്തുന്നതിനായി ഇവർക്ക് വിമാനത്താവളത്തിനുള്ളിലെ ചിലർ സഹായം നൽകുന്നതായും മുമ്പ് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

സ്വർണം തട്ടിയെടുക്കാൻ വിദേശത്തുള്ളവർ ഉൾപ്പെടെയുള്ളവർ ക്വട്ടേഷൻ നൽകുകയാണ് പതിവ്. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഇവർ ആശയവിനിമയം നടത്തുന്നത്.

യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ എത്തിച്ച് സ്വർണം കൈക്കലാക്കുന്ന രീതിയും ഇവർക്കുണ്ട്.

പിടിക്കപ്പെടാതിരിക്കാൻ വ്യാജ നമ്പറുകൾ ഉള്ളതോ, വാടകയ്‌ക്കെടുത്തതോ ആയ വാഹനങ്ങളാണ് ഇവർ കൂടുതലായി ഉപയോഗിക്കുന്നത്.

സ്വർണം കൊണ്ടുവരുന്നത് തന്നെ നിയമവിരുദ്ധമായതിനാൽ പല യാത്രക്കാരും തങ്ങൾക്ക് സംഭവിച്ച കവർച്ചയെക്കുറിച്ച് പൊലീസിൽ പരാതിപ്പെടാൻ മടിക്കാറുണ്ട്. ഇത് സംഘങ്ങൾക്ക് കൂടുതൽ ധൈര്യം നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportPolice Casegold snatchingarrested
News Summary - 13 Held in Karipur Airport Gold Snatching Gang
Next Story