Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightInterviewchevron_right‘തിരൂർ സബ് കലക്ടറുടെ...

‘തിരൂർ സബ് കലക്ടറുടെ അഭിപ്രായ പ്രകടനത്തെ അഭിനന്ദിക്കുന്നു’; തിരൂർ ജില്ല രൂപവൽകരണത്തിൽ പുതിയ സർക്കാറിന് തീരുമാനമെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.കെ.എൻ കുറുപ്പ്

text_fields
bookmark_border
‘തിരൂർ സബ് കലക്ടറുടെ അഭിപ്രായ പ്രകടനത്തെ അഭിനന്ദിക്കുന്നു’; തിരൂർ ജില്ല രൂപവൽകരണത്തിൽ പുതിയ സർക്കാറിന് തീരുമാനമെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.കെ.എൻ കുറുപ്പ്
cancel

മലബാർ എജുക്കേഷൻ മൂവ്മെന്റിന്റെ പ്രചരണാർഥം മസ്‌കത്തിലെത്തിയ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പുമായി നടത്തിയ അഭിമുഖം

ചോദ്യം: മലപ്പുറം ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട് തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കുളങ്ങരയുടെ അഭിപ്രായ പ്രകടനം കേരളത്തിൽ ചർച്ചയാണല്ലോ...പതിറ്റാണ്ടുകളായി താങ്കൾ ഇതേ ആവശ്യമുയർത്തുന്നുണ്ട്. എന്താണ് പ്രതികരണം?

ഉത്തരം: തിരൂർ സബ് കലക്ടറുടെ അഭിപ്രായ പ്രകടനത്തെ ഞാൻ അഭിനന്ദിക്കുന്നു. ഈ ചർച്ച ഇപ്പോൾ തുടങ്ങിയതല്ല. 1969 ൽ ഇ.എം.എസ് മലപ്പുറം ജില്ല രൂപവൽകരിക്കുമ്പോൾ അന്നത്തെ കോൺഗ്രസുകാരുണ്ടാക്കിയ സമരം ഞാൻ ഓർമിക്കുകയാണ്. ഞാനന്ന് എം.എ വിദ്യാർഥിയായിരുന്നു. 1975ൽ മൂർക്കോത്ത് രാമനുണ്ണിയും ഞാനുമെല്ലാം ചേർന്ന്, മലബാറിന്റെ പിന്നാക്കാവസ്ഥയെ കുറിച്ച് ചർച്ചചെയ്യാൻ ഒരു സമിതിയുണ്ടാക്കി. പിന്നീട് അത് നിർജീവമായി പോവുകയായിരുന്നു. പിന്നീട് വേറൊരു സമിതി വന്നു. അതിൽ എം.ഇ.എസ് ചെയർമാൻ അബ്ദുൽ ഗഫൂർ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ, അതും നിർജീവമായി. പക്ഷേ, ഞങ്ങളന്ന് മലബാർ എന്ന പുസ്തകം കൊണ്ടുവന്നു. മലബാറിനെ കുറിച്ച ഏറ്റവും നല്ല സ്റ്റാറ്റിസ്റ്റിക്കൽ സ്റ്റഡി ആയാണ് 1980 കളിൽ ആ പുസ്തകം പുറത്തുവന്നത്. ഈ ആശയങ്ങൾ വീണ്ടും ജനങ്ങളുടെ മുന്നിൽ ചർച്ചയാവണം എന്നു കരുതിയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരത്തിനിറങ്ങാൻ തുനിഞ്ഞത്. വിഷയം ജനങ്ങളിലെത്തി എന്ന് തോന്നിയതിനാലാണ് മൽസരത്തിൽനിന്ന് പിന്മാറിയത്.

തിരൂർ കേന്ദ്രമാക്കിയാണ് പുതിയ ജില്ല സ്ഥാപിക്കേണ്ടത്. എന്നാലേ, മേഖലിലെ മൽസ്യത്തൊഴിലാളികൾക്ക് മോചനമുണ്ടാവൂ. എതിർപ്പുള്ളത് ചില രാഷ്ട്രീയക്കാർക്കാണ്. അവർ അങ്ങോട്ടുമിങ്ങോട്ടുംപന്തു തട്ടി കളിക്കുകയാണ്. സാമുഹിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഇതേ കുറിച്ച് പഠിച്ചിട്ടാണ് ഞാൻ സംസാരിക്കുന്നത്. യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാറിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.

ചോദ്യം: എന്താണ് മലബാർ എജുക്കേഷൻ മൂവ്മെന്റ് മുന്നോട്ടുവെക്കുന്ന ആശയങ്ങൾ?

ഉത്തരം: മലബാർ വിദ്യാഭ്യാസമേഖലയിൽ അവഗണന നേരിടുന്നു എന്നത് വെറുതെ പറയുന്നതല്ല. കൃത്യമായ സ്റ്റാറ്റിസ്റ്റിക്കൽ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മലബാർ എജുക്കേഷൻ മൂവ്മെൻറ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഓരോ ഇടത്തും എത്ര കോളജുകൾ, എത്ര പി.ജി കോഴ്സുകൾ, എത്ര ഗവേഷണങ്ങൾ ... ഇതെല്ലാം വെച്ചുള്ള പുസ്തകംതന്നെ പുറത്തിറക്കിയിട്ടുണ്ട്. ആ പുസ്തകത്തിന്റെ ടൈറ്റിൽ തന്നെ, ‘മലബാർ തിരുവനന്തപുരത്തിന്റെ കോളനിയാണ്’ എന്നതാണ്. ഈ അനീതിക്കെതിരെ രാഷ്ട്രീയക്കാരാരും ഒരു പ്രതികരണവും ഉയർത്തിയില്ല. സാധാരണക്കാരന്റെ മക്കൾക്ക് പഠിക്കാൻ കഴിയുന്ന കോഴ്സുകൾ ഇവിടെയില്ല. കാസർകോട് ജില്ല മൊത്തം പരിഗണിച്ചാൽ ഗവൺമെന്റ് കോളജുകളിൽ പത്തു പി.ജികോഴ്സുകൾ ഉണ്ടോ എന്ന കാര്യം സംശയമാണ്. വയനാട്ടിൽ അതുമില്ല. പ്രൈവറ്റ് കോളജുകളിലുണ്ടെങ്കിൽ നിങ്ങൾ അതിന് പണം കൊടുക്കണം. അപ്പോൾ സാധാരണക്കാരന്റെ മകൻ എവിടെ നിന്ന് സയൻസ് പഠിക്കും? ചരിത്രം പഠിക്കും? വയനാട്ടിലെ കുടിയേറ്റക്കാരുടെ മൂന്നാം തലമുറ മുഴുവൻ പഠിച്ചു പ്രഫസർമാരും നഴ്സുമാരുമൊക്കെയായി. അതെത്തണമെങ്കിൽ സൗകര്യങ്ങൾ വേണ്ടേ? കാലിക്കറ്റ് യൂനിവേഴ്സിറ്റി വന്നില്ലായിരുന്നെങ്കിൽ ഇതൊന്നും നടക്കുമോയിരുന്നില്ല. സി.എച്ച്. മുഹമ്മദ് കോയയും ഇ.എം.എസും കൂടി കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്ഥാപിച്ചതകൊണ്ടാണ് എനിക്കുപോലും ഈ പൊസിഷനിലെത്താൻ കഴിഞ്ഞത്. അതിനുള്ള നന്ദിയാണ് ഞാനിപ്പോൾ മലബാർ എജുക്കേഷൻ മൂവ്മെന്റിലൂടെ ചെയ്യുന്നത്. എനിക്ക് കിട്ടിയത് ഞാൻ സമുഹത്തിന് തിരിച്ചു നൽകുന്നു.

ചോദ്യം: എന്തുകൊണ്ടാണ് ട്രൈബൽ യൂനിവേഴ്സിറ്റി എന്ന ആവശ്യമയർത്തുന്നത്?

ഉത്തരം: വയനാട് ജില്ലയിൽ ഒരു ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുകയും അതിൻ്റെ കേന്ദ്രങ്ങൾ കാസർകോട്ടും ഇടുക്കിയിലും സ്ഥാപിക്കുകയും ചെയ്യുക, മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഈ മൂവ്മെന്റിന്റെ ഭാഗമാണ്. ആദിവാസികൾക്ക് മറ്റു യൂനിവേഴ്സിറ്റികളിൽ സാംസ്കാരികമായ ഒരു ഇടച്ചിൽ നേരിടേണ്ടി വരുന്നുണ്ട്. അതായത്, ആദിവാസി ഏറ്റവും പിന്നാക്ക അവസ്ഥയിൽനിന്ന് വരുന്നു. ബാക്കിയുള്ളവർ ഏറ്റവും മുന്തിയ സഹചര്യങ്ങളിൽനിന്ന് വരുന്നു. ഈ സാംസ്കാരിക ഇടച്ചിൽ കാരണമാണ് ഒരു കുട്ടി കഴിഞ്ഞയാഴ്ച മരിക്കാനിടയായത്. ആദിവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പ്രത്യേക പാക്കേജുകളുണ്ടാക്കണം. സ്പെഷ്യൽ ട്രെയിനിങ് നൽകണം. ആ ട്രെയിനിങ് നൽകാൻ ഇപ്പോഴത്തെ യൂനിവേഴ്സിറ്റികൾ മാത്രം പോര. പുതിയ സബ്ജക്ടുകൾവേണം. ഇതു പഠിപ്പിക്കാൻ ആളുകൾ വേണം. കുറെ കെട്ടിടങ്ങളുണ്ടായതുകൊണ്ടു മാത്രം കാര്യമില്ല.

കാസർകോട് ജില്ലയിലെ തുളുനാടൻ ഗ്രാമങ്ങൾ എല്ലാ രംഗത്തും ഇന്നും വളരെ പിന്നോക്കാവസ്ഥയിലാണ്. ആരോഗ്യമേഖലയിൽ അവിടെയൊരു നഴ്സിങ് യൂണിവേഴ്സിറ്റി അത്യാവശ്യമാണ്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് ‘തുളുനാട് ഡെവലപ്മെൻറ് ഫൗണ്ടേഷനും’ ഞങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലകളിൽപെട്ടവയാണ് കാസർകോടും വയനാടും. ഞാൻ മംഗലാപുരത്ത് ജോലി ചെയ്യുമ്പോൾ ആ പ്രദേശവുമായി ധാരാളം ബന്ധപ്പെടാനായിട്ടുണ്ട്. ചന്ദ്രഗിരിപ്പുഴയുടെ വടക്ക് ഭാഗത്തുള്ള 32 ഗ്രാമങ്ങൾ മുഴുവൻ പിന്നാക്കാവസ്ഥയിൽ നിൽക്കുന്നവയാണ്. മധ്യവർഗം എന്ന ഒരു വർഗംതന്നെ അവിടെയില്ല. ഒന്നുകിൽ നല്ല പണക്കാർ, അല്ലാത്തവർ നന്നെ പാവപ്പെട്ട കർഷകത്തൊഴിലാളികളും കൊറഗകളും ആദിവാസികളുമാണ്.

മധ്യവർഗം രൂപപ്പെടണമെങ്കിൽ വിദ്യാഭ്യാസവും തൊഴിലും വർധിപ്പിക്കണം. ആ ഗ്രാമങ്ങളിൽ ഞാൻ ഏതാനും ദിവസം മുമ്പ് പോയിരുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. തങ്ങളുമായും മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുമായും സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 60 പേജുള്ള ഒരു റിപ്പോർട്ട് തയാറാക്കി. ആ റിപ്പോർട്ടിന്റെ ആകെത്തുകയാണ് ‘തുളുനാട് ഡെവലപ്മെന്റ് ഫൗണ്ടേഷൻ’ രൂപീകരിക്കുക എന്നത്. അതേസമയം, തുളുനാട് സ്റ്റേറ്റ് എന്ന ആവശ്യവുമായി ഒരു അന്തർധാരയും ഈ മേഖലയിൽ ശക്തമാണ്. ഉഡുപ്പി, മംഗലാപുരം, കാസർകോട് എന്നിവ ചേർത്ത് ഒരു സ്റ്റേറ്റ് രൂപീകരിക്കുക എന്നതാണ് ആവശ്യം. അതുകൊണ്ട് ഒരു കാര്യവുമില്ല. സ്റ്റേറ്റ് ഉണ്ടാക്കിയതുകൊണ്ട് പുരോഗതിയുണ്ടാവില്ല. കാസർകോടിന്റെ ഏറ്റവും വലിയ പ്രശ്നം അവിടെ പണിഷ്മെന്റ് ഉദ്യോഗസ്ഥരാണ് എന്നതാണ്. കാസർകോടിന് പ്രത്യേക പരിഗണന നൽകണമെന്നതാണ് മലബാർ എജുക്കേഷൻ മൂവ്മെന്റിന്റെ ആവശ്യം. മലബാറിൽ മിനി സെക്രട്ടേറിയറ്റാണ് സ്ഥാപിക്കേണ്ടത്. കേരളത്തിലെ പഞ്ചായത്തുകളിൽ അധികാര വികേന്ദ്രീകരണം നടന്നിട്ടില്ല. അത് കാര്യക്ഷമമായി പ്രാവർത്തികമാവേണ്ടതുണ്ട്.

ചോദ്യം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

ഉത്തരം: ഭരണവിരുദ്ധ വികാരമുണ്ടായി. കമ്യൂണിസ്റ്റുകാർക്കെതിരായി കമ്യൂണിസ്റ്റുകാർ തന്നെ വോട്ടുചെയ്തിട്ടുണ്ട്. ഭരണം പാവങ്ങളിൽനിന്ന് അകന്നുപോയി. മുഖ്യമന്ത്രി 40 അകമ്പടി വാഹനങ്ങളുമായി യുദ്ധക്കളത്തിലേക്കല്ല പോകുന്നത്. ജനങ്ങളുടെ അടുത്തേക്കാണ്. ഇ.എം.എസോ നായനാരോ അച്യുതമേനോനോ ഇങ്ങനെ പോയിട്ടുണ്ടോ? ഭരണാധികാരികളുടെ ധൂർത്ത് കണ്ട് ജനങ്ങൾ ഞെട്ടിപ്പോയി. വോട്ടു മാത്രമായിരുന്നു അവരുടെ കൈയിലെ ആയുധം. അതവർ ഉപയോഗിച്ചു.

ഇടതുപക്ഷം കേരളത്തിൽ ക്ഷയിച്ചാൽ സ്ഥിതി ആകെ മാറും. ഉപ്പിനു പകരം ഉപ്പ് മാത്രമേയുള്ളൂ. ദേശീയപാത അടക്കം നല്ല കാര്യങ്ങളും ഇടതു സർക്കാർ ചെയ്തിട്ടുണ്ട്. ഞാനിപ്പോഴും ഇടതു പക്ഷക്കാരനാണ്. ലോകം മുഴുവൻ ഇടതുപക്ഷത്തിന്റെ, ഗാന്ധിസത്തിന്റെ ആശയങ്ങൾ പ്രചരിക്കണമെന്നാണ്വിശ്വസിക്കുന്നയാളാണ് ഞാൻ. ഒരു ഹോസ്പിറ്റലിൽ 200 രോഗികളെ രക്ഷിച്ചെടുക്കുമ്പോൾ അപ്പുറത്ത് ആയിരക്കണക്കിന് കുട്ടികൾ മരുന്നില്ലാതെ മരിക്കുന്നു. കമ്യൂണിസ്റ്റുകാർ വളർന്നുവന്ന സാംസ്കാരിക പശ്ചാത്തലം ഗാന്ധിസത്തിന്റേതാണ്. ഇപ്പോൾ കമ്യൂണിസ്റ്റുകാരും അതു വിട്ടു, കോൺഗ്രസുകാരും അതു വിട്ടു. വടി തൂക്കി നിൽക്കുന്നയാൾ മാത്രമായി ഗാന്ധിജി മാറി. എല്ലാം ഇപ്പോൾ അധികാരത്തിനായുള്ളള മൽസരമാണ്. ഗാന്ധിജിയെ പോലെ അധികാരം വേണ്ടെന്ന് പറയാൻ കഴിയുന്നവരില്ല.

താരാരാധനയും വീരാരാധനയും തമിഴ്നാടിന്റെ സംസ്കാരത്തിൽ ആഴത്തിലുള്ളതാണ്. വീരക്കല്ലുകളുടെ സംസ്കാരമാണത്. അതിന്റെ പ്രതിഫലനമാണ് അവിടത്തെ തെരഞ്ഞെടുപ്പ് ഫലം. വീരാരാധനയിലേക്ക് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൂടി നീങ്ങുമ്പോഴാണ് അത് പരാജയം നേരിടേണ്ടി വരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TirurDr KKN kurup
News Summary - KKN Kurup hopes the new government will be able to take a decision on the formation of Tirur district
Next Story