ദേശീയപാത നിർമാണ ക്രമക്കേട് 102.44 കോടിയുടേതെന്ന് സി.ബി.ഐ
text_fieldsrepresentational image
കൊച്ചി: ദേശീയ പാത 544ലെ കുഴിയിൽ വീണ് ഹോട്ടൽ ഉടമ മരിക്കാനിടയായ സംഭവം ചർച്ചയാകുന്നതിനിടെ ഹൈവേ നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
മണ്ണുത്തിക്കും അങ്കമാലിക്കും ഇടയിലുള്ള ദേശീയപാത പ്രവൃത്തിയുടെ കരാറിലെ വ്യവസ്ഥകൾ ലംഘിച്ച് 102.44 കോടിയുടെ അനധികൃത ലാഭം നേടിയതായി ആരോപിച്ച് ഹൈദരാബാദ് ആസ്ഥാനമായ കൺസ്ട്രക്ഷൻ കമ്പനിക്കും ഡയറക്ടർക്കുമെതിരെ 2020 ജൂലൈയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം നൽകിയത്.
ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് (ജി.ഐ.പി.എൽ) ഹൈദരാബാദ്, ഡയറക്ടർ വിക്രം റെഡ്ഡി എന്നിവർക്കെതിരെയാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് കേസെടുത്തത്. ഇവരെ കൂടാതെ ആറുപേരെക്കൂടി കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.
ഇതിൽ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരായ രണ്ടുപേർക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി കേന്ദ്ര ഗതാഗത മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. 2006-2016 കാലയളവിൽ കരാർ വ്യവസ്ഥകൾ ലംഘിച്ച് അനാവശ്യലാഭം നേടുകയും അതുവഴി 102.44 കോടി രൂപ ദേശീയ പാത അതോറിറ്റിക്ക് നഷ്ടം വരുത്തിയെന്നുമാണ് ആരോപണം.
കമ്പനി ഡയറക്ടർ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ പറയുന്നു. ബസ് ബേ നിർമാണം, ബസ് ഷെൽട്ടറുകൾ, ഷെൽട്ടറുകളിലെ പരസ്യം, 27 കിലോമീറ്റർ ദൈർഘ്യമുള്ള സർവിസ് റോഡിന്റെ നിർമാണം, ഹൈവേ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണി എന്നിവയാണ് സി.ബി.ഐ അന്വേഷിച്ച പ്രധാന ക്രമക്കേടുകൾ.
കരാറിന് വിരുദ്ധമായി 10 സെൻറിമീറ്ററിന് പകരം 7.5 സെൻറിമീറ്റർ കട്ടിയുള്ള ടാറിങ്ങോടെ 27 കിലോമീറ്റർ സർവിസ് റോഡുകളാണ് നിർമിച്ചതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

