10 നഗര റോഡുകൾ ആധുനികവത്കരിക്കും, ബൈപാസ് നവീകരണം വേഗത്തിലാക്കും
text_fieldsകേരള പര്യടനത്തിെൻറ ഭാഗമായി കോഴിക്കോട് കാരപറമ്പ് ഗവ . ഹയർസെക്കൻഡറി സ്കൂളിൽ
പൗരപ്രമുഖരുമായുള്ള കൂടികാഴ്ച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ
കോഴിക്കോട്: ബൈപാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറക്കുറെ പരിഹരിക്കാന്‍ കഴിഞ്ഞതായും 20 ദിവസത്തിനുള്ളില്‍ ഇതിെൻറ മറ്റു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ.
കേരള പര്യടന ഭാഗമായി കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ക്ഷണിക്കപ്പെട്ടവരുടെ യോഗത്തിൽ നിര്‍ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മിഠായിതെരുവ് നവീകരിച്ച ശേഷം വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഗുരുതരമെന്നതിനാല് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.
കോഴിക്കോടിെൻറ ചരിത്രത്തിന് ഊന്നല്‍ നല്കി മ്യൂസിയമൊരുക്കുന്നതിന് പരിഗണന നല്‍കും. ഡിജിറ്റല്‍ യൂനിവേഴ്സിറ്റി പ്രവര്‍ത്തനം അടുത്തുതന്നെ ആരംഭിക്കും. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സി.ഒ.എയെ നിയമിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. രാമനാട്ടുകര, തൊണ്ടയാട്, പന്നിയങ്കര മേല്‍പ്പാലങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് നേട്ടമായി.
ദേശീയപാത വികസന ഭാഗമായി പാലൊളി, മൂരാട് പാലം പ്രത്യേകമായി വികസിപ്പിക്കും. കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് നടത്തുന്ന പഠനത്തിനുശേഷം കോഴിക്കോട്-വയനാട് തുരങ്കപാതയുടെ മറ്റു നടപടികളിലേക്ക് പോകും. ദേശീയപാത വികസന ഭാഗമായുള്ള കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഭൂമി ഏറ്റെടുക്കലിലെ 80 ശതമാനവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കനോലി കനാല്‍ ശുചീകരിച്ചതിന് തുടർച്ചയായി കല്ലായി മുതല്‍ കോരപ്പുഴ വരെ പൂര്‍ണമായി ഗതാഗത യോഗ്യമാകും.
മാവൂര്‍ ഗ്വാളിയോര്‍ റയോണ്സിെൻറ സ്ഥലം ഉപയോഗിക്കാൻ ശ്രമം തുടരുന്നു. പുതിയ വ്യവസായങ്ങള്‍ വരുന്നതിന് സഹായം ചെയ്യുന്നുണ്ടെങ്കിലും ഭൂമി കുറവായത് പ്രശ്നമാണ്. സര്‍ക്കാര്‍ ഭൂമിയില്‍ വ്യവസായം തുടങ്ങുന്നവര്‍ക്ക് ഭൂമിയുടെ വില ഗഡുക്കളായി അടക്കാനുള്ള സൗകര്യം ചെയ്യും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികളുണ്ടാവും.
ആര്‍ക്കിടെക്ട്സ് ഡിസൈന്‍ പോളിസി രൂപവത്കരണം സര്‍ക്കാറിെൻറ പരിഗണനയിലുണ്ട്. ടൂറിസം രംഗത്ത് പ്രധാനപ്പെട്ട കേന്ദ്രം തന്നെയാണ് കോഴിക്കോട്. സര്‍ക്കാറും മറ്റുള്ളവരും കൂടിച്ചേര്‍ന്നതും സ്വകാര്യ സംരംഭങ്ങളുമാകാം എന്ന നിലപാടാണ് സര്‍ക്കാറിന്. നഗര വികസനത്തില്‍ അഴുക്കുചാൽ സംവിധാനം നടപ്പാക്കേണ്ടത് പ്രാധാന്യമുള്ള നിർദേശമാണ്.
ഭൂമി ഏറ്റെടുക്കലടക്കമുള്ളവയില് പലപ്പോഴും എതിര്‍പ്പുകളുയരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലക്ക് നല്ല പ്രോത്സാഹനമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബേപ്പൂര്‍ തുറമുഖത്ത് മെയിൻറനന്‍സ് ഡ്രഡ്ജിങ് നടത്താന്‍ ടെൻഡര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. സാഗര്‍മാല പദ്ധതിയിലുള്‍പ്പെടുത്തി ക്യാപിറ്റല്‍ ഡ്രഡ്ജിങ് നടത്താനുള്ള വിശദ പദ്ധതി റിപ്പോർട്ട് സര്‍ക്കാറിെൻറ പരിഗണനയിലുണ്ട്. ബേപ്പൂര്‍ തുറമുഖത്തെ വാര്‍ഫ്, ബെര്‍ത്ത് നീളം കൂട്ടാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
കിഫ്ബി നവീകരണ പദ്ധതി രണ്ടാം ഘട്ടത്തിൽ 26 കിലോ മീറ്റര്‍ ദൂരത്തില്‍ 10 റോഡുകളാണുള്ളത്. ഇതില്‍ ഏഴു റോഡുകളുടെ വിശദ പദ്ധതി റിപ്പോർട്ട് തയാറായി കഴിഞ്ഞു. സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 22.25 കിലോമീറ്റര്‍ ദൂരത്തില്‍ ആറ് റോഡാണ് നവീകരിച്ചത്. 693 കോടിയാണ് ഇതിനായി ചെലവഴിച്ചത്. ഇതില്‍ 65 ശതമാനവും നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചതാണ്.
ഗെയില്‍ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി അഞ്ചിന് പ്രധാനമന്ത്രി നിര്‍വഹിച്ച ശേഷം സി.എൻ.ജി സ്റ്റേഷനുകള്‍ ജില്ലയില്‍ ആരംഭിക്കാനുള്ള നടപടിയാവും. കോഴിക്കോട്ട് നല്ല നിർദേശങ്ങൾ വന്നെന്നും ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമായി പരിശോധിച്ച് പദ്ധതികളിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.