സംസ്ഥാനത്തെ കുടുംബ കോടതികളിൽ കെട്ടിക്കിടക്കുന്നത് 1.04 ലക്ഷം കേസുകൾ
text_fieldsകൊച്ചി: സംസ്ഥാനത്തെ കുടുംബ കോടതികളിൽ കെട്ടിക്കിടക്കുന്ന ഒരു ലക്ഷത്തിലേറെ കേസുകൾ തീർപ്പാക്കാൻ മാർഗ നിർദേശങ്ങളുമായി ഹൈകോടതി.
ജൂൺ ഒന്നിനകം ഇവ നടപ്പാക്കി ഡിസംബർ 31ന് മുമ്പ് രജിസ്ട്രാർക്ക് (ജില്ല ജുഡീഷ്യറി) നടപടി റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു. കുടുംബ കോടതിയിലെ കേസുകൾ തീർപ്പാക്കാൻ വൈകുന്നത് ചൂണ്ടിക്കാട്ടിയുള്ള 31 ഹരജികളാണ് കോടതി പരിഗണിച്ചത്.
സംസ്ഥാനത്തെ 28 കുടുംബകോടതികളിലായി 1.04 ലക്ഷം കേസുകൾ നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില കോടതികൾ ദിവസം 200 ലേറെ കേസുകൾ കേൾക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹത്തർക്ക കേസുകൾ നിലവിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേസുകൾ പ്രാഥമികമായി കൈകാര്യം ചെയ്യാൻ മുഖ്യ കാര്യനിർവഹണ ഒാഫിസറെ (സി.എം.ഒ) നിയോഗിക്കണമെന്നതടക്കം നിർദേശങ്ങൾ കോടതി മുന്നോട്ടു വെച്ചത്.
കേസിെൻറ തീയതി, കൗൺസലിങ്ങിനും മീഡിയേഷനുമുള്ള തീയതി തുടങ്ങിയവ സി.എം.ഒ നിശ്ചയിക്കണം. ഒരു ദിവസം പരമാവധി പത്തു കേസുകളിൽ മാത്രമേ കൗൺസലിങ് പാടുള്ളൂ. കൗൺസലിങ് സെൻററിൽ ആൾക്കൂട്ടം ഉണ്ടാകാത്ത രീതിയിൽ വേണം കേസുകൾ ക്രമീകരിക്കാൻ. പരിഗണിക്കാത്തതും കക്ഷികൾ ഹാജരാകാത്തതുമായ കേസുകൾ ഉടനടി കോടതിയുടെ മുമ്പാകെ എത്തിക്കണം. ജീവനാംശം നൽകുന്നത് ബാങ്ക് വഴിയാക്കണം.
അറസ്റ്റ് വാറൻറ് നടപ്പാക്കാനും മറ്റും നോഡൽ ഒാഫിസർമാരെ നിയോഗിക്കണം. ഇടക്കാല അപേക്ഷകൾ നാലാഴ്ചയ്ക്കകവും മുതിർന്ന പൗരന്മാർ ഉൾപ്പെട്ട കേസുകൾ ആറുമാസത്തിനകവും തീർപ്പാക്കണം. ആവശ്യമെങ്കിൽ വിഡിയോ കോൺഫറൻസിങ് സംവിധാനം ഉപയോഗിച്ചാണെങ്കിലും മൂന്നു മാസത്തിലൊരിക്കൽ ജില്ല ലീഗൽ സർവിസ് അതോറിറ്റികളുമായി ചേർന്ന് അദാലത്ത് നടത്തണം. ഒരേ കക്ഷികൾ ഉൾപ്പെട്ട ഒന്നിലേറെ കേസുകളുണ്ടെങ്കിൽ ഒരുമിച്ച് പരിഗണിക്കണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി നൽകിയത്.