വനിത കമീഷനിൽ കെട്ടിക്കിടക്കുന്നത് 11,187 കേസുകൾ; ചെലവ് 2.12 കോടി
text_fieldsകൊച്ചി: വനിത കമീഷനിൽ കെട്ടിക്കിടക്കുന്നത് 11,187 കേസുകൾ. 2017 മേയ് 22 മുതൽ കഴിഞ്ഞ ഫെബ്രുവരി 12 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ തീർപ്പാക്കിയത് 46 ശതമാനം കേസുകളെന്നും വിവരാവകാശ രേഖ. ഏറ്റവും കൂടുതൽ കേസുകൾ ലഭിച്ചതും തീർപ്പാക്കിയതും തിരുവനന്തപുരത്താണ്. ഇവിടെ ലഭിച്ച 8055 കേസുകളിൽ 3648 എണ്ണം തീർപ്പാക്കി. ആകെ 22,150 കേസുകളാണ് ഈ കാലയളവിൽ കിട്ടിയത്. തീർപ്പാക്കിയത് 10,263 എണ്ണം.
നാല് അംഗങ്ങളുടേതുൾപ്പെടെ ശമ്പള ഇനത്തിലെ ചെലവ് 2,12,36,028 രൂപയാണ്. ഓണറേറിയം, യാത്രബത്ത, ടെലിഫോൺ ചാർജ്, എക്സ്പെർട്ട് ഫീ, മെഡിക്കൽ റീഇംപേഴ്സ്മെൻറ് ഇനങ്ങളിലായി കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ കൈപ്പറ്റിയത് 53,46,009 രൂപയാണ്.
അംഗങ്ങളായ ഇ.എം. രാധ 41,70,929 രൂപയും അഡ്വ. എം.എസ്. താര 39,42,284 രൂപയും ഷാഹിദ കമാൽ 38,89,123 രൂപയും അഡ്വ. ഷിജി ശിവജി 38,87,683 രൂപയും കൈപ്പറ്റി. ഇ.എം. രാധ, ഷാഹിദ കമാൽ എന്നിവർ മെഡിക്കൽ റീ ഇംപേഴ്സ്മെൻറ് ഇനത്തിൽ തുക സ്വീകരിച്ചിട്ടില്ല.
കെട്ടിക്കിടക്കുന്ന കേസുകൾ
കൊല്ലം -1734, പത്തനംതിട്ട -404, ആലപ്പുഴ -1022, കോട്ടയം -571, ഇടുക്കി -380, എറണാകുളം -1096, തൃശൂർ -514, പാലക്കാട് -389, മലപ്പുറം -288, കോഴിക്കോട് -437, വയനാട് -141, കണ്ണൂർ -288, കാസർകോട് -216.

