10,000 സർക്കാർ ജീവനക്കാർ ഇന്ന് പടിയിറങ്ങും, കെ.എസ്.ആർ.ടി.സിയിൽ നിന്ന് 630 പേർ; 2027 മേയ് മുതൽ കൂട്ട വിരമിക്കൽ കുറയും
text_fieldsതിരുവനന്തപുരം: അധ്യാപകർ ഉൾപ്പെടെ 10,000ത്തോളം സർക്കാർ ജീവനക്കാർ ശനിയാഴ്ച സർവിസിൽ നിന്ന് പടിയിറങ്ങും. സെക്രട്ടേറിയറ്റിലെ 200 പേരാണ് വിരമിക്കുന്നത്. പൊലീസിൽ 17 എസ്.പിമാർ വിരമിക്കും. വിരമിക്കൽ ആനുകൂല്യം നൽകാൻ മാത്രം 5000 കോടി രൂപ വേണമെന്നാണ് കണക്ക്.
ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പി.എഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ് ഇൻഷുറൻസ് തുടങ്ങിയവയാണ് പെൻഷൻ ആനുകൂല്യങ്ങൾ. സമീപ വർഷങ്ങളിൽ ശരാശരി 20,000 പേർ വീതം സർവിസിൽ നിന്ന് വിരമിച്ചുവെന്നാണ് കണക്ക്. ഇതിൽ പകുതിയും മേയ് 31നാണ്.
ജനന സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കും മുമ്പ് മേയ് 31 ജനനത്തീയതിയായി കണക്കാക്കലായിരുന്നു പതിവ്. സ്കൂളിൽ ചേർക്കുമ്പോഴും ഇതായിരുന്നു ജനനത്തീയതി. ഇക്കാരണം കൊണ്ടുതന്നെ മേയ് 31ന് പെൻഷൻ പ്രായം തികയുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം വളരെ കൂടുതലാണ്.
എൺപതുകളുടെ മധ്യത്തിലാണ് സർക്കാർ സർവിസിലേക്ക് കൂടുതൽ നിയമനം നടന്നത്. അതുകൊണ്ടുതന്നെ അടുത്ത വർഷം കൂടി കൂട്ട വിരമിക്കൽ ഉണ്ടാകും. 2027 മേയ് മുതൽ കൂട്ട വിരമിക്കൽ കുറയുമെന്നാണ് വിലയിരുത്തൽ.
കെ.എസ്.ആർ.ടി.സിയിൽ നിന്ന് 630 ഓളം പേരാണ് ശനിയാഴ്ച സർവിസ് കാലാവധി കഴിയുന്നത്. കെ.എസ്.ഇ.ബിയിലെ 1022 പേരും. 122 ലൈന്മാന്, 326 ഓവര്‍സിയര്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

