ഇടതുപക്ഷത്തിനെതിരായ ജനരോഷം ശക്തം -സണ്ണി ജോസഫ് അഭിമുഖം
text_fieldsതദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്. ശ്രദ്ധതിരിക്കൽ തന്ത്രങ്ങളൊന്നും ഫലിക്കാത്തവിധമുള്ള ജനരോഷമാണ് സർക്കാറിനെതിരെയെന്ന് അദ്ദേഹം മാധ്യമത്തോട് പറയുന്നു...
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് എത്തി. അപ്രതീക്ഷിതമായി ഉയർന്നുവന്ന രാഹുൽ മാങ്കൂട്ടത്തിൽ പ്രശ്നം കോൺഗ്രസിനെ വെട്ടിലാക്കിയില്ലേ?
ആ വിഷയം കോൺഗ്രസിനെ ഒരുനിലക്കും ബാധിക്കുന്നില്ല. ആരോപണം ഉയർന്ന അന്നുതന്നെ നടപടിയെടുത്ത പാർട്ടിയാണ് കോൺഗ്രസ്. സർക്കാറിനെതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉറപ്പായ സമയത്താണ് രാഹുൽ മാങ്കൂട്ടം എം.എൽ.എക്കെതിരായ കേസ് വീണ്ടും ഉയർന്നുവരുന്നത്. ജനം എല്ലാം കാണുന്നുണ്ട്. അതെല്ലാം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. ഈ വിവാദം കൊണ്ടൊന്നും ഇടതു സർക്കാറിനും സി.പി.എമ്മിനും എതിരായ ജനരോഷം ഇല്ലാതാവില്ല.
വിവാദം ശക്തമായതോടെ ജനശ്രദ്ധ അങ്ങോട്ട് മാറുന്നത് സ്വാഭാവികമല്ലേ. ഇക്കാര്യത്തിൽ പാർട്ടിക്കകത്ത് വിരുദ്ധ അഭിപ്രായമുണ്ടോ ?
ഈ വിഷയത്തിൽ കോൺഗ്രസ് നടപടികൾ സുതാര്യവും കൃത്യവുമാണ്. ലൈംഗികാരോപണം ഉയർന്നയുടൻ ആരോപിതനെ പാർട്ടിയിലെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. സംഘടനയെന്ന നിലക്കുള്ള ഏറ്റവും മികച്ച നടപടിയാണിത്. ഇത്തരം ആരോപണം ഉയർന്നപ്പോൾ ഏത് പാർട്ടിയാണ് ഇതുപോലെ നടപടിയെടുത്തത്.
കോൺഗ്രസിനകത്ത് മറിച്ചൊരു അഭിപ്രായവുമില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എല്ലാ കാലത്തേക്കാളും ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. അതിന്റെ ഗുണം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നുറപ്പുണ്ട്.
ആ വിഷയം വിടാം; അഞ്ചുവർഷത്തെ ഇടതുസർക്കാറിനെതിരായ ആരോപണങ്ങൾ പ്രചാരണായുധമാക്കുന്നതിൽ കോൺഗ്രസ് എത്രമാത്രം വിജയിച്ചു?
നേരത്തേ പറഞ്ഞുവല്ലോ. സർക്കാറിനും സി.പി.എമ്മിനും എതിരെ വല്ലതും ഉയർന്നുവരുമ്പോൾ ശ്രദ്ധ മാറ്റാൻ പലതുമുണ്ടാവും. അതൊരു പുതിയ കാര്യമല്ല. സി.പി.എമ്മും സർക്കാറും എല്ലാ കാലത്തും ഇത്തരം പൊടിക്കൈകൾ പയറ്റാറുണ്ട്. ശബരിമലയിലെ സ്വർണക്കൊള്ളയിൽ സർക്കാറിന്റെ മുഖം വികൃതമായി. പാർട്ടിയിലെ പ്രമുഖർ ഓരോരുത്തരായി ജയിലിലിലേക്ക് പോകുന്നു. ജനം എല്ലാം കാണുന്നുണ്ട്. സ്വർണക്കൊള്ള ജനങ്ങളോട് കൃത്യമായി ബോധ്യപ്പെടുത്തും. എല്ലാ ജില്ലയിലും പ്രധാന പ്രചാരണ വിഷയത്തിൽ പ്രധാനം ശബരിമലയിലെ സ്വർണക്കൊള്ള തന്നെയാണ്.
വിലക്കയറ്റം, കെട്ടിട നികുതി- പെർമിറ്റ് വർധന, വൈദ്യുതി ചാർജ്-വെള്ളക്കരം വർധന, അക്രമരാഷ്ട്രീയം, കാർഷിക ഉൽപന്നങ്ങളുടെ വിലത്തകർച്ച, വന്യമൃഗശല്യം കുറക്കുന്നതിൽ സർക്കാറിനുണ്ടായ വീഴ്ചകൾ, തീരപ്രദേശത്തെ പ്രശ്നങ്ങൾ തുടങ്ങി ജനങ്ങൾ അഞ്ചുവർഷം നേരിട്ട യാതനകൾക്ക് കൈയും കണക്കുമില്ല. ഇതെല്ലാം പ്രചാരണവിഷയമാണ്. ജനങ്ങളോട് എന്തു പറയണമെന്ന കാര്യത്തിൽ കൃത്യമായ നിർദേശം നൽകിയിട്ടുമുണ്ട്. വിലവർധന സംബന്ധിച്ച് സർക്കാറിനെതിരെ യു.ഡി.എഫ് തയാറാക്കിയ ‘കുറ്റപത്ര’ത്തിൽ ഇതെല്ലാം ഐറ്റം തിരിച്ചുതന്നെ നൽകിയിട്ടുണ്ട്.
വെൽഫെയർപാർട്ടിയുമായുള്ള കൂട്ടുകെട്ടാണ് യു.ഡി.എഫിനെതിരായ സി.പി.എമ്മിന്റെ പ്രധാന ആരോപണം; സി.പി.എം വർഗീയ അജണ്ട ഉയർത്തുന്നുവെന്ന ആരോപണവും ഉയരുന്നു; താങ്കൾ എന്തു പറയുന്നു?
വെൽഫെയർ പാർട്ടി യു.ഡി.എഫിന്റെ ഭാഗമല്ല. അതു സംബന്ധിച്ച് ഒരുവിധ ചർച്ചയും ഉണ്ടായിട്ടില്ല. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ സി.പി.എം നടത്തുന്ന നുണപ്രചാരണങ്ങളിൽ ഒന്നാണ് വെൽഫെയർ പാർട്ടി ബന്ധം എന്നത്. ജനങ്ങൾക്ക് എല്ലാം അറിയാം. ഇതൊന്നും പ്രത്യേകം ബോധ്യപ്പെടുത്തേണ്ട ആവശ്യം പോലുമില്ല.
സി.പി.എമ്മും എൽ.ഡി.എഫും വർഗീയത പറയുന്നുവെന്ന് എല്ലാവർക്കും ബോധ്യപ്പെട്ട കാര്യമാണ്. ഡൽഹിയിൽവെച്ച് ‘ഹിന്ദു’ ദിനപത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് സ്വർണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ്. ഇതുപോലുള്ള വർഗീയത പറയുന്ന ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രതീക്ഷ എങ്ങനെയാണ് ?
ജനങ്ങൾക്ക് ഈ സർക്കാറിനെ മടുത്തു. എത്ര ശ്രദ്ധ തിരിച്ചാലും അതിനി മാറില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വികാരമുണ്ടാവും. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇക്കാര്യത്തിൽ ഇതുവരെയില്ലാത്ത ഐക്യവും കോൺഗ്രസിലുണ്ട്. ഒരു സംശയവും വേണ്ട, യു.ഡി.എഫിന്റെ സീറ്റ് വർധിക്കും. നിലമ്പൂർ, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിലെ ജയം തദ്ദേശതെരഞ്ഞെടുപ്പിലും ആവർത്തിക്കും.
ഇങ്ങനെയൊക്കെ പറയുമ്പോഴും കണ്ണൂരിൽ മൂന്ന് തദ്ദേശസ്ഥാപനങ്ങളിലായി 14 വാർഡുകളിൽ എതിർസ്ഥാനാർഥികൾ പോലുമില്ലാതെ സി.പി.എം ജയിച്ചു. ക്ഷേമ പെൻഷൻ വർധന പോലുള്ളത് ജനം ഏറ്റെടുത്തോ ?
കണ്ണൂരിൽ ജനാധിപത്യപരമായ മത്സരം സി.പി.എം എന്നും ഭയക്കുന്നു. ആന്തൂർ നഗരസഭയിൽ എതിർസ്ഥാനാർഥികളായി പത്രിക നൽകാൻ വരുന്നയാളുകളെ ഭീഷണിപ്പെടുത്തി. കണ്ണൂർ ജില്ലയിലെ പലയിടത്തും സി.പി.എം കാലങ്ങളായി തുടരുന്ന രീതിയാണിത്. അവർ മത്സരം പോലും ഭയക്കുന്നുവെന്നാണ് ഇതിനർഥം.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പെൻഷൻ വർധന എന്നത് എല്ലാവർക്കും ബോധ്യപ്പെട്ടതാണ്. ജനത്തെ കബളിപ്പിക്കൽ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


