മാലിന്യ ട്രിപ് ഫുൾ; കെ.എസ്.ആർ.ടി.സിയിൽ നിന്ന് ശേഖരിച്ചത് 102 ടൺ ഖരമാലിന്യം
text_fieldsകൊച്ചി: കേരളത്തിന്റെ മാലിന്യ ശേഖരത്തിലേക്ക് കെ.എസ്.ആർ.ടി.സി വക സംഭാവനയും. നാലുമാസത്തിനിടെ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്നും വർക് ഷോപ്പുകളിൽനിന്നുമായി ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 102 ടൺ ഖരമാലിന്യം. കോർപറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡിപ്പോകളിൽനിന്നടക്കം ഇത്തരത്തിൽ ശാസ്ത്രീയമായി ഖരമാലിന്യം ശേഖരിക്കുന്നത്.
പുനരുപയോഗം സാധ്യമല്ലാത്ത മാലിന്യം സംസ്കരിക്കുന്നതിനായി സംസ്ഥാനത്തിന് പുറത്തെ സിമന്റ് കമ്പനികൾക്ക് നൽകി. ഇലക്ട്രോണിക് മാലിന്യം കൊച്ചി അമ്പലമേട്ടിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കീൽ) കമ്പനിക്കും കൈമാറി.
പുനരുപയോഗം സാധ്യമായ ഇരുമ്പ്, തകരം തുടങ്ങിയവ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള ഏജൻസികൾക്ക് നൽകി.
മൂല്യവത്തായ പാഴ്വസ്തുക്കൾക്ക് കെ.എസ്.ആർ.ടി.സിക്ക് നിശ്ചിത നിരക്കിൽ വില ലഭിച്ചപ്പോൾ സിമന്റ് ഫാക്ടറികളിലേക്ക് അയച്ച മാലിന്യം സംസ്കരിക്കുന്നതിന് കിലോക്ക് പത്തുരൂപ നിരക്കിൽ ക്ലീൻ കേരള കമ്പനിക്ക് കോർപറേഷൻ നൽകേണ്ടിവന്നു.
മാലിന്യം പലവിധം
ആകെ: 1,01,920 കിലോ ഖരമാലിന്യം കഴിഞ്ഞ ഫെബ്രുവരി 19നും ഈ മാസം 12നും ഇടയിൽ നീക്കം ചെയ്തു. (ഇലക്ട്രോണിക് മാലിന്യം: 4607 കിലോ, മറ്റ് സ്ക്രാപ്പുകൾ: 14,710 കിലോ, കെട്ടിക്കിടക്കുന്ന മാലിന്യം: 82,603 കിലോ)
കൂടുതൽ ശേഖരിച്ചത് കോഴിക്കോട് നിന്ന്
ഏറ്റവും കൂടുതൽ ഖരമാലിന്യം ശേഖരിച്ചത് കോഴിക്കോട് ജില്ലയിലെ ഡിപ്പോകളിൽനിന്നാണ് -19.68 ടൺ. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഡിപ്പോകളിൽനിന്ന് കാര്യമായ മാലിന്യമില്ല.
എറണാകുളം 17.04 ടൺ, തിരുവനന്തപുരം 16.52, തൃശൂർ 15.51, ആലപ്പുഴ 11.50, മലപ്പുറം 10.72, കണ്ണൂർ 4.11, പാലക്കാട് 1.99, വയനാട് 1.78, കോട്ടയം 1.52 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. കൊല്ലത്തുനിന്ന് 650 കിലോയും കാസർകോട്ടുനിന്ന് 893 കിലോയും മാലിന്യം നീക്കി.
ഓഫിസിൽ കൂട്ടിയിടേണ്ട
സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽനിന്നുള്ള ഖരമാലിന്യം ശേഖരിക്കാൻ സംവിധാനമൊരുങ്ങുന്നു. ഇതിനായി ഓഫിസ് സമുച്ചയങ്ങൾ, സിവിൽ സ്റ്റേഷനുകൾ, സർവകലാശാല വളപ്പുകൾ എന്നിവിടങ്ങളിൽ 100 മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇവയിൽ 32 എണ്ണം പൂർത്തിയായി. സ്ഥലം ലഭ്യമാകുന്നതനുസരിച്ച് ബാക്കിയുള്ളവയും വൈകാതെ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

