‘ആലോചിച്ചു നോക്കൂ, രണ്ട് ദിവസം 10,000 പേർ മദ്യപിച്ച് വണ്ടി ഓടിച്ച് അറസ്റ്റിലായെങ്കിൽ എത്ര ഗുരുതര സാഹചര്യമാണ് കേരളത്തിൽ?’ -മന്ത്രി ചെന്നിത്തല
text_fieldsതിരുവനന്തപുരം: മദ്യപിച്ച് വണ്ടി ഓടിക്കുന്നത് ഒരു കാരണവശാലും ഇനി കേരളത്തിൽ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ടു ദിവസം കേരള പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പതിനായിരത്തോളം ആളുകളെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയത്. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കം മോട്ടോർ വാഹന നിയമപ്രകാരം കടുത്ത നടപടികളിലേക്ക് പോകും -അദ്ദേഹം പറഞ്ഞു.
‘കേരളത്തിൽ അടുത്തിടെ ഉണ്ടായ എല്ലാ അപകടങ്ങളുടെയും പിന്നിൽ മദ്യവും ലഹരിയുമാണ്. ലഹരി വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള വാഹനം ഓടിക്കൽ അവസാനിപ്പിക്കണം. ശക്തമായ നടപടി പൊലീസ് എടുക്കും. ആലോചിച്ചു നോക്കൂ, രണ്ടു ദിവസം കൊണ്ട് പതിനായിരത്തിലധികം ആളുകളെ മദ്യപിച്ച് വണ്ടി ഓടിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തെങ്കിൽ, എത്രമാത്രം ഗുരുതരമായ ഒരു സാഹചര്യമാണ് കേരളത്തിൽ?. അതുകൊണ്ട് മദ്യം മയക്കുമരുന്ന് എന്നീ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഒരാൾ പോലും വണ്ടി ഓടിക്കരുത്. പൊലീസിന് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിന്റെ അടിസ്ഥാനത്തിലാണ് എല്ലായിടത്തും ഇപ്പോൾ ഈ മദ്യപിച്ചിട്ടുണ്ടോ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധന നടത്തുന്നത്. ഇതിനോട് ജനങ്ങൾ സഹകരിക്കണം. ഉത്സവ സീസണുകൾ ആണ് ഇനി വരുന്നത്. അതുകൊണ്ട് മദ്യപിച്ച് വണ്ടി ഓടിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. മറ്റ് എല്ലാ രാജ്യങ്ങളിലും ഇത് ശക്തമായ നിയമനിർമ്മാണത്തിലൂടെ നിയന്ത്രിച്ചിട്ടുണ്ട്. അവരുടെ ജീവനാണ് പോകുന്നത്, അവരുടെ വാഹനമാണ് തകരുന്നത്. മറ്റുള്ള നിരപരാധികളായ ആളുകളെ ഇടിച്ച് അവർ മരിക്കുകയാണ്.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിൽ ഉണ്ടായ അപകടത്തിൽ മൂന്ന് വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടു. മദ്യപിച്ചു വന്ന് വണ്ടി ഇടിച്ചു കൊല്ലുകയാണ് ചെയ്തത്. ഇത് യഥാർത്ഥത്തിൽ കൊലപാതകമാണ്. അത് നമ്മുടെ നാട്ടിൽ അനുവദിച്ചു കൊടുക്കാൻ കഴിയില്ല. കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമപ്രകാരം ഏതെല്ലാം നടപടികൾ സ്വീകരിക്കാമോ അതെല്ലാം സ്വീകരിക്കും. ലൈസൻസ് റദ്ദാക്കിയാൽ പിന്നെ അവർക്ക് ലൈസൻസ് കൊടുക്കാതിരിക്കുന്നത് അടക്കമുള്ള കർശന നടപടിയിലേക്ക് പൊലീസിന് പോകേണ്ടി വരുമെന്ന മുന്നറിയിപ്പ് കൂടി നൽകാൻ ആഗ്രഹിക്കുകയാണ്.
വിദേശ രാജ്യത്തൊക്കെ പോയാൽ ഒരാൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ അയാൾ വണ്ടി ഓടിക്കില്ല. ഗൾഫ് നാടുകളിലൊക്കെ മദ്യപിച്ചാൽ വേറെ ആളായിരിക്കും വണ്ടി ഓടിക്കുന്നത്. ഇവിടെ എത്ര മദ്യപിച്ചാലും മയക്കുമരുന്ന് ഉപയോഗിച്ചാലും ആർക്കും വണ്ടി ഉപയോഗിക്കാം എന്ന ഒരു നില അനുവദിച്ചു കൊടുക്കാൻ കഴിയില്ല. അതിന് ശക്തമായ നടപടി ഉണ്ടാകും -മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

