ലീഗ് എം.എൽ.എമാർക്ക് സോഷ്യൽ ഓഡിറ്റിങ്
text_fieldsഎം.എൽ.എമാരെയും മന്ത്രിമാരെയും ഓരോ ആറുമാസം കൂടുമ്പോഴും പാർട്ടി സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ബി.ജെ.പി ശക്തമായ മണ്ഡലങ്ങളിൽ മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണമാണ് ഉണ്ടാവേണ്ടതെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കാതിരിക്കാൻ എല്ലാ പാർട്ടികളും ശ്രദ്ധിക്കണമെന്നും ‘മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിൽ തങ്ങൾ വ്യക്തമാക്കി.
ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് എത്രത്തോളം ആത്മവിശ്വാസത്തിലാണ്?
• 2024ൽ ലോക്സഭയിലേക്കും 2025ൽ തദ്ദേശ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയമാണ് യു.ഡി.എഫിന് ജനം നൽകിയത്. 2021ൽ രണ്ടാം ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് വലിയ വിജയം ഉണ്ടാക്കാനായി. അന്നൊക്കെ ഞങ്ങൾ പറഞ്ഞിരുന്നത് സർക്കാറിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടും എന്നായിരുന്നു. സർക്കാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ ജനം ചെയ്തത്. അത്തരം സന്ദർഭങ്ങളിൽ ആ വീഴ്ചകൾ പരിഹരിക്കുകയാണ് ഒരു സർക്കാർ ചെയ്യേണ്ടത്. ജനങ്ങളുടെ മുന്നറിയിപ്പിന് പുറമെ പല കോടതി വിധികളും അനുമാനങ്ങളും സർക്കാറിന്റെ പല തീരുമാനങ്ങൾക്കും എതിരായിരുന്നു. എന്നിട്ടും വീഴ്ചകൾ പരിഹരിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പിലും സർക്കാറിനെതിരായ ജനവികാരം അനുകൂലമാക്കാം എന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ വിജയം ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കും. അമിത ആത്മവിശ്വാസമില്ലാതെ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്. ഒരു ഭരണമാറ്റം സംസ്ഥാനത്തുണ്ടാകും.
എൽ.ഡി.എഫ് സർക്കാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന വിഷയങ്ങൾ?
• സമ്പൂർണമായ ഒരു മാറ്റമാണ് യു.ഡി.എഫ് മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി മന്ദഗതിയിലുള്ള ഭരണമാണ് ഇവിടെ നടക്കുന്നത്. ഒരു വകുപ്പിലും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന കാര്യങ്ങൾ ആവിഷ്കരിക്കാൻ സർക്കാറിന് സാധിച്ചിട്ടില്ല. ജനങ്ങളെ കൂടുതൽ ബാധിക്കുന്ന വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ സർക്കാർ പരാജയം സമ്മതിച്ച് മുന്നോട്ടുപോകുന്ന സ്ഥിതിയാണ്. ഒരു കാലത്ത് കേരളത്തിലെ ആരോഗ്യ മേഖല ലോകാടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. ഈ കേരള മോഡലിന്റെ നിലവാരം കാത്തുസൂക്ഷിക്കാൻ സർക്കാറിനായില്ല. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വകുപ്പുകളിൽ പോലും സർക്കാർ സമ്പൂർണ പരാജയമായിരുന്നു. അതിലൊക്കെ സമഗ്ര മാറ്റമാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ യു.ഡി.എഫ് വിവിധ കോൺക്ലേവുകൾ സംഘടിപ്പിച്ചിരുന്നു. വിവിധ വകുപ്പുകളിലെ പ്രശ്നങ്ങളിൽ വരാനിരിക്കുന്ന സർക്കാറിന് എന്തൊക്കെ ചെയ്യാനാകും എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിദഗ്ധരുമായി കൂടിയാലോചന നടത്തിയാണ് കോൺക്ലേവുകളിലെ നിർദേശങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത്. ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പ്രധാന ഉദാഹരണം. ഇവയെല്ലാം ജനം സ്വീകരിക്കും. യു.ഡി.എഫ് ഭരണത്തിലേറി ഈ നിർദേശങ്ങൾ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങളുണ്ടാകും.
സ്ഥാനാർഥി നിർണയത്തിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും നൽകിയ പ്രാമുഖ്യത്തിലൂടെ, പാർട്ടിയിൽ ശക്തമായ രണ്ടാംനിരയെ വളർത്തിയെടുക്കുകയാണോ ലക്ഷ്യം?
• അതെ. യുവനേതാക്കൾ പാർട്ടിയിൽ ധാരാളമുണ്ട്. എം.എസ്.എഫിലൂടെയും യൂത്ത് ലീഗിലൂടെയും വളർന്നുവന്ന യുവനിരയെ അക്കൊമഡേറ്റ് ചെയ്യുകയും അവർക്ക് ആത്മവിശ്വാസം പകരുകയുമാണ് ചെയ്തത്. രണ്ടാം നിര ആവശ്യമാണല്ലോ. അതിന് പുതിയ ആളുകൾ രംഗത്തുവരുകയും അവരെ പ്രാപ്തരാക്കി കൊണ്ടുവരുകയും വേണം. ഇപ്പോഴത്തെ മുതിർന്ന നേതാക്കൾ പതിറ്റാണ്ടുകൾക്കുമുമ്പ് ഇതുപോലെ കടന്നുവന്നവരാണല്ലോ. അതുപോലെ മറ്റൊരു ടീമിനെയും വളർത്തിയെടുക്കാനായി. ഭാവി കേരളത്തിന് ഒരുപാട് സംഭാവനകൾ നൽകാൻ അവർക്ക് കഴിയും.
സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം ഉയർന്നുവന്ന വിമർശനങ്ങൾ പാർട്ടി പോസിറ്റിവായി കാണുന്നുണ്ടോ?
• ആർക്കെങ്കിലും പ്രത്യേക പരിഗണന നൽകി ഉയർത്തിക്കൊണ്ടുവരുന്ന സാഹചര്യമല്ല ഉള്ളത്. അതേസമയം, എല്ലാ മേഖലയിലും പ്രാപ്തി തെളിയിച്ച ആളുകളെ ഉൾപ്പെടുത്തിയാണ് സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചത്. ആഗ്രഹിച്ച എല്ലാവരെയും ഉൾപ്പെടുത്താൻ പറ്റിയെന്ന് വരില്ലല്ലോ. അപ്പോൾ ചിലർ അതൃപ്തി പ്രകടിപ്പിക്കുന്നത് സ്വാഭാവികം. അത് സ്ഥിരമായ അതൃപ്തിയല്ല. അവരെല്ലാം പാർട്ടിയോട് പരിപൂർണമായി സഹകരിച്ചും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായും മുന്നോട്ടുപോവുകയാണ്.
ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ടു വനിതകൾക്ക് ഇടം നൽകി. ജയിക്കാവുന്ന സീറ്റിൽ തന്നെയാണ് അവരെ നിർത്തിയത്. പോരാടി ജയിക്കാൻ കഴിയുന്ന ആളുകളെയാണ് സ്ഥാനാർഥിയാക്കിയത്.
സംസ്ഥാനത്ത് സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ടെന്ന വി.ഡി. സതീശന്റെ നിരീക്ഷണത്തെ താങ്കൾ എങ്ങനെ കാണുന്നു?
• കുറച്ച് കാലമായുള്ള സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്രവർത്തനങ്ങൾ വിശകലനം ചെയ്യുമ്പോൾ അങ്ങനെ സംശയിക്കത്തക്ക കാര്യങ്ങൾ കാണാനാകും. അത്തരം വിഷയങ്ങളിൽ കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കുന്നയാളാണ് പ്രതിപക്ഷ നേതാവ്. അതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായത്തെ തള്ളിക്കളയാനാവില്ല.
ബി.ജെ.പിയുടെ കടന്നുകയറ്റം തടഞ്ഞ് മതേതരത്വം സംരക്ഷിക്കുക എന്നതാണ് കേരളത്തിന്റെ ആവശ്യം. ജനങ്ങൾ ആഗ്രഹിക്കുന്നതും അതാണ്. അതിന് വിരുദ്ധമായ രാഷ്ട്രീയം ആര് കൊണ്ടുവരാൻ ശ്രമിച്ചാലും ഇവിടെ വിലപ്പോവില്ല. ന്യൂനപക്ഷങ്ങൾക്കെതിരെ പരസ്യ പ്രതികരണം നടത്തിയവരെ സർക്കാർ അനുകൂലിക്കുകയുണ്ടായല്ലോ.
എന്നാൽ, ന്യൂനപക്ഷ-ഭൂരിപക്ഷ ധ്രുവീകരണം കേരളത്തിന് അനുഗുണമല്ല എന്ന വിലയിരുത്തലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നടത്തിയത്. സംസ്ഥാനത്തിന്റെ പൊതുസ്വഭാവം അങ്ങനെയാണ്. സാമൂഹിക സഹവർത്തിത്വമാണ് നമുക്കാവശ്യം. അതിനെതിരായ ഏത് ഡീലിനെയും കേരള ജനത തള്ളിക്കളയും.
വെള്ളാപ്പള്ളി നടത്തിയ വർഗീയ പരാമർശം ലീഗിനെതിരായ വിമർശനം മാത്രമാണ് എന്ന മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനത്തെക്കുറിച്ച്?
• അത് മുഖ്യമന്ത്രി മുമ്പും പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണത്.
പി.കെ. ശശിയെപ്പോലുള്ളവരെ സ്ഥാനാർഥിയാക്കുന്നത് യു.ഡി.എഫിന് തിരിച്ചടിയാവില്ലേ?
• ഈ പ്രവണതക്ക് തുടക്കംകുറിച്ചത് സി.പി.എമ്മാണ്. യു.ഡി.എഫിലെ അസംതൃപ്തരെ കണ്ടെത്തി മത്സരിപ്പിക്കുകയും മന്ത്രിയാക്കുകയും ചെയ്യുന്ന രീതി ഇടതുപക്ഷമാണ് കേരളത്തിൽ പരീക്ഷിച്ചത്. അതിന്റെ തുടർച്ച മറ്റു മുന്നണികളിലേക്കും വരുന്നുവെന്ന് മാത്രം.
തദ്ദേശ സ്ഥാപനങ്ങളിലെ ലീഗ് ജനപ്രതിനിധികളെ ആറു മാസത്തിലൊരിക്കൽ പാർട്ടി ഓഡിറ്റിന് വിധേയമാക്കുമെന്ന് താങ്കൾ പ്രഖ്യാപിച്ചിരുന്നല്ലോ. പുതിയ എം.എൽ.എമാർക്ക് ഓഡിറ്റിങ്
ബാധകമാക്കുമോ?
• തീർച്ചയായും. എല്ലാ സ്ഥാനാർഥികൾക്കും അതിന്റെ സൂചന നൽകിയിട്ടുണ്ട്. ജയിച്ചുവരുന്ന സ്ഥാനാർഥികൾക്ക് പ്രത്യേക സ്റ്റഡി ക്ലാസുകൾ നൽകും. നിയമസഭയിലെ പ്രവർത്തനങ്ങൾ, നിയമസഭാ പ്രസംഗം, മണ്ഡലത്തിലെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച പാർട്ടി കാഴ്ചപ്പാടുകൾ അംഗങ്ങളെ ബോധ്യപ്പെടുത്തും. അതോടൊപ്പം എം.എൽ.എമാരെയും മന്ത്രിമാരെയും സോഷ്യൽ ഓഡിറ്റിന് വിധേയമാക്കും. ഓരോ ആറുമാസം കൂടുമ്പോഴും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച റിപ്പോർട്ട് പാർട്ടിക്ക് സമർപ്പിക്കണം.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഗൾഫിൽനിന്ന് വോട്ട് ചെയ്യാനായി മാത്രം നാട്ടിലെത്തുന്നവരുടെ യാത്ര മുടങ്ങാൻ സാധ്യതയുണ്ടല്ലോ. ഈ സാഹചര്യത്തെ എങ്ങനെ കാണുന്നു?
• നാട്ടിലെ തെരഞ്ഞെടുപ്പിൽ വളരെ താൽപര്യം കാണിക്കുന്നവരാണ് പ്രവാസികൾ. കഴിയുന്നവരെല്ലാം വോട്ട് ചെയ്യാൻ നാട്ടിലെത്താറുണ്ട്. ഈ യുദ്ധസാഹചര്യം അവരുടെ യാത്ര പ്രയാസകരമാക്കിയിട്ടുണ്ട്. നാട്ടിൽ വന്നാൽ തിരിച്ചുപോകുന്ന കാര്യത്തിൽ പല പ്രവാസികൾക്കും ആശങ്കയുണ്ട്. അത് അവരെപ്പോലെ നമുക്കും പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.-
മലപ്പുറം ജില്ലാ വിഭജനമെന്ന ചർച്ച പല സംഘടനകളും ഉയർത്തുന്നുണ്ടല്ലോ. ഇക്കാര്യത്തിൽ ലീഗിന്റെ അഭിപ്രായം? യു.ഡി.എഫ് അധികാരത്തിൽ വന്നാൽ റവന്യൂ ജില്ലാ പുനഃക്രമീകരണത്തിനുള്ള നടപടി പ്രതീക്ഷിക്കാമോ?
• മലപ്പുറം ജില്ലയുടെ കാര്യത്തിൽ മാത്രമല്ല, ജനസംഖ്യാനുപാതികമായി പല ജില്ലകളിലും പുനഃക്രമീകരണം ആവശ്യമായി വരും. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇത്തരം വിഷയങ്ങൾ പഠിച്ച് വിദഗ്ധരുമായി കൂടിയാലോചിച്ച് അതിന് അനുസൃതമായ തീരുമാനമെടുത്ത് നടപ്പാക്കും.
യു.ഡി.എഫിന് എത്ര സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ? 100 കടക്കുമോ? ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ ലീഗ് വിജയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പായിരിക്കുമോ ഇത്?
• പ്രതിപക്ഷ നേതാവ് എപ്പോഴും പറയുന്ന പ്രയോഗമാണ് ‘ടീം യു.ഡി.എഫ്’ എന്നത്. 100 സീറ്റാണ് ടീം യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ആ ലക്ഷ്യത്തിലെത്താനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. മലബാറിലും മലബാറിന് പുറത്തുമുള്ള സീറ്റുകളിൽ ലീഗ് സ്ഥാനാർഥികൾ വിജയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

