നാലിൽ ഒരാൾ മദ്യപാനി; കേരളത്തിലെ മദ്യോപയോഗം 14% കൂടി
text_fieldsതിരുവനന്തപുരം: മലയാളികളിലെ മദ്യോപയോഗം സംബന്ധിച്ച ദേശീയ കുടുംബ ആരോഗ്യ സർവേയുടെ (എൻ.എഫ.എച്ച്.എസ്-6) പുതിയ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. കേരളത്തിൽ നാലിൽ ഒരു പുരുഷൻ മദ്യപാനിയാണെന്ന് 2023-24 വർഷത്തെ സർവേയിൽ പറയുന്നു. 2019-20ൽ പുറത്തുവന്ന സർവേ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ മദ്യോപയോഗം 14 ശതമാനമാണ് കൂടിയത്.
കേരളത്തിൽ 15 വയസ്സിനു മുകളിലുമുള്ള 22.7% പുരുഷന്മാർ മദ്യപിക്കുന്നവരാണ്. 2019-20 കാലഘട്ടത്തിൽ ഇത് 19.9% ആയിരുന്നു. ഇത് ദേശീയ ശരാശരിയേക്കാൾ (18.9%) കൂടുതലാണ്. ഇക്കാലയളവിൽ ദേശീയ ശരാശരി വർധിച്ചതാകട്ടെ 0.2 ശതമാനം മാത്രം. കേരളത്തിലെ സ്ത്രീകളുടെ മദ്യോപയോഗം വളരെ കുറവാണെങ്കിലും (0.3%) കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് (0.2%) നേരിയ വർധനവുണ്ട്.
മദ്യപാനികൾ കൂടുതലുള്ള സംസ്ഥാനം അരുണാചൽ പ്രദേശാണെന്നും റിപ്പോർട്ടിൽ പറയുന്നു. അവിടെ രണ്ടിലൊരാൾ (50.5%) മദ്യപാനിയാണ്. തൊട്ടുപിന്നിൽ തെലങ്കാന (43.9%). ഈ പട്ടികയിൽ 19-ാം സ്ഥാനത്താണ് കേരളം.
കുറഞ്ഞുവന്ന ട്രെൻഡ് മാറി; മദ്യപാനം വീണ്ടും കൂടുന്നു
2005-06 കാലഘട്ടത്തിന് ശേഷം മദ്യോപയോഗം കുറഞ്ഞുവന്നെങ്കിലും ഇപ്പോൾ വീണ്ടും ഉയർന്നു. 2005-06-ൽ 45 ശതമാനമായിരുന്ന പുരുഷന്മാരുടെ മദ്യപാനം 2015-16 ആയപ്പോഴേക്കും 37 ശതമാനമായി കുറഞ്ഞിരുന്നു (അന്ന് 15 മുതൽ 49 വയസ്സ് വരെയുള്ളവരിലായിരുന്നു സർവേ).
ഗ്രാമ-നഗര വ്യത്യാസങ്ങളിലും മാറ്റം വന്നിട്ടുണ്ട്. പുതിയ സർവേ പ്രകാരം ഗ്രാമീണമേഖലയിലെ 23.7% പുരുഷന്മാരും നഗരങ്ങളിലെ 21.5% പുരുഷന്മാരും മദ്യം കഴിക്കുന്നവരാണ്. കഴിഞ്ഞ തവണ ഇത് യഥാക്രമം 21%, 18.7% എന്നിങ്ങനെയായിരുന്നു.
ആരോഗ്യ സർവേയിലെ കണക്കുകൾ മദ്യപിക്കുന്നവരുടെ എണ്ണം കൂടിയെന്ന് വ്യക്തമാക്കുമ്പോഴും, കേരള സംസ്ഥാന ബിവറേജസ് കോർപറേഷന്റെ (ബെവ്കോ) വിൽപന കുറഞ്ഞിട്ടുണ്ട്. 2019-20ൽ 3.35 കോടി കേസ് മദ്യം വിറ്റഴിച്ചപ്പോൾ 2023-24 ൽ വിൽക്കാൻ കഴിഞ്ഞത് 3.30 കോടി കേസാണ് (ഒരു കേസ് =ഒൻപത് ലിറ്റർ). എന്നാൽ, മദ്യവില വർധിപ്പിച്ചതുമൂലം സർക്കാറിന്റെ വരുമാനം വലിയതോതിൽ വർധിച്ചു. 2019-20ൽ 14,708 കോടി രൂപയായിരുന്ന ബെവ്കോയുടെ മൊത്തം വിൽപന വരുമാനം 2023-24 ആയപ്പോഴേക്കും 19,089 കോടി രൂപയായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

