13 സർവകലാശാലകളിൽ 12ലും സ്ഥിരം വി.സിമാരില്ല; ഹൈകോടതിക്ക് അതൃപ്തി
text_fieldsകൊച്ചി: സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരുടെ നിയമനം അനിശ്ചിതമായി നീളുന്നതിൽ ഹൈകോടതിക്ക് അതൃപ്തി. താൽക്കാലിക നിയമനങ്ങൾ നടക്കുമ്പോൾപോലും നിയമനടപടികളുമായി കോടതിയെ സമീപിക്കുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇതിൽ അതൃപ്തി രേഖപ്പെടുത്തിയത്. സെനറ്റും ചാൻസലറായ ഗവർണറും തമ്മിലുള്ള പ്രശ്നങ്ങൾമൂലം ഉണ്ടാകേണ്ടിയിരുന്ന ഹ്രസ്വകാല പ്രതിസന്ധി പരിഹാരമില്ലാതെ നീളുകയാണ്. 13 സർവകലാശാലകളിൽ പന്ത്രണ്ടിലും സ്ഥിരം വി.സിമാരില്ലാത്തത് ഏറെ ഗൗരവമുള്ളതാണ്.
താൽക്കാലിക വി.സി നിയമനങ്ങൾപോലും സെനറ്റംഗങ്ങൾതന്നെ ചോദ്യം ചെയ്യുകയാണ്. ഇത്തരം മനോഭാവം ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തെ ബാധിക്കും. പ്രശ്നപരിഹാരത്തിന് ഉചിത നടപടികൾ വൈകാതെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. കേരള വി.സിയുടെ താൽക്കാലിക ചുമതല ഡോ. മോഹനൻ കുന്നുമ്മലിന് നൽകിയ ഗവർണറുടെ നടപടി ചോദ്യംചെയ്ത് രണ്ട് സെനറ്റംഗങ്ങൾ നൽകിയ ഹരജി തള്ളിയ ഉത്തരവിലാണ് നിരീക്ഷണം.
ചാൻസലറുമായി സഹകരിക്കാത്ത സെനറ്റ് അംഗങ്ങൾ വി.സി നിയമന നടപടികൾ അനിശ്ചിതമായി വൈകിപ്പിക്കുകയാണെന്നായിരുന്നു ചാൻസലർക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. നടപടിക്രമങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് ഹരജിക്കാരും ബോധിപ്പിച്ചു. ഇരുഭാഗത്തിന്റെയും ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് സർവകലാശാലയുടെ കാര്യത്തിൽ കോടതി ആശങ്ക പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

