വേദന മറന്ന് നിള നായികയാവും
text_fieldsകോഴിക്കോട്: ജില്ലയിലെ ഏറ്റവും മികച്ച നടിയാണ് നിള നൗഷാദ്. നിളയുടെ നാടകത്തിനായിരുന്നു ജില്ലയിൽ ഒന്നാം സ്ഥാനവും. സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാൻ ഉഷാറായി ഒരുങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഉളുക്കിന്‍റെ രൂപത്തിൽ നായികയെ തോൽപിക്കാൻ വില്ലനെത്തിയത്.
രണ്ടു ദിവസം മുമ്പ് നടന്നുപോകുമ്പോൾ നിളയുടെ കാലൊന്നുളുക്കി. നല്ലവേദന. ബാൻഡേജ് ഒക്കെ ഇട്ടു. സ്റ്റേജിൽ നല്ലപോലെ ഓടിനടന്നുകളിക്കേണ്ട കഥാപാത്രമാണ് നിളയുടേത്. ബുധനാഴ്ചയാണ് നാടകമത്സരം. വിശ്രമം വേണമെന്നാണ് ഡോക്ടർ പറയുന്നതെങ്കിലും നാടകം വേണ്ടെന്നുവെച്ച് ഒന്നിനും തയാറല്ല നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുന്ന നിള.
ബാൻഡേജുമായാണ് രണ്ടു ദിവസമായി റിഹേഴ്സൽ നടത്തുന്നത്. കൂട്ടിന് കട്ടക്കുനിൽക്കുകയാണ് കൂട്ടുകാർ. നിളയില്ലെങ്കിൽ ഒരു ആവേശവും ഇല്ല. അതിനാൽ കൂട്ടുകാരിക്കുവേണ്ടി എന്തിനും തയാറായി നിൽക്കുന്ന ടീം. അവരാണ് നിളയുടെയും കരുത്ത്.

