Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightInterviewchevron_rightകേരളം നിക്ഷേപ സൗഹൃദം,...

കേരളം നിക്ഷേപ സൗഹൃദം, ലോകത്തിന് മുമ്പിൽ തലയുയർത്തിനിന്ന കാലം -പി. രാജീവ്

text_fields
bookmark_border
P. Rajeev
cancel
camera_alt

പി. രാജീവ്

സർക്കാറിന്‍റെ വികസനവും ക്ഷേമ പ്രവർത്തനവും ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനത്തെ കുറിച്ച് എതിർ മുന്നണികൾ പറയാത്തത് സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളെ കുറിച്ച് ജനം ചർച്ച ചെയ്യാതിരിക്കാനാണെന്ന് മന്ത്രി പി. രാജീവ്. അതേസമയം, ചരിത്രത്തിൽ ഇല്ലാതിരുന്ന വികസനം തന്‍റെ മണ്ഡലത്തിൽ ഉണ്ടായത് ചൂണ്ടിക്കാട്ടിയാണ് മറുപടിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാറിന്‍റെ കടുത്ത അവഗണനക്കിടയിലും കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച മികവിന്‍റെ പട്ടികയിൽ വ്യവസായമടക്കം മിക്ക മേഖലയിലും കേരളം തന്നെയാണ് ഒന്നാം സ്ഥാനത്ത്. തുടങ്ങിവെച്ച പല പദ്ധതികളും പൂർത്തിയാക്കാൻ ഈ സർക്കാർ തുടരേണ്ടതുണ്ട്. അതിനു വേണ്ടി യാണ് എൽ.ഡി.എഫ് വോട്ട് അഭ്യർഥിക്കുന്നതെന്ന് രാജീവ് ‘മാധ്യമ’ത്തോട് പറഞ്ഞു.

താങ്കളുടെ കാഴ്ചപ്പാടിലെ വികസനം എന്താണ്?

മനുഷ്യന്‍റെ ജീവിത നിലവാരം ഉയർത്തുകയെന്നതാണ് വികസനമെന്നതുകൊണ്ട് അർഥമാക്കുന്നത്. വ്യക്തിയുടെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികമായ ജീവിത നിലവാരത്തെ ആശ്രയിച്ചുള്ളതാണ് വികസനം. റോഡ്, പാലം എന്നിവയെല്ലാം വികസനത്തിന്‍റെ ചെറിയ ഭാഗങ്ങൾ മാത്രം. ജനിച്ചു വീഴുന്ന കുഞ്ഞു മുതൽ പ്രായമായി ഓർമ നഷ്ടമായവരെ വരെ ‘ഒപ്പം’ ചേർത്തു നിർത്തുന്നതെല്ലാം വികസന പദ്ധതികളാണ്. അതു തന്നെയാണ് മൂന്നാം വട്ടവും തുടരുമെന്ന ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനവും.

വ്യവസായ മേഖലയിലുണ്ടായ എടുത്തു പറയാനാവുന്ന നേട്ടമെന്താണ്?

വ്യവസായത്തിന് നിക്ഷേപമിറക്കാൻ പറ്റിയ സംസ്ഥാനമല്ല കേരളം എന്ന പ്രചാരണമാണ് പണ്ട് മുതലേ കേൾക്കുന്നത്. പലപ്പോഴും വ്യവസായ നിക്ഷേപം കൊണ്ടു വരാൻ ഈ പ്രചാരണം തടസ്സമായിട്ടുണ്ട്. വ്യവസായ സൗഹൃദത്തിൽ കേരളത്തെ ഒന്നാമതെത്തിക്കും എന്നത് 2021ലെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. എന്നാൽ, ആദ്യ രണ്ടു വർഷത്തിനുള്ളിൽ തന്നെ ആ നേട്ടം കൈവരിച്ചു. ഇന്ത്യയിൽ ഒന്നാമത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാണ് ഇന്ന് കേരളം.

ആഗോള നിക്ഷേപ സംഗമങ്ങൾ ഫലം കണ്ടോ?

നിക്ഷേപകരെ ആകർഷിക്കാനായി സംസ്ഥാനം നടത്തിയ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റുമായി ബന്ധപ്പെട്ട് സന്നദ്ധത അറിയിച്ചവയിൽ 35,000 കോടി നിക്ഷേപമുള്ള വ്യവസായങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞു. 55,000 കോടിയുടേത് നിർമാണ ഘട്ടത്തിലാണ്. ദാവോസിൽനിന്ന് 1.4 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് വന്നത്. വ്യവസായ നിക്ഷേപത്തിന് ഉചിതമെന്ന നിലയിൽ ലോകത്തിന് മുന്നിൽ കേരളം ഉയർന്നു നിൽക്കുന്നു. ചെറുപ്പക്കാർ ജോലി തേടി പുറത്തേക്ക് പോകുന്ന അവസഥ മാറി.

ചെറുകിട സംരംഭകർ നിക്ഷേപത്തിന് എത്തുന്നുണ്ടോ?

ചെറിയ സംരംഭങ്ങളുടെ വളർച്ച അതിവേഗത്തിലാണ്. നാല് ലക്ഷത്തോളം ചെറിയ സംരംഭങ്ങൾ സംസ്ഥാനത്ത് തുടങ്ങി. വീടുകളിൽപോലും ചെറിയ സംരംഭങ്ങൾ തുടങ്ങാൻ അനുമതി നൽകി. 50 കോടിക്ക് താഴെ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് മൂന്നര വർഷം വരെ ലൈസൻസില്ലാതെ പ്രവർത്തിക്കാം. നിക്ഷേപകരെ പ്രോൽസാഹിപ്പിക്കാൻ ഇൻവെസ്റ്റ്മെന്‍റ് പ്രമോഷൻ ബോർഡുണ്ട്. എല്ലാ പരിശോധനകളും സോഫ്ട് വെയറിലായി. എം.എസ്.എം ഇ ക്ലിനിക്, എം.എസ്.എം ഇ ഹെൽപ് ഡെസ്ക് എന്നീ സംവിധാനങ്ങൾ സംരംഭകരെ സഹായിക്കാനുണ്ട്. കെ- സ്റ്റോർ വഴിയും കെ- ഷോപ്പ് വഴിയും ഓൺലൈൻ ആയും അല്ലാതെയും വിപണന സൗകര്യവുമുണ്ട്.

പൊതുമേഖല സ്ഥാപനങ്ങൾ പുനരുജ്ജീവിപ്പിക്കാനായോ?. കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴിയുടെ സ്ഥിതിയെന്താണ്?

അഞ്ച് വർഷം മുമ്പ് നഷ്ടത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങളിൽ 28എണ്ണം ലാഭത്തിലാണ്. സർക്കാർ ഏറ്റെടുത്ത എച്ച്.എൻ.എൽ, കേരള റബർ ലിമിറ്റഡ്, കാസർകോട് ബദിയടുക്കയിലെ കെല്‍ ഇ.എം.എൽ എന്നിവ പ്രവർത്തനലാഭമുണ്ടാക്കി തുടങ്ങി.

കേന്ദ്രാനുമതി ലഭിച്ച 12 വ്യവസായ ഇടനാഴികളിൽ ആദ്യം ടെൻഡർ നടപടി തുടങ്ങിയത് കേരളത്തിലാണ്. ചുരുങ്ങിയ സമയം കൊണ്ട് 1710 ഏക്കർ ഭൂമിയാണ് കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാർട് സിറ്റിക്ക് വേണ്ടി ഏറ്റെടുത്തത്. ഒരു ലക്ഷം ചെറിയ സംരംഭങ്ങളെ ഒരു കോടി വിറ്റുവരവുണ്ടാക്കുന്നതും ആയിരം സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുണ്ടാക്കുന്നതുമാക്കാൻ മിഷൻ 1000 അടക്കം സ്കെയിൽ അപ്പ് സ്കീമുകൾ നടപ്പാക്കുന്നുണ്ട്. 51 ട്രേഡ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കാനായി. 10 കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളും തുടങ്ങി. സ്റ്റാർട്ട് അപ് സംവിധാനം ശക്തിപ്പെട്ടു.

പരമ്പരാഗത വ്യവസായ മേഖലക്ക് വേണ്ടി എന്താണ് ചെയ്തത്?

പരമ്പരാഗത വ്യവസായ മേഖലയുടെ പ്രശ്നം പഠിക്കാൻ സമിതിയെ വെച്ച് ശുപാർശ പ്രകാരം രൂപഘടനയിലടക്കം മാറ്റം വരുത്തി. കയർ, ഖാദി, കശുവണ്ടി, കൈത്തറി മേഖലകളെല്ലാം മെച്ചപ്പെടുത്താൻ ഇതിലൂടെ കഴിഞ്ഞു. ഉൽപന്നം നൽകിയതിന്‍റെ പണം ലഭിക്കുന്ന കാലതാമസം തരണം ചെയ്യാൻ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്.

ക്വാറി മേഖലയിൽ നടത്തിയ പദ്ധതികളെന്തൊക്കെ?

ക്വാറി മേഖലയിൽ ഡ്രോൺ സർവേ ആരംഭിച്ചത് വലിയ നേട്ടമാണ്. പലപ്പോഴും ക്വാറിയുടെ ദൂര നിയമമടക്കം തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും നിയമ നടപടിക്കുമൊക്കെ കാരണമാകാറുള്ളത്. എന്നാൽ, ഡ്രോൺ സർവേയിലൂടെ ഭൂമിയുടെ കൃത്യമായ രൂപരേഖ കണ്ടെത്താനാവും. അതിനാൽ, അളവും അകലവും ബന്ധപ്പെട്ട വിഷയങ്ങൾ എളുപ്പത്തിൽ പരിഹരിക്കാം. ക്വാറിയുമായി ബന്ധപ്പെട്ട് പരിഹരിക്കാതെ കിടന്ന പരാതികളും തർക്കങ്ങളും പ്രത്യേക അദാലത്ത് സംഘടിപ്പിച്ച് തീർപ്പാക്കി വരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investmentlaw ministerGovernment of KeralaP Rajeev
News Summary - P Rajeev says Kerala is investment friendly
Next Story