വിദ്യാർഥിയുടെ ആത്മഹത്യ കൊലപാതകമോ? സഹോദരൻ മർദിക്കുന്ന വിഡിയോ പുറത്ത്; അന്വേഷണം ആരംഭിച്ചു
text_fieldsനാദാപുരം: ഒരു വർഷം മുമ്പ് നാദാപുരം നരിക്കാേട്ടരിയിൽ പത്താം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച സംഭവം കൊലപാതകമോ? വിദ്യാർഥിയെ സഹോദരൻ ക്രൂരമായി മർദിക്കുന്നതുൾപ്പടെ ദുരൂഹതയുയർത്തുന്ന വിഡിയോ പുറത്തുവന്നതോടെ സംഭവം വഴിത്തിരിവിൽ.
പുനരന്വേഷണത്തിനുള്ള നീക്കങ്ങൾ പൊലീസ് ആരംഭിച്ചു. 2020 മെയ് അഞ്ചിനാണ് പേരോട് എം.ഐ.എം ഹയർ സെക്കന്‍ററി പത്താംക്ലാസ് വിദ്യാർഥിയായ കറ്റാറത്ത് അബ്ദുൽ അസീസ് (16) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് അന്ന് തന്നെ നാട്ടുകാർ രംഗത്ത് വന്നിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസമാണ് കുട്ടിയെ അപായപ്പെടുത്തുന്ന രംഗം ഉൾക്കൊള്ളുന്ന വീഡിയോ പുറത്ത് വന്നത്. കുട്ടിയെ പിടിച്ചു തള്ളുന്നതും കഴുത്ത് ഞെരിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. വീട്ടിനുള്ളിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ആത്മഹത്യ എന്ന കണ്ടെത്തലിൽ അവസാനിപ്പിക്കുകയായിരുന്നു.
വിഡിയോ പുറത്ത് വന്നതോടെ നാട്ടുകാരും നേരത്തെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ ആക്ഷൻ കൗൺസിൽ പ്രവർത്തകരും വീട് വളഞ്ഞു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുറ്റാരോപിതരായ ചിലരെ കസ്റ്റഡിയിലെടുത്തിരുന്നു.
പുനരന്വേഷണത്തിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റൂറൽ എസ് പി ഡോ: ശ്രീനിവാസൻ അറിയിച്ചു. ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജി ജോസിനോട് പ്രാഥമിക റിപ്പോർട്ട് ഉടൻ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവർക്ക് പുറമെ മറ്റ് ചിലരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിഡിയോയുടെ ആധികാരികത ഉറപ്പാക്കിയ ശേഷമായിരിക്കും കൂടുതൽ അന്വേഷണവും അറസ്റ്റും ഉണ്ടാവുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.