സമസ്തയുടെ 100 വർഷത്തെ ചരിത്രം ‘കോൺഫ്ലുവൻസ്’ പ്രകാശനം ചെയ്തു
text_fieldsസമസ്ത ചരിത്രം പ്രതിപാദിക്കുന്ന "കോൺഫ്ലുവൻസ്" എന്ന കോഫി ടേബിൾ പുസ്തക
പ്രകാശന ചടങ്ങിനെത്തിയ സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്
ജിഫ്രി മുത്തുക്കോയ തങ്ങളുമായി സൗഹൃദം പങ്കിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും
തിരുവനന്തപുരം: എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുന്ന സമീപനമാണ് സമസ്ത സ്വീകരിച്ചതെന്നും അതാണ് മനുഷ്യത്വമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്തയുടെ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം പ്രതിപാദിക്കുന്ന ‘കോൺഫ്ലുവൻസ്’ കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം മാസ്ക്കറ്റ് ഹോട്ടലിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാർ കലാപത്തെ തുടർന്ന് ഇംഗ്ലീഷും വേണ്ട ഇംഗ്ലീഷുകാരുടെ വിദ്യാഭ്യാസവും വേണ്ട എന്ന് ചിലർ നിലപാട് എടുത്ത ഘട്ടത്തിൽ അവരെ ലോക വൈജ്ഞാനിക ശൃംഖലയുമായി ബന്ധിപ്പിക്കാൻ മുൻകൈയെടുത്ത പ്രസ്ഥാനങ്ങളിലൊന്നാണ് സമസ്ത. ഇതുവഴി സമുദായത്തിനുള്ളിലെ സാംസ്കാരിക, വൈജ്ഞാനിക അംശങ്ങളെ ഊതിക്കത്തിക്കാനും അതിലൂടെ പൊതുസമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാനും സമസ്തക്ക് കഴിഞ്ഞു.
സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാനും മതേതര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിക്കാനും സമസ്ത എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുക എന്നത് സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. സമസ്തക്ക് സ്വാധീനമുള്ള മേഖലകളിൽ ഇതിനെതിരെയുള്ള പ്രവർത്തനങ്ങളിൽ ഇനിയും തുടരണം.
തിരസ്കാരത്തിന്റെയും അവഗണനയുടെയും ചുഴിയിൽ സമുദായം തന്നെ ആണ്ടുകിടന്ന കാലത്താണ് സമസ്ത പിറവികൊള്ളുന്നത്. എന്തുകൊണ്ടും അനിവാര്യമായ ഒന്നായിരുന്നു അത്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആരംഭ കാലം മുതൽ സമസ്ത പ്രാധാന്യം നൽകിയിട്ടുണ്ട്. സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കാൻ സഹായകരമായിട്ടുള്ള നിരവധി ഇടപെടലുകൾ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി വിഡിയോ സന്ദേശത്തിൽ ആശംസ നേർന്നു. പി.പി. ഉമര്‍ മുസ്ലിയാര് കൊയ്യോട് സ്വാഗതം പറഞ്ഞു. കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, മന്ത്രി വി. അബ്ദുറഹിമാന്, കിരണ്‍ പ്രകാശ്, എം.പി. പ്രശാന്ത്, കെ. ഉമര്‍ ഫൈസി മുക്കം, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പി.എം. അബ്ദുസ്സലാം ബാഖവി, അസ്ഗറലി ഫൈസി പട്ടിക്കാട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, എസ്. സഈദ് മുസ്ലിയാര് വിഴിഞ്ഞം, കൊടക് അബ്ദുറഹ്മാന് മുസ്ലിയാര് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

