‘ഡീൽ’ ആരോപണം തോൽവി മുന്നിൽക്കണ്ട്
text_fieldsആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ
കോൺഗ്രസ് നേതാക്കൾ എൽ.ഡി.എഫിനെതിരെ ഉയർത്തുന്ന ‘ഡീൽ’ ആരോപണം തോൽവി മുന്നിൽക്കണ്ടുകൊണ്ടുള്ള മുൻകൂർ ജാമ്യമെടുക്കലാണെന്ന് രാഷ്ട്രീയ ജനതാ ദൾ (ആർ.ജെ.ഡി.) സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ. കൂടുതൽ സീറ്റ് ലഭിക്കാത്തതിനെച്ചൊല്ലി ആർ.ജെ.ഡിയിലുണ്ടായ പ്രശ്നങ്ങൾ തീർത്തെന്നും യോജിച്ച് മുന്നോട്ടു പോയി തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും ‘മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
? ഇടത് മുന്നണിയിൽ ആർ.ജെ.ഡിക്ക് മൂന്ന് സീറ്റാണ് ഇത്തവണയും ലഭിച്ചത്. കൂടുതൽ സീറ്റ് വേണമെന്ന ആവശ്യം പാർട്ടി നേതൃയോഗത്തിൽ ഉയർന്നിരുന്നല്ലോ. - മുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നുണ്ടോ
• അതൊക്കെ പറഞ്ഞു കഴിഞ്ഞ കാര്യങ്ങളാണ്, അതിലേക്ക് ഇനി പോകേണ്ട കാര്യമില്ല. മുന്നണിയിൽ ആവശ്യം ഉന്നയിച്ചതാണ്. തെരഞ്ഞെടുപ്പായല്ലോ, ഇനി അതിന് വേണ്ടി പ്രവർത്തിക്കുക എന്നതല്ലാതെ വേറെ ചർച്ചയൊന്നും ഇല്ല.
? 2021 നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഭാവിയിൽ കൂടുതൽ സീറ്റുകൾ നൽകാമെന്ന് ഉറപ്പു നൽകിയിരുന്നു എന്ന് നേതാക്കൾ പറയുന്നു. ഇത്തവണ രണ്ട് സീറ്റ് കൂടി ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല. ഘടക കക്ഷിയെ അവഗണിക്കുന്ന നടപടിയല്ലേ ഇത്
• മുന്നണിയിൽ ആവശ്യം ഉന്നയിച്ചതാണ്. കൂടുതൽ പ്രാതിനിധ്യം വേണമെന്ന് പല മേഖലകളിലും ഉന്നയിച്ചതാണ്. കൂടുതൽ പ്രതിനിധ്യം കിട്ടേണ്ട പാർട്ടിയാണ്. ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ, ചില പരിമിതികൾ ഉള്ളതുകൊണ്ട് സാധിച്ചില്ല. കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ മുന്നിലുള്ള ലക്ഷ്യം തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ സ്ഥാനാർഥികളെ വിജയിപ്പിക്കുക, എൽ.ഡി.എഫിനെ വിജയിപ്പിക്കുക എന്നുള്ളതാണ്. ബാക്കിയുള്ള രാഷ്ട്രീയത്തിന് ഇപ്പോൾ പ്രസക്തിയില്ല.
? സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് താങ്കൾ പറഞ്ഞു, പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ട് പല ഡിവിഷനുകളിലും ആർ.ജെ.ഡി സ്ഥാനാർഥികളെ തോൽപിക്കാൻ സി.പി.എം കാലുവാരി എന്ന് ജില്ല കമ്മിറ്റിയുടെ ആരോപണം ഉണ്ടായിരുന്നല്ലോ.
• ആ ആരോപണം എഴുതി നൽകി, തുടർന്ന് ഉന്നയിക്കേണ്ട സ്ഥലത്ത് ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ അത് ചർച്ചയാക്കേണ്ട വിഷയമല്ല. ഇപ്പോൾ തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ്. പാർട്ടിക്ക് അർഹതപ്പെട്ട കാര്യങ്ങൾ ചോദിക്കേണ്ട വേദിയിൽ ചോദിക്കുക, പറയേണ്ട സ്ഥലത്ത് പറയുക. തീരുമാനത്തിലെത്തിക്കഴിഞ്ഞാൽ അതുമായി മുന്നോട്ടുപോകുക എന്നതാണ്.
? എൽ.ഡി.എഫ് വിടണമെന്ന വികാരം ആർ.ജെ.ഡിയിൽ ശക്തമായിരുന്നല്ലോ. സുരേന്ദ്രൻ പിള്ള രാജിവെച്ചു, പിന്നീട് തിരിച്ചു വന്നു. പാർട്ടിയിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടോ?
• പാർട്ടിയിൽ എന്താ പ്രശ്നമുള്ളത്? എല്ലാ പാർട്ടിയിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകില്ലേ? ഞങ്ങളുടെ ചെറിയ പ്രശ്നങ്ങൾ ഞങ്ങൾ തീർത്ത് യോജിച്ച് മുന്നോട്ടു പോകുകയാണ്. പാർട്ടി പൊട്ടിത്തെറിയിലേക്ക്, പിളർപ്പിലേക്ക് എന്നൊക്കെ പറഞ്ഞിരുന്നല്ലോ. എന്നിട്ട് പാർട്ടി പിളർന്നോ? പൊട്ടിത്തെറി ഉണ്ടായോ? ഞങ്ങൾക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടിയില്ല എന്ന് മുന്നണിയിൽ പറഞ്ഞിട്ടുണ്ട്.
? എന്തുകൊണ്ടാണ് താങ്കൾ മത്സര രംഗത്തുനിന്ന് പിന്മാറിയത്?
• ഞാൻ മുമ്പേ തീരുമാനിച്ചതാണ്. എന്നാൽ കഴിഞ്ഞ തവണ മത്സരിക്കേണ്ടിവന്നു. മറ്റുള്ളവർക്കും അവസരം കൊടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഞങ്ങൾക്ക് കുറച്ച് സീറ്റേ ഉള്ളൂ. ഒരേ ആൾക്കാർ തന്നെ മത്സരിച്ചാൽ ഈ പാർട്ടിയിൽ വളർന്നുവന്ന ആൾക്കാർക്ക് പ്രതീക്ഷ വേണ്ടേ? പുതിയ ആൾക്കാർക്ക് അവസരം കൊടുക്കുക. അവരുടെ പ്രവർത്തനവും ജനങ്ങൾക്ക് ഉപകാരപ്രദമാകട്ടെ. നാലു തവണ മത്സരിച്ചില്ലേ, അതു മതി. ജീവിതാവസാനം വരെ മത്സരിക്കാൻ അവകാശമുണ്ടെന്ന് കരുതുന്നത് തെറ്റാണ്. എന്‍റെ പാർട്ടി എനിക്ക് അവസരങ്ങൾ തന്നു, എം.എൽ.എയും എം.പിയുമായി.
? ഈ നിലപാട് മറ്റു പല പാർട്ടികളിലെയും നേതാക്കൾ മാതൃകയാക്കേണ്ടതല്ലേ
• അത് എനിക്കറിയില്ല. എനിക്കിതേ പറയാൻ പറ്റൂ.
? വടകരയിൽ ആർ.എം.പി നേതാവ് കെ.കെ. രമയെ നേരിടാൻ താങ്കൾ സ്ഥാനാർഥിയാകണം എന്ന് ആവശ്യം ഉയർന്നിരുന്നല്ലോ.
• പാർട്ടിയിലും എൽ.ഡി.എഫിലും ആ ആവശ്യം ഉണ്ടായിരുന്നു. മറ്റുള്ളവർക്ക് അവസരം ലഭിക്കണം. വർഷങ്ങളായി പാർട്ടി പ്രവർത്തനം നടത്തുന്ന ചെറുപ്പക്കാർ അടക്കമുള്ളവർ ഉണ്ട്. എല്ലാവരും വരുമ്പോഴേ ഒരു രാഷ്ട്രീയപാർട്ടിക്ക് മുന്നേറാൻ സാധിക്കൂ. വടകരയിലോ കൽപറ്റയിലോ മത്സരിക്കണമെന്ന് ആവശ്യം ഉണ്ടായിരുന്നു. എന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതിന് പാർട്ടിയോടും സി.പി.എമ്മിനോടും മുന്നണിയോടും എനിക്ക് നന്ദിയുണ്ട്. പക്ഷേ എന്‍റെ തീരുമാനം വളരെ വ്യക്തമായിരുന്നു.
? മുന്നണികൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറിയിരിക്കുന്നു. കോൺഗ്രസ് നേതാക്കൾ ‘ഡീൽ’ ആരോപണം സജീവമായി ഉയർത്തുകയാണ്.
• തോൽവി മുന്നിൽ കണ്ട് കൊണ്ടുള്ള മുൻകൂർ ജാമ്യം എടുക്കുന്ന രീതിയാണ് അത്. അതിലൊന്നും യാതൊരു കഴമ്പുമില്ല. എൽ.ഡി.എഫിന് എങ്ങനെ ബി.ജെ.പിയുമായി ഡീൽ ഉണ്ടാക്കാൻ സാധിക്കും? വളരെ ശക്തമായി അവരുടെ നയങ്ങളെ എതിർക്കുന്ന രാഷ്ട്രീയ മുന്നണിയാണ് എൽ.ഡി.എഫ്.
? പത്ത് വർഷത്തെ സർക്കാറിന്‍റെ ഭരണത്തെ ആർ.ജെ.ഡി എങ്ങനെ വിലയിരുത്തുന്നു? ഭരണത്തുടർച്ച ഉണ്ടാകുമോ?
• കേരളം മുമ്പ് കാണാത്ത രീതിയിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടന്നു. ഒരു കാര്യം ചെയ്യണമെന്ന് മന്ത്രിസഭ യോജിച്ച് തീരുമാനമെടുത്താൽ അത് നടപ്പിലാക്കാനുള്ള ദൃഢനിശ്ചയമുണ്ട്. അഞ്ചോ പത്തോ വർഷം മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനമല്ല നടത്തിയത്. ഒരു നോളജ് ബേസ്ഡ് എക്കോണമിയിൽ എങ്ങനെ കേരളത്തിന് സാമ്പത്തിക, സാമൂഹിക പുരോഗതിയും കൈവരിക്കാമെന്നതാണ് എൽ.ഡി.എഫ് നടപ്പാക്കുന്ന നയങ്ങൾ. വികസനപ്രവർത്തനങ്ങൾക്കൊപ്പം ക്ഷേമപ്രവർത്തനവും നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചു. 64 ലക്ഷം കുടുംബങ്ങൾക്കാണ് പെൻഷൻ ലഭിക്കുന്നത്.കേരളത്തിലെ ജനങ്ങൾ ഈ ഭരണം കാണുന്നുണ്ട്. സർക്കാറിന്‍റെ കരുതൽ അനുഭവിച്ച ആൾക്കാരാണ് ഇവിടെയുള്ളത്. അതിനാൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

