വാഹനാപകടത്തിൽ മരിച്ച യുവാവിന്‍റെ കുടുംബത്തിന് 1.24 കോടി നഷ്‌ടപരിഹാരം
text_fieldsതിരുവനന്തപുരം: വിവാഹ നിശ്ചയത്തിനു പോയി മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തിൽ മരിച്ച സേഫ്റ്റി ഓഫിസറായ യുവാവിന്‍റെ കുടുംബത്തിന് ഒരു കോടി 24 ലക്ഷം രൂപ നഷ്‌ടപരിഹാരം. ഖത്തറിലെ ബൂം കൺസ്ട്രക്ഷൻ കമ്പനി സേഫ്റ്റി ഓഫിസറായിരുന്ന തിരുവനന്തപുരം മലയിൻകീഴ് ഗീത ഭവനിൽ സുന്ദരേശൻ നായരുടെ മകൻ ജി.എസ്. അരവിന്ദാണ് (29) അപകടത്തിൽ മരിച്ചത്.
നഷ്‌ടപരിഹാര തുകയോടൊപ്പം ഏഴു ശതമാനം പലിശ കൂടി ഇൻഷുറൻസ് കമ്പനി നൽകണമെന്ന് തിരുവനന്തപുരം മോട്ടോർ ആക്സിഡന്‍റ് ക്ലെയിം കോടതി ഉത്തരവിട്ടു. 2017 ആഗസ്റ്റ് 24ന് തൃശൂരിൽ വിവാഹ നിശ്ചയത്തിനു പോയി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. രാത്രി 10.45നു കഴക്കൂട്ടം ഭാഗത്തുനിന്ന് ചാക്കയിലേക്കുള്ള വഴിയിൽ എം.ജി.എം സ്‌കൂളിന് സമീപം അശ്രദ്ധമായി റോഡിൽ പാർക്ക് ചെയ്‌ത ലോറിയുമായി അരവിന്ദിന്‍റെ കാർ ഇടിക്കുകയായിരുന്നു.
ഏഴുദിവസം ചികിത്സയിലായിരുന്ന അരവിന്ദ് ആഗസ്റ്റ് 31ന് മരിച്ചു. വിദേശത്ത് മികച്ച ജോലിയുണ്ടായിരുന്ന യുവാവിന്‍റെ ജീവനാണ് അലക്ഷ്യമായി ലോറി പാർക്ക് ചെയ്തത് മൂലം നഷ്ടപ്പെട്ടതെന്ന വാദം കോടതി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

