ന്യൂഡൽഹി: സി.പി.എം കേന്ദ്ര കമ്മിറ്റി, സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റി എന്നിവയിലെ ഉയര്‍ന്ന പ്രായപരിധി 75 ആക്കി. കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. അടുത്ത ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന 23ാം പാർട്ടി കോൺഗ്രസിൽ 75 വയസ് പ്രായപരിധി നിശ്ചയിച്ചായിരിക്കും പുതിയ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കുകയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി.
ഇതോടെ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും ഉള്ളവരിൽ എസ്. രാമചന്ദ്രൻ പിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവർ അടുത്ത വർഷം ഒഴിവാക്കപ്പെടാം. 76 വയസ്സുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വിവിധ പദവികൾ വഹിക്കുന്നവർക്ക് ഇളവ് അനുവദിക്കുന്ന കാര്യം പാർട്ടി കോൺഗ്രസ് പരിഗണിക്കും.
ജില്ലാ കമ്മിറ്റികളില്‍ 10 ശതമാനം വനിതാ പ്രാതിനിധ്യം നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ ജില്ലാ കമ്മിറ്റികളില്‍ നാല് മുതല്‍ അഞ്ചു വരെ വനിതകള്‍ എങ്കിലും ഉള്‍പ്പെടും. കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യണം. ജില്ലാ സെക്രട്ടേറിയേറ്റുകളില്‍ ഓരോ വനിത ഉണ്ടാകണമെന്നാണ് മറ്റൊരു നിര്‍ദേശം. 40 വയസില്‍ താഴെയുള്ള രണ്ടു പേര്‍ ലോക്കല്‍ മുതല്‍ ജില്ല വരെയുള്ള ഘടകങ്ങളില്‍ ഉണ്ടാകണം.
കോവിഡ് മൂലം ജില്ലാ സമ്മേളന പ്രതിനിധികളുടെ എണ്ണം 175 ായി നിജപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ജില്ലാ സമ്മേളനങ്ങളിലും പങ്കെടുക്കും. മുഖ്യമന്ത്രിയും പി.ബി അംഗം കോടിയേരി ബാലകൃഷ്ണനും നയിക്കുന്ന സെക്രട്ടേറിയേറ്റ് അംഗങ്ങളുടെ രണ്ടു ടീമുകളുടെ മേല്‍ നോട്ടത്തില്‍ നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരൂമാനം കൈക്കൊള്ളും.
2022 ജനുവരിയിലാകും സംസ്ഥാന സമ്മേളനം നടക്കുക.