കൈയടി നേടി ‘കാലത്തിന്റെ കണ്ണീർ’
text_fieldsഎളേറ്റിൽ എം.ജെ.എച്ച്.എസിന്റെ അറബിക് നാടക ടീം
കോഴിക്കോട്: നവമാധ്യമങ്ങൾ എങ്ങനെയാണ് കുടുംബത്തിൽ കടന്നുകൂടുന്നതെന്നും എത്ര വേഗത്തിലാണവ അരുതായ്മകളുമായി ചങ്ങാത്തത്തിലാവുന്നതെന്നും കാണിച്ച ‘കാലത്തിന്റെ കണ്ണീരിന്’ എ ഗ്രേഡ്. കേരള സ്കൂൾ കലോത്സവത്തിൽ എളേറ്റിൽ എം.ജെ.എച്ച്.എസ് അവതരിപ്പിച്ച ഹൈസ്കൂൾ അറബിക് നാടകമാണ് ഒരുപാട് ചോദ്യങ്ങൾക്കുത്തരം തേടുന്നതായി മാറിയത്.
ഉമ്മയും രണ്ടു പെണ്മക്കളും അടങ്ങുന്ന കുടുംബത്തിലേക്കുള്ള നവമാധ്യമങ്ങളുടെ കടന്നുകയറ്റവും അതിജീവനവുമാണ് നാടകത്തിന്റെ പ്രമേയം. ഒരു മത്സരത്തിൽ പങ്കെടുത്തു സമ്മാനമായി കിട്ടിയ മൊബൈൽ ഫോണിനെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥ വർത്തമാനകാല സാഹചര്യങ്ങൾ വരച്ചു കാട്ടുന്നു.
മനാൽ ബത്തൂൽ, നിദ ഫാത്തിമ, ആയിഷ ജസ, മറിയം, നജില, ഫാത്തിമ, ഹയ, ഫാദി സമാൻ, നജ ഫാത്തിമ, ഷെസിൽ എന്നിവരാണ് നാടകത്തിൽ വേഷമിട്ടത്. ഇതേ നാടകത്തിലെ ആയിഷ ജസയാണ് മികച്ച നടി. സ്കൂളിലെ അധ്യാപകരായ ഷാനവാസ് പൂനൂർ, ടി.കെ.സി. മുഹമ്മദ്, സി.പി. സജീർ, ബാപ്പു ചളിക്കോട് എന്നിവരാണ് നാടകാവിഷ്കാരം നടത്തിയത്. ഷാജറാണ് പരിശീലകൻ. ജസീല, കമറുദ്ദീൻ എന്നിവരാണ് അണിയറപ്രവർത്തനം നിർവഹിച്ചത്.

