Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightInterviewchevron_rightആ നിമിഷത്തിന്റെ...

ആ നിമിഷത്തിന്റെ നിർവൃതിയിൽ

text_fields
bookmark_border
sreekumaran thampi
cancel
ഗാനരചയിതാവിന് ആ സമയമോ സാവകാശമോ കിട്ടില്ല. തിരക്കഥയിലെ സന്ദർഭം പറഞ്ഞുതന്നു കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ പാട്ടുകൾ എഴുതിക്കൊടുക്കണം.

തന്റെ തട്ടകത്തിൽനിന്നുള്ള എഴുത്തിന്റെ സത്യസന്ധതയാണ് ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളുടെ ഭംഗി. ഉള്ളതു പറയുന്ന സ്വഭാവക്കാരനായ ശ്രീകുമാരൻ തമ്പിയുടെ തുറന്നുപറച്ചിലും ജീവിതവും ചിന്തകളും സ്വപ്നങ്ങളും പരിഭവങ്ങളും കുറ്റസമ്മതവുമൊക്കെ അദ്ദേഹത്തിന്റെ ഗാനങ്ങളിലും നിഴലിച്ചിട്ടുണ്ട്. ഒരു കവിയുടെ നേരെഴുത്തു പോലെ ആത്മാർഥമായി എടുത്തുവെച്ച വാക്കുകളിലൊക്കെയും പ്രകൃതിയും ആത്മാവും വിളക്കിച്ചേർത്ത ഉദാത്ത കാവ്യാത്മകതയും തുളുമ്പുന്ന സംഗീതവുമുണ്ട്. ഒരുപക്ഷേ വയലാറിനെയും ഭാസ്കരൻ മാഷിനെയും അതിശയിപ്പിക്കുന്ന കാവ്യ ഗുണവും സംഗീതാത്മകതയും പല തമ്പി ഗാനങ്ങളിലുമുണ്ട്. ഏതുവികാരം പ്രകടിപ്പിക്കുമ്പോഴും അതിൽ ആത്മാർഥമായി തന്നെ പ്രതിഷ്ഠിക്കാനും കലർപ്പില്ലാതെ പറയാനും കഴിയുന്ന തമ്പിക്ക് അനുഗ്രഹിക്കപ്പെട്ട ഒരു പദപ്പൊലിമ വീണുകിട്ടും. ഈ പദഭംഗികൾ ചേർത്തെഴുതിയ ഒരു സാംസ്കാരിക ചരിത്രം മലയാളത്തിന് അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. അതിന്റെയലയൊലികൾ യേശുദാസിന്റെയും ജയചന്ദ്രന്റെയുമൊക്കെ ശബ്ദത്തിൽ മലയാളക്കരയുടെ നഭോമണ്ഡലത്തിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നുണ്ട് സദാ. ശ്രീകുമാരൻ തമ്പി കണ്ട ആയിരം പൂർണ ചന്ദ്രൻമാരിൽ ഒരു മലയാളി ജീവിതത്തിന്റെ നീണ്ട പാഠമുണ്ട്. ശ്രീകുമാരൻ തമ്പി പറയുന്നു...

മുന്നൊരുക്കമില്ലാത്ത പാട്ടെഴുത്ത്

ഞാൻ ഒരു സ്പൊണ്ടേനിയസ് റൈറ്റർ ആണ്. അങ്ങനെ എഴുതാൻ കഴിയുന്നവർക്ക് മാത്രമേ സിനിമാ ഗാനരചയിതാവാകാൻ പറ്റൂ. ഗാനരചയിതാവിന് ആ സമയമോ സാവകാശമോ കിട്ടില്ല. തിരക്കഥയിലെ സന്ദർഭം പറഞ്ഞുതന്നു കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ പാട്ടുകൾ എഴുതിക്കൊടുക്കണം. ചിലപ്പോൾ അടുത്ത മണിക്കൂറിൽ തന്നെ എഴുതേണ്ടി വരും. ആദ്യം ട്യൂൺ തീരുമാനിച്ചിട്ട് അതനുസരിച്ചാണ് എഴുതുന്നതെങ്കിൽ മ്യൂസിക് ഡയറക്ടറുടെയും പ്രൊഡ്യൂസറുടെയും ഡയറക്ടറുടെയും കൂടെയിരുന്നുതന്നെ വരികൾ എഴുതണം. അവർ പറയുന്നതനുസരിച്ച് വരികൾ മാറ്റിയെഴുതേണ്ടി വരും. ഇതിനിടയിൽ അന്വേഷണത്തിനും പഠനത്തിനുമൊക്കെ സമയമെവിടെ? പദസമ്പത്തായിരുന്നു എന്റെ ധനം. പി. ഭാസ്കരനും വയലാറും അവരുടെ പാട്ടുകളിൽ ആവർത്തിക്കുന്ന ചിലപദങ്ങൾ എന്റെ പാട്ടുകളിൽ ഒഴിവാക്കാൻ ഞാൻ ശ്രമിച്ചു.

​പ്രമുഖ സംവിധായകരൊന്നും പാട്ടെഴുതാൻ ക്ഷണിച്ചിട്ടില്ല എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞത് കേട്ടിട്ടുണ്ട്?

ശരിയാണ്. ഭരതൻ, കെ.ജി. ജോർജ്, ഫാസിൽ, മോഹൻ, കമൽ, സിബി മലയിൽ, ലാൽജോസ്, രഞ്ജിത്ത്, സിദ്ദിഖ് ലാൽ തുടങ്ങിയ വലിയ സംവിധായകർ ആരും എന്നെ വിളിച്ചിട്ടില്ല. എം. കൃഷ്ണൻ നായരും കെ.എസ്. സേതുമാധവനും നിർബന്ധിച്ചപ്പോൾ മാത്രമേ എന്റെ പാട്ടുകൾ ഉപയോഗിച്ചിട്ടുള്ളൂ. അവർ രണ്ടുപേരും വയലാറിനെയാണ് പതിവായി ക്ഷണിച്ചിരുന്നത്. എന്റെ അടുത്ത ബന്ധുവായ പത്മരാജൻ പോലും അദ്ദേഹം സംവിധാനം ചെയ്ത മൂന്നു സിനിമകൾക്കുവേണ്ടി മാത്രമേ എന്നെക്കൊണ്ട് പാട്ടുകൾ എഴുതിച്ചിട്ടുള്ളൂ, ‘തൂവാനത്തുമ്പികൾ’, ‘മൂന്നാംപക്കം’, ‘സീസൺ’ എന്നീ മൂന്നു സിനിമകൾ. അതും അദ്ദേഹം ഒ.എൻ.വിയോട് പിണങ്ങിയതുകൊണ്ടു മാത്രം. പി. സുബ്രഹ്മണ്യം, ശശികുമാർ, ഐ.വി. ശശി, എ.ബി. രാജ്, ക്രോസ്ബൽറ്റ് മണി തുടങ്ങിയവരുടെ ചിത്രങ്ങൾക്കുവേണ്ടിയാണ് ഞാൻ കൂടുതൽ എഴുതിയത്. ഞാൻ അധികം പാട്ടുകളും എഴുതിയത് ഇടിപ്പടങ്ങൾക്കുവേണ്ടിയാണ്. ആ പടങ്ങൾ ജനം മറന്നു. പക്ഷേ, ആ പാട്ടുകൾ ഇന്നും നിലനിൽക്കുന്നു.

ഞാൻ 26 സിനിമകൾ നിർമിച്ചു. അവയിൽ പാട്ടെഴുതാൻ എനിക്ക് ആരുടെയും അനുവാദം വാങ്ങേണ്ട ആവശ്യമില്ലല്ലോ. 85 സിനിമകൾക്കു തിരക്കഥയും സംഭാഷണവും എഴുതി. തിരക്കഥ എഴുതുന്ന പടങ്ങൾക്കു ഞാൻതന്നെയാണ് പാട്ടുകൾ എഴുതിയിട്ടുള്ളത്. പി. ഭാസ്കരൻ മാസ്റ്റർ സംവിധാനം ചെയ്ത എട്ടു സിനിമകൾക്കു ഞാൻ സ്ക്രിപ്റ്റ് എഴുതി. അവയിൽ നാല് സിനിമകളിൽ പകുതി പാട്ടുകളും ഞാൻ എഴുതി. ഏതാണ്ട് മുന്നോറോളം പടങ്ങൾക്ക് പാട്ടുകൾ എഴുതി.

കേൾക്കുന്ന പാട്ടുകൾ, സംഗീതം...

എന്റെ സംഗീതത്തിന് അതിർവരമ്പുകളില്ല. എല്ലാ സംഗീതവും ഇഷ്ടം. കഥകളിപ്പദങ്ങളും അഷ്ടപദിയും കേൾക്കുന്ന താൽപര്യത്തോടെ പാശ്ചാത്യ സംഗീതവും കേൾക്കും. വെസ്റ്റേൺ മ്യൂസിക്കിൽ ക്ലാസിക്കൽ സംഗീതത്തോടാണ് ഏറെ പ്രിയം. അന്ധനായ ഗായകൻ സ്റ്റീവ് വണ്ടർ, ‘പെനിലവർ...’ എന്ന സൂപ്പർഹിറ്റ് ഗാനം പാടിയ ലയണൽ റിച്ചി എന്നിവരോടാണ് ഏറെ അടുപ്പം. ഗുലാം അലിയുടെ ഗസൽ വളരെയിഷ്ടം. പർവീൺ സുൽത്താനയെ ഇഷ്ടം. എല്ലാ ഇന്ത്യൻ ഭാഷകളിലുമുള്ള പഴയ ചലച്ചിത്രഗാനങ്ങൾ പാടിയവരിലും കർണാടകസംഗീതത്തിലും ഒരുപാട് ഇഷ്ടഗായകരുണ്ട്.

​പ്രണയത്തെയും വിരഹത്തെയും കുറിച്ച് തീവ്രമായ ഗാനങ്ങൾ എഴുതാൻ കഴിഞ്ഞത് എങ്ങനെയാണ്?

പ്രണയഗാനങ്ങളുടെ പ്രചോദനം സ്വന്തം അനുഭവം തന്നെയാണ്. പ്രണയവേദനയും പ്രണയസാഫല്യവും അനുഭവിച്ചിട്ടുണ്ട്. ഈ അനുഭവങ്ങളുടെ പടവുകളിൽനിന്ന് സങ്കൽപങ്ങളുടെ ചാരുതയിലേക്കു പറക്കാൻ എളുപ്പമാണ്. ചെറുപ്പത്തിൽ അനുഭവിച്ച പ്രണയദുഃഖം വാർധക്യമെത്തുമ്പോൾ ഒരു തമാശയായി മാറും. ആ തമാശയാണ് എന്റെ സൂപ്പർഹിറ്റ് ഗാനമായ ‘ആലപ്പുഴ പട്ടണത്തിൽ അതിമധുരം വിതറിയോളേ...’ എന്ന പാട്ടിൽ നിറയുന്നത്. ഓർത്തുനോക്കിയാൽ ഈ ജീവിതംതന്നെ ഒരു വലിയ തമാശയല്ലേ..?

പാട്ടിൽ എപ്പോഴും തത്ത്വചിന്ത കടന്നുവരുന്നത് എന്തുകൊണ്ടാണ്?

എനിക്കറിയില്ല. കുട്ടിക്കാലത്തുതന്നെ അനുഭവിച്ചു തുടങ്ങിയ ദുഃഖത്തിന്റെ തീവ്രതയിൽനിന്ന് ജനിച്ചതാവാം. എന്റെ പതിനൊന്നാം വയസ്സിൽ എഴുതിയ ആദ്യകവിത ‘കുന്നും കുഴിയും’ പോലും തത്ത്വചിന്താപരമാണ്. ‘അതാ ആ കുന്നിനടുത്തുതന്നെ ഒരു കുഴി. ആ കുന്നു തട്ടി കുഴി നികത്തിയാലെന്താണ്..?’ ഇതായിരുന്നു ആ കുഞ്ഞുകവിതയുടെ ആശയം...

എപ്പോഴും വളരെ സന്തോഷവാനായി, ഊർജത്തോടെ ഇരിക്കുന്നതിന്റെ രഹസ്യം?

അതിനുള്ള പ്രധാന കാരണം ഞാൻ എന്റെ പ്രായത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ്. ‘മനസ്സാണ് പ്രായം’ എന്നപേരിൽ ഞാൻ നടത്തിയ ഒരു പ്രഭാഷണം യുട്യൂബിലുണ്ട്. രണ്ടാമത്തെ കാരണം ഞാൻ സ്വയം പാലിക്കുന്ന അച്ചടക്കമാണ്. സാഹിത്യരംഗത്തും സിനിമാരംഗത്തും വർഷങ്ങളോളം സജീവമായിരുന്നിട്ടും ഞാൻ ഒരിക്കൽപോലും മദ്യപിച്ചിട്ടില്ല, പുക വലിച്ചിട്ടില്ല. ഭക്ഷണത്തെക്കുറിച്ച് സ്വന്തമായ തീരുമാനമെടുക്കാൻ പ്രായമായതിനുശേഷം ഒരിക്കൽപോലും മാംസാഹാരം കഴിച്ചിട്ടില്ല. പതിനഞ്ചാം വയസ്സ് മുതൽ ഇരുപതാം വയസ്സുവരെ ഞാൻ യോഗചെയ്തിരുന്നു. ഏതു ഭക്ഷണവും വളരെ മിതമായി മാത്രമേ കഴിക്കൂ. സസ്യഭുക്കായ ഞാനാണ് ‘അയലപൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട്... കൊടംപുളിയിട്ടുവെച്ച നല്ല ചെമ്മീൻകറിയുണ്ട്...’ എന്ന പ്രശസ്തഗാനം എഴുതിയതെന്നു വിശ്വസിക്കാൻ പലർക്കും പ്രയാസം തോന്നിയേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreekumaran thampimusic life
News Summary - sreekumaranthampi- musical life
Next Story