‘വെട്ടിമാറ്റപ്പെട്ട’ ഒരു ഇന്ത്യൻ പൗരൻ എഴുതുന്നു...
text_fieldsഭരണകൂട കുതന്ത്രങ്ങൾ കുറേയൊക്കെ അറിയാൻ കഴിയാറുള്ള തന്നെ പന്ത് പോലെ തട്ടിക്കളിക്കുന്നുവെങ്കിൽ സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യരുടെ അവസ്ഥ എന്താകുമെന്ന് ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽ ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാൽ ചോദിക്കുന്നു.
പ്രമുഖ ഇംഗ്ലീഷ് പത്രമായ ടെലിഗ്രാഫിന്റെ എഡിറ്റർ പദവിയിൽ വർഷങ്ങളോളമിരുന്ന താങ്കളുടെ പേര് വെട്ടിമാറ്റിയതെങ്ങനെയാണ്?
എസ്.ഐ.ആറിൽ പേര് ചേർക്കാനുള്ള അപേക്ഷാഫോറം ഞാനും മിനിയും ബി.എൽ.ഒ പറഞ്ഞത് പ്രകാരം ഓൺലൈനിൽ പൂരിപ്പിച്ച് നൽകിയിരുന്നു. 2002ലെ കൊൽക്കത്തയിലെ വോട്ടർപട്ടികയിൽ എന്റെ പേരില്ലായിരുന്നു. മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിയിലുണ്ടായിരുന്ന എല്ലാ തെരഞ്ഞെടുപ്പിലും വോട്ടുചെയ്ത ഗാന്ധിയനായ പിതാവിന്റെ പേര് തിരുവനന്തപുരത്തെ 2002ലെ വോട്ടർ പട്ടികയിലില്ലെന്നത് ശരിക്കും അമ്പരപ്പിച്ചു. സഹോദരന്റെ പേരുണ്ടായിരുന്നെങ്കിലും ബംഗാളിൽ അതംഗീകരിച്ചില്ല. 2002ലെ പട്ടികയിൽ എന്റെയും മാതാപിതാക്കളുടെയും പേരില്ലെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞ 11 രേഖകളിലൊന്ന് ഹാജരാക്കിയാൽ മതിയെന്ന വാക്ക് കേട്ട് സമാധാനിച്ചു. ഇന്ത്യയിൽ എന്റെ ജനനം തെളിയിക്കുന്ന രേഖയായി മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും ചെയ്തു. എന്നിട്ടും ‘യുക്തിസഹമല്ലാത്ത വ്യത്യാസം’ എന്ന ഗണത്തിൽപ്പെടുത്തി ബംഗാളിൽ വെട്ടിമാറ്റിയ 27 ലക്ഷം പേരോടൊപ്പം എന്നെയും വെട്ടിമാറ്റി. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ ഇപ്പോഴും തീർപ്പാക്കാതെ ട്രൈബ്യൂണലിന് മുന്നിലാണ്.
എസ്.ഐ.ആറിൽ പേരില്ലാത്തതെങ്ങിനെ പാസ്പോർട്ട് പുതുക്കുന്നതിനെ ബാധിച്ചത്?
ഈ സമയത്താണ് പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ നൽകിയത്. പാസ്പോർട്ട് പൊലീസ് വെരിഫിക്കേഷന് വന്ന പൊലീസുകാർ എസ്.ഐ.ആറിൽ നിന്ന് പേര് വെട്ടിയത് പ്രശ്നമാണെന്ന് പറഞ്ഞു. അതിനാൽ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, അച്ഛന്റെ മരണ സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ആധാർ കാർഡ്, താമസിക്കുന്ന വീട്ടിലെ ഗ്യാസ് ബിൽ തുടങ്ങിയ രേഖകളുമായി വരാൻ പറഞ്ഞു. അവയെല്ലാം വാങ്ങിവെച്ചു. കുറച്ച് ദിവസം കഴിഞ്ഞ് കൊൽക്കത്ത പൊലീസിന്റെ സ്പെഷൽ ബ്രാഞ്ച് ഓഫീസിലെത്തണമെന്നാവശ്യപ്പെട്ടു. എസ്.സി.ഒയിൽ ചെന്നപ്പോൾ എസ്.ഐ.ആറിൽ പേരില്ലാത്തതിനാൽ ഇനി വോട്ടർപട്ടികയിൽ പേര് വന്ന ശേഷമല്ലാതെ പാസ്പോർട്ട് നൽകാനാവില്ലെന്ന് പറഞ്ഞു. എസ്.ഐ.ആറിന്റെ പേരിൽ പന്ത് തട്ടുന്നത് പോലെ തട്ടുകയാണ്. ഒരു ദിവസം പൊലീസ് സ്റ്റേഷനിൽ പോകാൻ പറയുന്നു. അവിടെ നിന്ന് സെക്യുരിറ്റി കൺട്രോൾ ഓർഗനൈസേഷനിൽ പോകാൻ പറയുന്നു. അവിടെ നിന്ന് വീണ്ടും സ്പെഷൽ ബ്രാഞ്ച് ഓഫീസിലേക്ക് ചെല്ലാനാവശ്യപ്പെടുന്നു. പിന്നീട് മുതിർന്ന ഉദ്യോഗസ്ഥനെ കാണാൻ പറയുന്നു. ആ ഉദ്യോഗസ്ഥന് മുന്നിൽ വന്ന് അക്ഷരാർഥത്തിൽ കരയുന്ന പൊലീസ് ക്ലിയറൻസ് ലഭിക്കാത്ത നിരവധി മനുഷ്യരെ കണ്ടു. ഭീതിദമായ സാഹചര്യമാണത്.
കേരളത്തിലെ വിലാസത്തിൽ പാസ്പോർട്ട് പുതുക്കുന്നതിനെ കുറിച്ച് ആലോചിച്ചോ?
ഞാൻ ഏറെ കാലം ജീവിച്ചത് കൊൽക്കത്തയിലാണ്. മകൻ ജനിച്ചതിവിടെയാണ്. മകൾ മൂന്ന് മാസം തൊട്ട് വളർന്നതിവിടെയാണ്. ഞാനെന്തിന് ഇവിടെ നിന്ന് ഓടിപ്പോയി തിരുവനന്തപുരത്ത് പാസ്പോർട്ടിന് അപേക്ഷിക്കണം. എന്റെ നാടായിട്ടാണ് ഞാൻ ബംഗാളിനെ കരുതുന്നത്. പിന്നെന്തിന് ഞാനിവിടെ നിന്ന് ഒളിച്ചോടണം. പാസ്പോർട്ട് ഇല്ലെങ്കിൽ ഇല്ല. കൊൽക്കത്തയിൽ നിന്നല്ലാതെ പാസ്പോർട്ടിന് അപേക്ഷിക്കില്ല. കേരളത്തിൽ അപേക്ഷിക്കുന്നത് കൊണ്ട് പ്രശ്നമില്ലായിരിക്കാം. എന്നാൽ അത് ശരിയല്ല. എത്ര നാൾ നമ്മളിങ്ങനെ ഓടും. എന്റെ് സ്ഥിരം വിലാസം കൊൽക്കത്തയിലാണ്. അതിനാൽ പൊലീസ് വെരിഫിക്കേഷൻ കൊൽക്കത്തയിൽ ചെയ്തേ പറ്റൂ.
പാസ്പോർട്ട് പുതുക്കി നൽകാത്ത് മൂലം ഏക മകളുടെ വിവാഹത്തിൽ പോലും പങ്കെടുക്കാൻ കഴിഞ്ഞില്ലല്ലോ?
പാസ്പോർട്ട് ലഭിക്കാത്തതിനാൽ ഏപ്രിൽ 17ന് നടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ല. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാകാത്തതല്ല വലിയ പ്രശ്നമായി എന്നെ അലട്ടുന്നത്. പൗരത്വം തെളിയിക്കാനുള്ള കുടുംബ രേഖകൾ തപ്പിപിടിക്കുന്നതിനായി എത്രയോ അധ്വാനവും സമയവും ചെലവിട്ടു. അറിയപ്പെടുന്നൊരു പത്രത്തിന്റെ എഡിറ്ററായി ഇരുന്ന ഒരാൾക്ക് ഇത്രമാത്രം പ്രയാസകരമാണ് കാര്യങ്ങളെങ്കിൽ വോട്ടു വെട്ടിമാറ്റപ്പെട്ട പാർശ്വവൽകൃതരായ ലക്ഷക്കണക്കിനാളുകളെ കാര്യമാണ് ആലോചിക്കുന്നത്. എന്നെ പന്ത് പോലെ തട്ടിക്കളിക്കുന്നുവെങ്കിൽ ഇതൊന്നുമല്ലാത്ത ലക്ഷക്കണക്കിനാളുകളുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ചിന്തിക്കുന്നത്.
എസ്.ഐ.ആറിൽ പേരില്ലാത്തതിനാൽ പാസ്പോർട്ട് നിഷേധിക്കുന്നവർ പാസ്പോർട്ട് പൗരത്വരേഖയല്ലെന്നും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ശരിക്കും ഇക്കാര്യത്തിൽ ഈ സർക്കാറിന്റെ നിലപാട് എന്താണ് ?
വിവാഹ സർട്ടിഫിക്കറ്റ് വിവാഹിതരായതിനുള്ള രേഖയല്ലെന്നും ഇരുവരും വിവാഹത്തിൽ പങ്കെടുത്തുവെന്ന് മാത്രമേയുള്ളൂ എന്ന് പറയുമ്പോലെയാണത്. 2014ന് മുമ്പ് വരെ ‘പോളിസി പരാലിസിസ്’ എന്ന് ഡോ. മൻമോഹൻ സിങ്ങിനെ വിമർശിച്ചിരുന്ന ലിബറൽ മാധ്യമങ്ങൾ 2014-ൽ മോദി സർക്കാർ വന്ന ശേഷം ‘പോളിസി മ്യൂട്ടേഷൻ’ സംഭവിച്ചത് കാണുന്നില്ല. ഒരു നയമുണ്ടാക്കി കോടതിയെയും മറ്റു ഭരണഘടനാ സ്ഥാപനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് ആ നയം തന്നെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണ് മോദി സർക്കാർ. എസ്.ഐ.ആർ തന്നെ അതിന്റെ ഏറ്റവും നല്ല ഉദാഹരണം. എസ്.ഐ.ആർ വോട്ടർപട്ടിക ശുദ്ധീകരിക്കാൻ വേണ്ടി മാത്രമാണെന്ന് സർക്കാർ കോടതിയിൽ പറയുകയും കോടതി തന്നെ അതേറ്റുപറയുകയും ചെയ്തതാണ്. എന്നാൽ എസ്.ഐആറിൽ പേരില്ലാത്തതിനാൽ എന്റെ പാസ്പോർട്ട് തടയുമ്പോൾ ആ നയത്തിന് മാറ്റം സംഭവിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

