സഹൽ ആപ് വഴിയുള്ള ജുഡീഷ്യൽ അറിയിപ്പുകൾ വൻ വിജയം
text_fieldsകുവൈത്ത് സിറ്റി: സഹൽ ആപ് വഴിയുള്ള ജുഡീഷ്യൽ അറിയിപ്പുകൾ വൻ വിജയം. പദ്ധതി നടപ്പാക്കിയതിന് പിറകെ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ നടത്തുന്ന ജുഡീഷ്യൽ പ്രഖ്യാപനങ്ങളിൽ ഗണ്യമായ വർധന ഉണ്ടായതായി നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. പദ്ധതി നടപ്പാക്കിയ ആദ്യ ആഴ്ചയിൽ ‘സഹൽ’ ആപ്പിൽ 10,848 ജുഡീഷ്യൽ നോട്ടീസുകൾ പുറപ്പെടുവിച്ചു.
ഓൺലൈൻ ജുഡീഷ്യൽ അറിയിപ്പുകൾ വഴി വ്യവഹാര പ്രക്രിയകൾ വേഗത്തിലാക്കുക, അറിയിപ്പ് സമയം കുറക്കുക, സുരക്ഷിതവും പരിശോധിക്കാവുന്നതുമായ ഡിജിറ്റൽ ചാനലുകളിലൂടെ നിയമപരമായ അറിയിപ്പുകളുടെ വിശ്വാസ്യത വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിച്ചതായും അധികൃതർ വ്യക്തമാക്കി. ഇലക്ട്രോണിക് അറിയിപ്പുകളുടെ ഉപയോഗം പരമ്പരാഗത പേപ്പർ അധിഷ്ഠിത അറിയിപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനച്ചെലവ് ഗണ്യമായി കുറക്കുകയും ചെയ്തു.
രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനായി നിയമ സാങ്കേതിക സംവിധാനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. അടുത്തിടെയാണ് സഹൽ ആപ് വഴിയുള്ള ജുഡീഷ്യൽ അറിയിപ്പുകൾ നൽകുന്ന സംവിധാനം അവതരിപ്പിച്ചത്. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി 2021 സെപ്റ്റംബർ15നാണ് സഹൽ ആപ് പുറത്തിറക്കിയത്. സര്ക്കാര് മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
രേഖകളുടെ സാധുത ഉറപ്പുവരുത്താൻ ക്യു ആർ കോഡ് സൗകര്യവും ഉണ്ട്. മൊബൈൽ ഫോണിൽ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് സിവിൽ ഐഡി ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

