അറിവിന്റെ നിലാവെളിച്ചം പരത്തി ഒരു തറവാട്ടിലെ 12 അധ്യാപകർ
text_fieldsതലമുണ്ട വാര്യത്ത് തറവാട്ടിലെ അധ്യാപകരെ ആദരിക്കാൻ എടപ്പാൾ സി.എച്ച്. മുഹമ്മദ് കോയ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ചടങ്ങിൽ നിന്ന്
എടപ്പാൾ: തലമുറകളെ വിദ്യയുടെ പാതയിൽ കൈപിടിച്ചുയർത്തിയ അപൂർവ കുടുംബത്തെ ആദരിച്ച് എടപ്പാൾ സി.എച്ച്. മുഹമ്മദ് കോയ കൾച്ചറൽ സെന്റർ. തലമുണ്ട വാര്യത്ത് തറവാട്ടിലെ വിരമിച്ചവരും നിലവിൽ സർവിസിലുള്ളവരും ഉൾപ്പെടെ ഒരേ കുടുംബത്തിലെ 12 പേരാണ് അക്ഷരസേവനരംഗത്തുള്ളത്.
അഡ്വ. വി.എസ്. ജോയ് എം.എൽ.എ കുടുംബത്തിലെ മുതിർന്നവരെ ആദരിച്ചു. ഇവിടെയുള്ള വിരമിച്ച അധ്യാപകരായ സാഹിത്യകാരൻ സി.വി. ഗോവിന്ദൻ മാസ്റ്റർ, ഇവരുടെ സഹോദരന്മാരായ എഴുത്തുകാരായ സി.വി. ശൂലപാണി, ടി.വി. ചന്ദ്രശേഖരൻ മാസ്റ്റർ, ശൂലപാണി മാസ്റ്ററുടെ ഭാര്യ എം.വി. രമണി, ചന്ദ്രശേഖരൻ മാസ്റ്ററുടെ ഭാര്യ പി.വി. ഗീത എന്നിവരെയയാണ് ആദരിച്ചത്. വി.കെ.എ. മജീദ് അധ്യക്ഷത വഹിച്ചു. പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയുമാണ് ഇവരെ ആദരിച്ചത്.
ഹയർസെക്കൻഡറിയും കോളജും വരെ വിവിധ വിദ്യാലയങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അറിവ് പകർന്നുനൽകിയ ചരിത്രമാണ് ഈ തറവാടിനുള്ളത്. സി.വി. ഗോവിന്ദൻ മാസ്റ്ററുടെ മക്കളായ ഡോ. സി.വി. രഘു (കോഴിക്കോട് എൻ.ഐ.ടി പ്രഫസർ), ഡോ. സി.വി. ഹരി (രാജഗിരി എൻജിനിയറിങ് കോളജ് വൈസ് പ്രിൻസിപ്പൽ), രഘുവിന്റെ ഭാര്യ പ്രീജ (ദയാഗിരി ഹയർസെക്കൻഡറി സ്കൂൾ കോഴിക്കോട്), ഹരിയുടെ ഭാര്യ സി.വി. ഗ്രീഷ്മ (ആലുവ യു.സി കോളജ് ലെക്ചറർ), ശുലപാണി മാസ്റ്ററുടെ മരുമകൾ ദീപ്തി (കാലിക്കറ്റ് യൂനിവേഴ്സിറ്റി), വാര്യത്ത് സുബ്രഹ്മണ്യന്റെ മരുമകൻ സന്തോഷ് (ചാലിശ്ശേരി ജി.എച്ച്.എസ്.എസ്), ചന്ദ്രശേഖരൻ മാസ്റ്ററുടെ മരുമകൻ ഡോ. ജയകൃഷ്ണൻ (മദ്രാസ് എൻ.ഐ.ടി) എന്നിവരാണ് ഇപ്പോൾ അധ്യാപന ജോലി ചെയ്യുന്നവർ.
കുടുംബാംഗങ്ങളും നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ മുസ്‍ലിം ലീഗ് എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് പിലാക്കൽ, കെ.പി.സി.സി അംഗം അഡ്വ. എ.എം. രോഹിത്, പത്തിൽ സിറാജ്, ടി. ഹാരിസ് ടി, വാർഡ് അംഗം ടി.വി. മിനി, എം.കെ. റഫീഖ്, കെ.വി. ശറഫുദ്ദീൻ, ടി. അഫ്സൽ, ഹിള്ളർ, ഷരീഫ് വട്ടപ്പറമ്പിൽ, എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

