പിൻവലിക്കാതെ 118 പൗരത്വ കേസുകൾ
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് (സി.എ.എ) എതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാർ ‘ഒളിച്ചുകളി’. അഞ്ച് വർഷം പിന്നിട്ടിട്ടും ഇനിയും പിൻവലിക്കാനുള്ളത് 118 കേസുകൾ. നിയമസഭയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ചോദ്യത്തിന് സെപ്റ്റംബർ 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കൂടുതൽ തിരുവനന്തപുരത്ത്
സി.എ.എ സമരവുമായി ബന്ധപ്പെട്ട് ആകെ 843 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിതിരുന്നത്. ഇതിൽ 112 കേസുകൾ ഉത്തരവിലൂടെ ഒഴിവാക്കി. 600ലധികം കോടതി വഴിയും പിൻവലിച്ചു. ശേഷിക്കുന്ന 118 എണ്ണം ഇപ്പോഴും നിലനിൽക്കുകയാണ്. കൂടുതൽ കേസുകൾ പിൻവലിക്കാനുള്ളത് തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിലാണ്, 25 എണ്ണം. ആകെ 43 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരുന്നത്. 93 എണ്ണം രജിസ്റ്റർ ചെയ്ത മലപ്പുറത്ത് 19ഉം 38 എണ്ണം രജിസ്റ്റർ ചെയ്ത എറണാകുളം റൂറലിൽ 13ഉം കേസുകൾ പിൻവലിക്കാനുണ്ട്.
ഉത്തരവിന് പുല്ലുവില
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കേസുകൾ ഒഴിവാക്കാൻ സർക്കാർ ഉത്തരവിറക്കിയത്. ഇത് പൂർണമായി പിൻവലിക്കാനായില്ലെന്നാണ് കണക്കുകൾ അടിവരയിടുന്നത്. ഗുരുതര സ്വഭാവം ഉൾപ്പെടെയുള്ള കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് പിൻവലിക്കാത്തതെന്നാണ് സർക്കാർ വിശദീകരണം.
സംസ്ഥാനത്ത് സി.എ.എയുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകളെടുത്തത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് സിറ്റിയിൽ 58ഉം റൂറലിൽ 103ഉം ഉൾപ്പെടെ ആകെ 161 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇതിൽ 13 എണ്ണം ഇപ്പോഴും നിലനിൽക്കുന്നു. സി.എ.എ വിജ്ഞാപനത്തിന് പിന്നാലെ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാത്തത് ഉയര്‍ത്തിക്കാട്ടി അന്ന് പ്രതിപക്ഷവും വിവിധ സംഘടനകളും രംഗത്തെത്തിയത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.
തുടർന്നാണ് തെരഞ്ഞെടുപ്പ് വേളയിൽ ഗുരുതര സ്വഭാവമുള്ളത് ഒഴിച്ചുള്ള കേസുകള്‍ പിന്‍വലിക്കാൻ അനുമതി നല്‍കി സർക്കാർ ഉത്തരവിറക്കിയത്. മറ്റ് സംസ്ഥാനങ്ങളിൽ സമാന കേസുകൾ പൂർണമായി പിൻവലിച്ചിട്ടും ഇവിടെ എന്തുകൊണ്ട് അതിന് കഴിയുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്.
കേസുകൾ പിൻവലിക്കാത്തത് കഴിവുകേട് -കുറുക്കോളി മൊയ്തീൻ എം.എൽ.എ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാത്തത് സർക്കാറിന്‍റെ കഴിവുകേടാണെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. എല്ലാ കേസുകളും പിൻവലിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അഞ്ചുവർഷമായിട്ടും ആ വാക്ക് പാലിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ബംഗാളിൽ മമത ബാനർജിയും തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിനും സി.എ.എയുമായി ബന്ധപ്പെട്ട കേസുകൾ പൂർണമായി പിൻവലിക്കാൻ നടപടിയെടുത്തിട്ടുണ്ട്. കേരളത്തിൽ മാത്രം അതിന് കഴിയുന്നില്ല. കേസുകളെല്ലാം ഒരേ സ്വഭാവമുള്ളതാണ്. സംഘർഷങ്ങളോ ആക്രമങ്ങളോ ഉണ്ടായിട്ടില്ല. ഗുരുതര സ്വഭാവം എന്നൊന്നില്ലെന്നും ഗുരുതരവത്കരണം പൊലീസ് നയങ്ങളുടേതാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

