നോട്ടുനിരോധനത്തിന് പത്താണ്ട്; ‘ക്യൂ’വിൽനിന്ന് ‘ക്യൂ.ആറി’ലേക്ക് കേരളം, പ്രതിദിനം ഒന്നരകോടി യു.പി.ഐ ഇടപാടുകൾ
text_fieldsതിരുവനന്തപുരം: ധനസ്ഥിതിയെയും ദൈനംദിന ജനജീവിതത്തെയും കീഴ്മേൽ മറിച്ച നോട്ടുനിരോധനത്തിന്റെ കറുത്ത ഓർമകൾക്ക് ഇന്ന് പത്താണ്ട്. സാമ്പത്തികമായി തടങ്കലിലാക്കപ്പെട്ടതിന് പിന്നാലെ, സ്വന്തം പണത്തിനായി വരിനിൽക്കേണ്ടിവന്ന ദിനങ്ങളുടെ അനുഭവപാഠത്തിൽനിന്ന് അതിജീവനത്തിലേക്ക് നടന്നുകയറിയതിന്റെ നേർചിത്രങ്ങളാണ് കേരളത്തെ സംബന്ധിച്ച് കഴിഞ്ഞ പത്ത് വർഷങ്ങൾ.
സ്മാർട്ട്‌ഫോൺ അധിഷ്ഠിത പണമിടപാടുകൾ നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയത് മുതൽ രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് സംസ്ഥാനമെന്ന അംഗീകാരത്തിൽ വരെ ഈ പ്രയാണം എത്തിനിൽക്കുന്നു.
ചായക്കടയും വഴിയോര കച്ചവടവും മുതൽ വൻകിട വ്യാപാര കേന്ദ്രങ്ങൾ വരെ ഡിജിറ്റൽ ഇടപാടുകളിലേക്ക് ചുവടുമാറി. സംസ്ഥാനത്തെ 3.76 കോടി ബാങ്ക് അക്കൗണ്ടുകളിൽ കുറഞ്ഞത് ഒരു ഡിജിറ്റൽ ബാങ്കിങ് സൗകര്യമെങ്കിലും ലഭ്യമാണിപ്പോൾ. നാഷനൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) ഡാറ്റ പ്രകാരം 2026 ജൂണിൽ മാത്രം കേരളത്തിൽ നടന്നത് 45.49 കോടി യു.പി.ഐ ഇടപാടുകളാണ്. 63,489 കോടിയാണ് ഈ ഇടപാടുകളുടെ ആകെ മൂല്യം. ഒരു ദിവസം 1.51 കോടി ഇടപാടുകളാണ് നടക്കുന്നത്. ചെക്കുകൾ പോലുള്ള കടലാസ് അധിഷ്ഠിത ഇടപാടുകൾ മൊത്തം ഇടപാടുകളുടെ 2.3 ശതമാനമായി ചുരുങ്ങിയെന്നതാണ് മറ്റൊന്ന്.
ഡെബിറ്റ് കാർഡുകളുടെ ഉപയോഗം കുറയുകയും പകരം മൊബൈൽ വാലറ്റുകളും യു.പി.ഐ ആപ്പുകളും ആ സ്ഥാനം കൈയടക്കുകയും ചെയ്തു. ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥ എത്രത്തോളം കരുത്താർജ്ജിച്ചുവെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് 2023ൽ റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ പിൻവലിച്ചപ്പോൾ സംഭവിച്ചത്. 2016ൽ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചപ്പോൾ ബാങ്കുകൾക്ക് മുന്നിൽ വലിയ വരികളും ജനകീയ പ്രക്ഷോഭങ്ങളുമുണ്ടായെങ്കിൽ 2023ൽ 2000 രൂപ നോട്ടുകൾ പിൻവലിക്കൽ കേരളത്തിൽ ഒരു സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ചില്ല. യു.പി.ഐ അധിഷ്ഠിത ഡിജിറ്റൽ പണമിടപാടുകൾ സാർവത്രികമായതിനാൽ കറൻസി നോട്ടുകളുടെ അപര്യാപ്തത ജനങ്ങളെ ബാധിച്ചില്ല.
ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിച്ചതിന് ആനുപാതികമായി സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതാണ് മറ്റൊരു വശം. ആവശ്യമായ സൈബർ സുരക്ഷാ ബോധവത്കരണമില്ലാതെ കോടിക്കണക്കിന് ജനങ്ങൾ ഒറ്റയടിക്ക് ഓൺലൈനായി പണം കൈകാര്യം ചെയ്യാൻ തുടങ്ങിയത് തട്ടിപ്പുകാർക്ക് വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റി. 2025ൽ കേരളത്തിൽ സൈബർ തട്ടിപ്പിനിരയായ 42,500 പേർക്ക് ആകെ നഷ്ടപ്പെട്ടത് 814 കോടിയാണ്. കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2022 മുതൽ 2024 വരെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിലൂടെ മാത്രം മലയാളികൾക്ക് നഷ്ടപ്പെട്ടത് 1,021 കോടിയാണ്.
2016 നവംബർ എട്ടിന് അർധരാത്രിയോടെയാണ് വിനിമയത്തിലുണ്ടായിരുന്ന 500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കിയത്. രാജ്യത്തെ മൊത്തം കറൻസിയുടെ 86.9 ശതമാനം വരുന്ന നോട്ടുകളായിരുന്നു ഇവ. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുകയാണ് നിരോധത്തിന്‍റെ കാരണമായി ചൂണ്ടിക്കാട്ടിയത്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നോട്ടുനിരോധനം ആദ്യഘട്ടത്തിൽ അതിരൂക്ഷമായാണ് ബാധിച്ചത്.

