പീഡനത്തിനിരയായ പെൺകുട്ടിയുടെ മരണം: എം.എൽ.എ രാജിവെച്ചു
text_fieldsഭുവനേശ്വർ: പതിനാലുകാരിയുടെ ആത്മഹത്യയിൽ നീതിനിഷേധം ആരോപിച്ച് ഒഡിഷയിൽ കോൺഗ്രസ് എം.എൽ.എ രാജിവെച്ചു. കൊരാപുത് ജില്ലയിലെ കുണ്ഡ്ലിയിൽ കഴിഞ്ഞ ജനുവരിയിലാണ് പെൺകുട്ടി ജീവനൊടുക്കിയത്.
നാലു പൊലീസ് ഉദ്യോഗസ്ഥർ പീഡനത്തിനിരയാക്കിയതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപണമുയർന്നെങ്കിലും അന്വേഷണസംഘം ആരോപണം നിഷേധിക്കുകയായിരുന്നു.
പ്രതികളായ പൊലീസുകാരെ രക്ഷിക്കാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ചും പെൺകുട്ടിയുടെ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധി എന്ന നിലയിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തും രാജിവെക്കുകയാണെന്നാണ് കൊരാപുത് എം.എൽ.എ കൃഷ്ണചന്ദ്ര സഗാരിയ അറിയിച്ചത്.
ബിജു ജനതാദൾ ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസുകാരെ രക്ഷിക്കാനുള്ള ശ്രമത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇതെന്നും പെൺകുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജിയിൽ സ്പീക്കർ പ്രതികരിച്ചിട്ടില്ല. രാജിവെച്ചുവെങ്കിലും നീതിനിഷേധത്തിനെതിരെ കോൺഗ്രസിൽതന്നെ നിന്നുകൊണ്ട് ഇനിയും പോരാടും -ദലിത് നേതാവുകൂടിയായ സഗാരിയ പറഞ്ഞു. വൈദ്യപരിശോധന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം പൊലീസുകാരെ വെള്ളപൂശിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
