Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ap abdullakutty
cancel
Homechevron_rightInterviewchevron_rightകുറ്റമറ്റ...

കുറ്റമറ്റ ഹജ്ജ്സേവനമാണ് ലക്ഷ്യം -എ.പി. അബ്ദുല്ലക്കുട്ടി

text_fields
bookmark_border
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി ചുമതലയേറ്റ ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി 'മാധ്യമ'ത്തോട് സംസാരിക്കുന്നു.

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവിയിലെത്തുന്ന ആദ്യ മലയാളിയും ദക്ഷിണേന്ത്യക്കാരനുമാണ് താങ്കൾ. സ്ഥാനലബ്ധിയെ എങ്ങനെ കാണുന്നു?

ഇത് ഒരു വലിയ ഉത്തരവാദിത്തമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തീർഥാടനമാണ് ഹജ്ജ്. ആ കർമം നല്ല നിലയിൽ പൂർത്തിയാക്കുന്നതിനുള്ള ഒരുക്കങ്ങൾ, ഹാജിമാർക്കുള്ള സൗകര്യങ്ങൾ, സേവനങ്ങൾ ഒരുക്കുന്നത് വലിയ ചാരിതാർഥ്യമുള്ള കാര്യമാണ്. ഇത് ആത്മാർഥമായി കുറ്റമറ്റ രീതിയിൽ സാധ്യമാക്കാൻ ശ്രമിക്കും. വിശ്വാസികളോട് നൂറു ശതമാനം നീതിപുലർത്തും.

കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ ഇതാദ്യമായി വനിതകൾക്ക് ഇടം ലഭിച്ചിരിക്കുന്നു?

ഈ കമ്മിറ്റിയുടെ ഏറ്റവും വലിയ സവിശേഷതയാണ് അത്. സാധാരണ നമ്മുടെ നാട്ടിൽ ഹജ്ജ് കമ്മിറ്റികളിലും വഖഫ് ബോർഡിലുമൊന്നും സ്ത്രീകൾക്ക് പ്രാതിനിധ്യം കിട്ടാറില്ല. ഇക്കുറി വൈസ് ചെയർമാൻമാരായി രണ്ടു സ്ത്രീകളെയാണ് നിയോഗിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽനിന്നുള്ള മുനവ്വരി ബീഗമാണ് ഒരാൾ. ബംഗാളിൽനിന്നുള്ള മഫ്ഹൂജ ഖാത്തൂൻ. അവർ സി.പി.എമ്മിന്‍റെ മുൻ എം.എൽ.എ കൂടിയാണ്. ഇത് മോദി സർക്കാർ മുസ്ലിം സ്ത്രീകൾക്ക് നൽകുന്ന അംഗീകാരമാണ്.

ഹജ്ജിന് ഒരുക്കങ്ങൾ എത്രത്തോളമായി?

ഹജ്ജ് കമ്മിറ്റിയുടെ ആദ്യയോഗം കഴിഞ്ഞദിവസം മുംബൈ ഹജ്ജ് ഓഫിസിൽ ചേർന്നു. ഇക്കുറി ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികൾക്ക് ഹജ്ജ് നിർവഹിക്കാൻ അവസരം കിട്ടുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. കോവിഡ് മൂലം രണ്ടുതവണ വിദേശികൾക്ക് ഹജ്ജ് അവസരം ലഭിച്ചിരുന്നില്ല. ഇക്കുറി അവസാന നിമിഷമാണ് സൗദി സർക്കാർ ശക്തമായ നിയന്ത്രണങ്ങളോടെ അനുവദിച്ചത്. 65 വയസ്സിന് താഴെയുള്ളവർക്ക് മാത്രമാണ് പ്രവേശനം. 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണം എന്നിങ്ങനെയുള്ള നിബന്ധനകളുണ്ട്.

സാധാരണനിലയിൽ ഹജ്ജിനുള്ള ഒരുക്കം നാലഞ്ചു മാസം മുമ്പ് തുടങ്ങേണ്ടതാണ്. ഞങ്ങൾക്കുമുന്നിൽ ഒരുമാസം മാത്രമാണുള്ളത്. മേയ് 31ന് ആദ്യ സംഘം യാത്ര പുറപ്പെടണം. പരിശീലനം പെരുന്നാൾ കഴിഞ്ഞ് മേയ് ആറിന് തുടങ്ങുകയാണ്. ഹജ്ജ് ഹൗസിലെ 200 ജീവനക്കാരും രാവും പകലും ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ഹജ്ജ് കമ്മിറ്റി അംഗങ്ങൾക്കും ഇനിയുള്ള ദിവസങ്ങളിൽ ഒരുപാട് ഉത്തരവാദിത്തമുണ്ട്.

ഇന്ത്യയിൽ കൂടുതൽ ആളുകൾക്ക് അവസരം കിട്ടാനുള്ള സാധ്യതയുണ്ടോ?

വിദേശികളുടെ ക്വോട്ട സൗദി ഇക്കുറി കുറച്ചിട്ടുണ്ട്. ഇക്കുറി നമുക്ക് കിട്ടിയത് 79,327 ആണ്. വരും വർഷങ്ങളിൽ കൂടുതൽ ക്വോട്ട അനുവദിച്ചുകിട്ടാൻ ശക്തമായ ശ്രമം നടത്തും. ഇന്ത്യയുടെ ഹജ്ജ് ചരിത്രത്തിൽ ഏറ്റവും വലിയ സംഘത്തെ കൊണ്ടുപോയത് കോവിഡിന് മുമ്പ് 2019ലാണ് - രണ്ടുലക്ഷം പേരെ.

സർക്കാർ ക്വോട്ടയിൽ കൂടുതൽ പേർക്ക് ഹജ്ജ് യാത്ര സാധ്യമാക്കണമെന്ന ആവശ്യം ശക്തമാണ്?

അതുതന്നെയാണ് ഹജ്ജ് കമ്മിറ്റി മുൻഗണന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടർന്ന് 2019ൽ ലഭിച്ച 10,000 സീറ്റും സർക്കാർ ക്വോട്ടയിലാണ് നൽകിയത്. അത് ഹജ്ജ് തീർഥാടനത്തിലെ ചരിത്രമാണ്. മുൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അധികമായി കിട്ടുന്ന സീറ്റുകൾ സ്വകാര്യ ട്രാവൽ ഏജൻസികളുടെ കൈകളിലേക്കാണ് പോകേണ്ടിയിരുന്നത്.

ഹജ്ജ് യാത്രയിൽ വിമാനക്കമ്പനികളുടെ കൊള്ള പതിവായുള്ള പരാതിയാണ്?

ഹജ്ജ് യാത്ര പരമാവധി കുറഞ്ഞ നിരക്കിൽ സാധ്യമാക്കാൻ ശ്രമിക്കും. താമസത്തിന്‍റെയും ഭക്ഷണത്തിന്‍റെയും വിമാന നിരക്കിന്‍റെയുമൊക്കെ കണക്കുകൾ എടുത്തുവരുന്നതേയുള്ളൂ. അന്തിമമായിട്ടില്ല. ഇക്കുറി സർക്കാർ ക്വോട്ടയിൽ ഏകദേശം 3,32,000 രൂപ ചെലവാണ് കണക്കാക്കുന്നത്. ഇക്കുറി കമ്മിറ്റിക്ക് ഇടപെടാൻ ആവശ്യമായ സമയം ലഭിച്ചിട്ടില്ല. അടുത്ത വർഷം കൂടുതൽ ഫലപ്രദമായി ഇടപെടും.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ചൂഷണവും വ്യാപകമാണ്...

അതിനൊക്കെ നിയന്ത്രണം വേണമെന്ന് ഹജ്ജ് കമ്മിറ്റിക്കകത്ത് ചർച്ച വന്നിട്ടുണ്ട്. നിരക്ക് തോന്നിയ പോലെ ഈടാക്കുന്ന സാഹചര്യമാണുള്ളത്. സ്വകാര്യസ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സൗദി അറേബ്യ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ഹാജിമാരുടെ സൗദിയിലെ താമസം, ഭക്ഷണം എന്നിവ ഒരുക്കുമ്പോൾ ഇടനിലക്കാരെ പരമാവധി ഒഴിവാക്കാൻ ശ്രമിക്കും. മേയ് ആദ്യം സൗദി അറേബ്യ സന്ദർശിക്കുന്നുണ്ട്. അപ്പോൾ അതിന്‍റെ കാര്യങ്ങൾ പരിശോധിക്കും.

കേരളത്തിൽനിന്ന് കൂടുതൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാണ്.

നേരത്തേ, 21 പുറപ്പെടൽ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഹാജിമാരുടെ എണ്ണം കുറച്ചതോടെ അത് 10 ആയി ചുരുക്കിയതാണ്. അതിൽ കൊച്ചി ശ്രദ്ധേയമായ കേന്ദ്രമാണ്. തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ളവർ കൊച്ചി വഴിയാണ് യാത്രചെയ്യുക. കോഴിക്കോട്ട് മുമ്പുണ്ടായിരുന്ന പുറപ്പെടൽ കേന്ദ്രം പിന്നീട് ഇല്ലാതായി. കോഴിക്കോട് ഒഴിവാക്കപ്പെട്ടത് ഹജ്ജ് കമ്മിറ്റിയുടെ കുഴപ്പമായിരുന്നില്ല. വിമാനക്കമ്പനികളുടെ ശക്തമായ നിലപാട് കാരണമാണ്. വിമാനങ്ങളുടെ എണ്ണം കുറഞ്ഞ വലിയ വിമാനം ഇറങ്ങുന്ന വിമാനത്താവളമാണ് അവർക്ക് ഇഷ്ടം.

അബ്ദുല്ലക്കുട്ടിയുടെ സ്വന്തം നാടായ കണ്ണൂരിന് പുറപ്പെടൽ കേന്ദ്രം പ്രതീക്ഷിക്കാമോ?

ഹജ്ജ് പുറപ്പെടൽ കേന്ദ്രമാകുന്നതിന് കണ്ണൂരിന് ഒരു അയോഗ്യതയുമില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് ധാരാളം അപേക്ഷകരുണ്ട്. വലിയ വിമാനം ഇറങ്ങാൻ ഏറ്റവും മികച്ച സംവിധാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിലുണ്ട്. ഞാൻ പ്രതീക്ഷിക്കുന്നത് അടുത്ത വർഷം ഹജ്ജിന് ഇന്നുള്ളതിന്‍റെ ഇരട്ടിയിലധികം ക്വോട്ട വരും എന്നാണ്. സ്വാഭാവികമായും കണ്ണൂരും കോഴിക്കോടുമൊക്കെ പുറപ്പെടൽ കേന്ദ്രം ഉണ്ടാകും. കണ്ണൂരിന്‍റെയും കോഴിക്കോടിന്‍റെയും ആവശ്യം ന്യായമാണ്. ചെയർമാൻ എന്ന നിലക്ക് ആ ആശയത്തിനൊപ്പം നിൽക്കും. നമുക്ക് കൂട്ടായി ഇടപെട്ട് നേടിയെടുക്കാൻ ശ്രമിക്കാം. അടുത്തവർഷം മലബാറിൽ ഒരു ഹജ്ജ് പുറപ്പെടൽ കേന്ദ്രം ഉണ്ടാകുമെന്നത് ഉറപ്പ്.

ഏറ്റവും കൂടുതൽ അപേക്ഷകരുള്ള സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്‍റെ ക്വോട്ട വർധിപ്പിക്കേണ്ടതല്ലേ?

എല്ലാകാലത്തും ഏറ്റവും കൂടുതൽ അപേക്ഷ കേരളത്തിൽനിന്നാണ്. കേരളത്തിലെ മുസ്ലിം സമുദായത്തിന്‍റെ സാമൂഹിക സാമ്പത്തിക മുന്നേറ്റത്തിന്‍റെ അടയാളംകൂടിയാണത്. ഇക്കുറി 17,000 ത്തിലധികം അപേക്ഷകരുണ്ട് കേരളത്തിൽനിന്ന്. യു.പിയാണ് തൊട്ടുപിന്നിൽ. ഇക്കുറി കേരളത്തിന്‍റെ ക്വോട്ട 5600ൽ പരം മാത്രമാണ്. മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയ ക്വോട്ടയിൽ അപേക്ഷകർ ഇല്ലെങ്കിൽ സ്വാഭാവികമായും അതിൽ നല്ലൊരു വിഹിതം കേരളത്തിന് ലഭിക്കും.

ബി.ജെ.പി ഉപാധ്യക്ഷപദവിയിലെ മുസ്ലിം എന്ന നിലയിൽ പാർട്ടിയോടുള്ള ന്യൂനപക്ഷങ്ങളുടെ സമീപനം എങ്ങനെയാണ് വിലയിരുത്തുന്നത്...

ഇന്ത്യയിൽ പൊതുവെ നോക്കുകയാണെങ്കിൽ ന്യൂനപക്ഷ സമുദായത്തിൽനിന്ന് യു.പി തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിക്ക് ഒരുപാട് വോട്ട് കിട്ടിയിട്ടുണ്ട്. വോട്ടിങ്ങിൽ മാത്രമല്ല, ബി.ജെ.പിക്കുവേണ്ടി പ്രവർത്തനരംഗത്തും മുസ്ലിംകൾ കടന്നുവരുന്നതാണ് മറ്റു സംസ്ഥാനങ്ങളിൽ കാണുന്നത്. കേരളത്തിൽ അത്രത്തോളമില്ല. എന്നാലും മാറ്റങ്ങൾ ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ. തെറ്റിദ്ധാരണയാണ് ഇവിടെ. അതുമാറുന്നതോടെ ന്യൂനപക്ഷ സമുദായം ദേശീയ പ്രസ്ഥാനത്തിനൊപ്പം അണിചേരും എന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AP Abdullakuttyhajj
News Summary - The goal is an impeccable Hajj service - AP Abdullakutty
Next Story