പെസ നിയമം കേരളത്തിൽ നടപ്പാക്കുന്നതിന്റെ സാധ്യത പഠനത്തിന് 10.50 ലക്ഷത്തിന്‍റെ ഭരണാനുമതി
text_fieldsകോഴിക്കോട് : 1996 ൽ പാർലമന്റെ് പാസാക്കിയ പെസ നിയമം (പഞ്ചായത്ത് എക്സ്റ്റൻഷൻ ടു ഷെഡ്യൂൾഡ് ഏരിയ ആക്ട് ) കേരളത്തിൽ നടപ്പാക്കുന്നതിന്റെ സാധ്യതയെക്കുറിച്ചുള്ള പഠനത്തിന് 10.50 ലക്ഷത്തിന്‍റെ ഭരണാനുമതി. 2001 ലെ എ.കെ. ആന്റണി സർക്കാരാണ് സംസ്ഥാനത്ത് പെസ നിയമം നടപ്പാക്കമെന്ന് ആദിവാസി സമൂഹത്തിന് ഉറപ്പ് നൽകിയത്. 2023 ഒക്ടോബർ 12ന് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ കിർത്താഡ്സിന് പഠനം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഇതോടൊപ്പം മറ്റ് 16 പദ്ധതികളുടെ പഠനത്തിനും ഭരണാനുമതി നൽകി.
ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ഗോത്ര വിഭാഗങ്ങളുടെ കൃഷിരീതിയെ കുറിച്ചുള്ള പഠനത്തിന് 10.72 ലക്ഷം, കേരളത്തിലെ പട്ടികവർഗ സമുദായങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് വനസംരക്ഷണ സമിതിയുടെ സ്വാധീനത്തെ കുറിച്ചുള്ള അവലോകനത്തിന് 7.35 ലക്ഷം, വയനാട് ജില്ലയിലെ ഗോത്രവർഗ വിഭാഗങ്ങൾ ഉൾപ്പെട്ട രജിസ്റ്റർ ചെയ്യപ്പെട്ട പൊലീസ് കേസുകളുടെ വിവരണ ശേഷത്തിന് 7.17 ലക്ഷത്തിനും ഭരണാനുമതി നൽകി.
അട്ടപ്പാടിയിലെ കുറുമ്പരുടെ സാഹിത്യം, ഭാഷ, കലകൾ എന്നിവയുടെ പഠനത്തിന് മൂന്നുലക്ഷം, കേരളത്തിലെ പട്ടികവർഗ വനിതകളുടെ പ്രാതിനിധ്യം, പങ്കാളിത്തം, ശാക്തീകരണം, ജനാധിപത്യ വികേന്ദ്രീകരണത്തിൽ പഠനത്തിന് മൂന്നര ലക്ഷം, ഗവേഷകർക്കുള്ള ഇന്റേൺഷിപ്പ് പദ്ധതിക്ക് എട്ടര ലക്ഷം, കേരളത്തിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അധിവസിക്കുന്ന ഗോത്ര സമൂഹങ്ങളുടെ പുരാവസ്തുക്കൾ ശേഖരണവും വിശദാംശങ്ങളും തയാറാക്കുന്നതിന് രണ്ടരലക്ഷം, പട്ടികവർഗ പാരമ്പര്യ വൈദ്യഅവകാശങ്ങൾ അന്വേഷിക്കലും പുതുക്കിയ പാരമ്പര്യ വൈദ്യ പേര് വിവരസൂചിക പ്രസിദ്ധീകരണത്തിന് എട്ടേകാൽ ലക്ഷവും അനുവദിച്ചു.
പട്ടികവർഗ പാരമ്പര്യ കലകളുടെ പ്രസിദ്ധീകരണത്തിന് 5.20 ലക്ഷം, പട്ടികവർഗ എഴുത്തുകാർക്കുള്ള ശില്പശാലക്ക് 6.77 ലക്ഷം, റീ ഡിസൈനിങ് കിർത്താഡ്സ് വെബ്സൈറ്റ്- 2. 68 ലക്ഷം, കാണിക്കാർ സമുദായിക്കാരുടെ പാരമ്പര്യ കലാപഠന കളരിക്ക് ആറ് ലക്ഷം, മലവേട്ടുവൻ സമുദായത്തിന്റെ വാമൊഴി സാഹിത്യം,ഇരവാലൻ സമുദായത്തിന്റെ ഭാഷയും പദപ്രയോഗം രേഖപ്പെടുത്തലും വിശകലനവും എന്നീ പുസ്തകങ്ങളുടെ പ്രവർത്തികണത്തിന് 2.70 ലക്ഷം, പാരമ്പര്യ ഭക്ഷ്യമേളക്ക് 5.35 ലക്ഷം എന്നിങ്ങനെ തുക അനുവദിച്ചു.
കിർത്താഡ്സിലെ ലൈബ്രറി വിപുലീകരികണ പദ്ധതിക്ക് 6.20 ലക്ഷം, ക്രിയേറ്റിങ് ഡിജിറ്റൽ ആർക്കൈവ്സ് ഓഫ് ഡോക്യുമെന്റ് ഇൻ കിർത്താഡ്സിന് 30.32 ലക്ഷം എന്നിവക്കും ഭരണാനുമതി നൽകി. ഈ പദ്ധതികളെല്ലാം കഴിഞ്ഞവർഷം പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ, പൂർത്തീകരിക്കാൻ സാധിച്ചില്ല. അതിനാൽ ഈ പദ്ധതികൾ 2024- 25 സാമ്പത്തിക വർഷത്തേക്ക് കൂടി തുടരുന്നതിന് അനുമതി നൽകണമെന്ന് പട്ടികവർഗ ഡയറക്ടർ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി നൽകി ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

