തൃത്താലയുടെ രണ്ടാമൂഴം
text_fieldsകഴിഞ്ഞ വർഷം ‘തടവ്’ സിനിമയിലെ അഭിനയത്തിലൂടെ തൃത്താലക്കാരി ബീന ആർ. ചന്ദ്രൻ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി. ഈ വർഷം വീണ്ടും സ്റ്റേറ്റ് അവാർഡ് തൃത്താലക്കാരിക്കു തന്നെ! ‘ഫെമിനിച്ചി ഫാത്തിമ’യിലൂടെ മികച്ചനടിക്കുള്ള പുരസ്കാരം നേടിയ ഷംല ഹംസയുമായി ബീന ആർ. ചന്ദ്രൻ സംസാരിക്കുന്നു.
ഷംല ഹംസ: കഴിഞ്ഞ വർഷം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം തൃത്താലയിലെ ഒരാൾക്കാണ് എന്നു കേട്ടപ്പോൾ സന്തോഷം തോന്നിയിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ച പ്രശസ്തരായ താരങ്ങൾക്കു കിട്ടുന്ന പുരസ്കാരം ഈ നാട്ടിൻപുറത്ത്, അതും എന്റെ നാട്ടിൽ! ഉർവശിക്കൊപ്പം അവാർഡ് പങ്കിടുന്നു എന്നത് ഇരട്ട ഭാഗ്യമായി ബീന ടീച്ചർക്ക്. സിനിമ കണ്ടപ്പോഴും പരിചയപ്പെട്ടപ്പോഴും ടീച്ചർ അതർഹിക്കുന്നു എന്നു മനസ്സിലായി. അഭിനയത്തിൽ തുടക്കക്കാരിയല്ല എന്നും. ചരിത്രത്തിന്റെ മാറ്റിയെഴുത്തായി ആ പുരസ്കാരം.
ഇപ്പോൾ, ‘ഫെമിനിച്ചി ഫാത്തിമ’യിലൂടെ വീണ്ടും പുരസ്കാരം തൃത്താലയിലെത്തിക്കാനായതിൽ വലിയ സന്തോഷം. നാട്ടുകാർ വലിയ ആവേശത്തിലാണ്.
ബീന ആർ. ചന്ദ്രൻ: 2023ലെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് ‘തടവ്’ സിനിമ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ജനപ്രീതി നേടുകയും ചർച്ചകളിൽ ഇടംപിടിക്കുകയും ചെയ്തു. പിന്നീട് നിരവധി അവാർഡുകളും നേടി. 2024ലെ ഐ.എഫ്.എഫ്.കെയിൽ ‘ഫെമിനിച്ചി ഫാത്തിമ’ അതേ അംഗീകാരങ്ങൾ നേടി ശ്രദ്ധേയമായി. കൂടുതൽ അവാർഡുകൾ ‘ഫാത്തിമ’യ്ക്കു കിട്ടി. ഐ.എഫ്.എഫ്.കെയിൽ കണ്ടപ്പോൾതന്നെ സിനിമയും കഥാപാത്രവും നിരവധി അംഗീകാരങ്ങൾ നേടും എന്നു പ്രതീക്ഷിച്ചിരുന്നു. എത്ര നല്ല പടമായാലും സമാന്തര സിനിമകൾ തിയറ്ററുകളിൽ വിജയിപ്പിച്ചെടുക്കുക പ്രയാസമാണ്. ‘തടവ്’ റിലീസായപ്പോൾ തിയറ്ററിൽ ആളെയെത്തിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ‘ഫെമിനിച്ചി ഫാത്തിമ’ ഇറങ്ങിയപ്പോൾ തിയറ്ററിൽ ആളെയെത്തിക്കാൻ ഞാനും ശ്രമിച്ചിരുന്നു. ഈ സിനിമ പരമാവധി ജനങ്ങളിലേക്കെത്തണം എന്ന് വളരെ ആഗ്രഹിച്ചിരുന്നു. ഈ അവാർഡ് ഷംല എത്രത്തോളം പ്രതീക്ഷിച്ചിരുന്നു?
ഷംല ഹംസ: മികച്ച നടിക്കുള്ള പുരസ്കാരം ആഗ്രഹിച്ചിരുന്നു. എന്നാൽ, കിട്ടുമെന്ന് ഉറപ്പിക്കാനോ പ്രതീക്ഷിക്കാനോ ഉള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ഫൈനൽ റൗണ്ടിലെത്തിയ പ്രശസ്തരായ നടികളുടെ കൂടെ എന്റെ കഥാപാത്രവും പേരും വന്നു എന്നതുതന്നെ വലിയ സന്തോഷമാണ് തന്നത്. ഐ.എഫ്.എഫ്.കെയിൽ സിനിമ കണ്ട പ്രേക്ഷകരും പ്രശസ്തരായ സിനിമാപ്രവർത്തകരും സംസ്ഥാന അവാർഡിൽ ‘ഫാത്തിമ’ സ്ഥാനംപിടിക്കും എന്നു പറഞ്ഞിരുന്നു. പക്ഷേ, തുടക്കക്കാരിയെന്ന നിലക്ക് അതിമോഹത്തിനു പോയില്ല. എന്നാൽ, പുരസ്കാരം നമ്മുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ്. ആ വ്യക്തി മാത്രമല്ല, ആ സിനിമയും അതിൽ പ്രവർത്തിച്ച എല്ലാവരുമാണ് അവാർഡിലൂടെ അംഗീകരിക്കപ്പെടുന്നത്.
ബീന ആർ. ചന്ദ്രൻ: അതെയതെ. അവാർഡുകൾ ആ വ്യക്തിക്കൊപ്പം പ്രവർത്തിച്ച എല്ലാവർക്കുമുള്ള അംഗീകാരമാണ്. ഈ നേട്ടത്തിലേക്കെത്താൻ നടന്ന വഴികളെക്കുറിച്ചും കലാജീവിതത്തെ കുറിച്ചും ഷംലക്കു പറയാനുള്ളത്?
ഷംല ഹംസ: ഉപ്പ ഹംസ നാടകനടനായിരുന്നു. അങ്ങനെയായിരിക്കും അഭിനയം ഉള്ളിൽ കയറിയത്. ചെറുപ്പത്തിലൊന്നും അങ്ങനെയൊരു കഴിവുണ്ട് എന്നറിയില്ല. നാടകത്തിൽ അഭിനയിക്കുന്നവരെ വലിയ ബഹുമാനമായിരുന്നു. തെറ്റുകൾ വരുത്താതെ സ്റ്റേജിൽ ഡയലോഗ് പറഞ്ഞ് അഭിനയിക്കുക, ആളുകളെ രസിപ്പിക്കുക, ചിരിപ്പിക്കുക, കരയിക്കുക എന്നൊക്കെ പറയുന്നത് വലിയ കഴിവാണ്. അതിനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. പാട്ടും ഒപ്പനയും കവിതയെഴുത്തും ഒക്കെ ഉണ്ടായിരുന്നു. മഴവിൽ മനോരമയിലെ ‘മിടുക്കി’യിലൊക്കെ പങ്കെടുത്തിട്ടുണ്ട്. സിനിമാനടി ആകണമെന്നൊന്നും ആഗ്രഹിച്ചിട്ടില്ല. പാട്ടുകൾ എഴുതുമായിരുന്നു. ഷംല ഹംസ പ്രൊഡക്ഷൻസ് എന്നൊരു യൂട്യൂബ് ചാനലുണ്ടാക്കി. എഴുതിയ ചില പാട്ടുകൾ പലരെക്കൊണ്ടു പാടിച്ച് ചാനലിലിടും. ‘ഇഷ്കിൻ പത്തരമാറ്റുള്ള പൂമിഴിച്ചേലുള്ള...’ തുടങ്ങി രണ്ടു ഗാനങ്ങൾ സിതാര കൃഷ്ണകുമാർ ആണ് പാടിയത്. ഒരു ഷോട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്തു.
എൻജിനീയറിങ് കഴിഞ്ഞ് ദുബൈയിൽ ജോലിയിലിരിക്കെയാണ് ഒരു സിനിമയുടെ ഓഡിഷൻ ഉണ്ടെന്നറിഞ്ഞു ചെല്ലുന്നത്; അഭിനയിക്കാനല്ല, പാട്ടെഴുതാൻ അവസരം തേടിയാണ്. അവരുടെ നിർദേശത്തിൽ അഭിനയിച്ചു നോക്കിയപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ‘ആയിരത്തൊന്നു നുണ’കളിലൂടെ സിനിമാപ്രവേശനം. ഗർഭിണിയായ സൽമ എന്ന കഥാപാത്രം.
ജിജോയ് പുളിക്കൽ സാറിന്റെ നേതൃത്വത്തിൽ വർക് ഷോപ്പുണ്ടായിരുന്നു അന്ന്. കംഫർട്ട് സോണിനപ്പുറം ചമ്മലില്ലാതെ പെർഫോം ചെയ്യുന്നതെങ്ങനെയെന്ന് പഠിച്ചത് ക്യാമ്പിൽനിന്നാണ്. അതോടെ അഭിനയം വലിയ പാഷനായി. ‘ഫെമിനിച്ചി’ക്ക് പരിശീലനക്യാമ്പ് ഉണ്ടായില്ല.
‘ആയിരത്തൊന്ന് നുണകൾ’ സ്പോട്ട് എഡിറ്റർ ഫാസിൽ മുഹമ്മദാണ് ‘ഫെമിനിച്ചി’യുടെ സംവിധായകൻ. ‘നുണകളുടെ’ സംവിധായകൻ താമറും സുധീഷ് സക്കറിയയും ചേർന്നാണ് നിർമാണം. ഫാസിൽ കഥ പറഞ്ഞപ്പോൾതന്നെ ആ കഥാപാത്രം നഷ്ടപ്പെടുത്തരുതെന്ന് തോന്നിയിരുന്നു. അന്ന് മകൾക്ക് മൂന്നു മാസമേ ആയിട്ടുള്ളൂ. അൽപമൊന്ന് വെയ്റ്റ് ചെയ്യാൻ പറ്റുമോ എന്നവരോടു ചോദിച്ചു. മൂന്നുമാസം കൂടി കഴിഞ്ഞാണ് സിനിമ ചെയ്തത്. ചെയ്തുവന്നപ്പോഴാണ് പറഞ്ഞതിലും കൂടുതൽ പെർഫോം ചെയ്യാൻ സാധിക്കുന്ന കഥാപാത്രമാണ് ഫാത്തിമയെന്നു മനസ്സിലായത്. സിനിമ നൽകുന്ന മെസേജും പ്രധാനംതന്നെ.
ബീന ആർ. ചന്ദ്രൻ: സിനിമയിലെ കേന്ദ്ര കഥാപാത്രമാണ് ഫാത്തിമ. കരുത്തുറ്റ കഥാപാത്രമാണ്. അതിഭാവുകത്വങ്ങളില്ലാതെ വളരെ ഒതുക്കത്തോടെയാണ് ഷംല കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പലപ്പോഴും പൊട്ടിത്തെറിക്കേണ്ട അവസരങ്ങൾ വരുമ്പോഴും ഫാത്തിമ വളരെ നിയന്ത്രിച്ചാണ് സിറ്റ്വേഷനെ നേരിടുന്നത്. കഥാപാത്രമായി മാറാനുള്ള ആ പ്രോസസ് എങ്ങനെയായിരുന്നു?
ഷംല ഹംസ: ഫാത്തിമയെക്കുറിച്ച് കൃത്യമായ ചിത്രം ഫാസിലിനുണ്ടായിരുന്നു. അതേസമയം, നമുക്കു ചോദിക്കാനും പറയാനുമുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ചിത്രീകരണം തുടങ്ങാനുള്ള മൂന്നു മാസത്തിനിടയിൽ കഥയിലും കഥാപാത്രത്തിനും വരുന്ന ഓരോ മാറ്റവും യഥാസമയം അറിയിച്ചിരുന്നു. അതെല്ലാം കഥാപാത്രത്തിലെക്കെത്താൻ സഹായമായി. കണ്ടു ശീലിച്ച, അടുത്തു പരിചയമുള്ള ഒരാളായി ഫാത്തിമ മാറി. സ്ക്രിപ്റ്റിന്റെ മികവു തന്നെയാണ് കഥാപാത്രമാവാൻ ഏറ്റവും സഹായിച്ചത്. മകളുണ്ടായതിന്റെ പോസ്റ്റ് പാർട്ടം സമയമായതുകൊണ്ട് വണ്ണവും ക്ഷീണവും നടുവേദനയും ഒക്കെയുണ്ടായിരുന്നു. അത് മൂന്നു കുട്ടികളുടെ അമ്മ കഥാപാത്രത്തിന് ഗുണംചെയ്തു.
കൂടെ അഭിനയിച്ചവരുടെ സഹകരണവും എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ച് ഭർത്താവായി അഭിനയിച്ച കുമാർ സുനിൽ, സൂറാത്തയായി അഭിനയിച്ച വിജി വിശ്വനാഥ് തുടങ്ങിയവരെല്ലാം വരെ നന്നായി സപ്പോർട്ട് ചെയ്തതുകൊണ്ടാണ് ഫാത്തിമയെ ആ രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചത്.
പൊന്നാനിയിലായിരുന്നു ഷൂട്ടിങ്. കടലെടുത്ത് പോകുന്ന വീടുകളുടെ ഇടയിലായിരുന്നു ചിത്രീകരണം. ഗോവ, തിരുവനന്തപുരം ഫിലിംഫെസ്റ്റിവലുകളിൽ ‘ഫെമിനിച്ചി ഫാത്തിമ’ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഐ.എഫ്.എഫ്.കെയിൽ മികച്ച ചിത്രമായി. ജർമനി, കിർഗിസ്താൻ, കാനഡ എന്നിവിടങ്ങളിലടക്കം ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളിൽ ചിത്രം പ്രദർശിപ്പിച്ചു. നാട്ടിൽ െവച്ച് സിനിമ കണ്ട് ഇറങ്ങിയപ്പോൾ ഒരു പെൺകുട്ടി വന്ന് കെട്ടിപ്പിടിച്ച് ഇതെന്റെ കഥയാണ് എന്നുപറഞ്ഞു. ‘ഇങ്ങനെയൊക്കെ നടക്കുമോ’ എന്നു ചോദിക്കുന്നവരുമുണ്ട്. സ്ത്രീകളെ കുറിച്ച് സംസാരിക്കുന്ന സിനിമകൾ ഇപ്പോൾ കുറവാണല്ലോ. അത്തരത്തിലൊരു സിനിമയുടെ ഭാഗമാവുക എന്നതുതന്നെ സന്തോഷമാണ്.
ബീന ആർ. ചന്ദ്രൻ: അവാർഡ് കിട്ടിയതിനുശേഷം ഉത്തരവാദിത്തങ്ങൾകൂടി എന്നതാണ് എന്റെ അവസ്ഥ. ധാരാളം പ്രോഗ്രാമുകൾക്ക് ആളുകൾ വിളിക്കുന്നു. തിരക്കു കൂടിയപ്പോൾ പുതിയ നാടകം ചെയ്യാൻ സാധിക്കുന്നില്ല. നമ്മുടെ ഇഷ്ടങ്ങൾ പലതും മാറ്റിവെക്കേണ്ടിവരുന്നു. ജോലിയില്ലായ്മ ഒരർഥത്തിൽ സൗകര്യമാണ്. കുഞ്ഞിന് ആറുമാസം ഉള്ളപ്പോൾ ഷൂട്ടിങ് എങ്ങനെ കൊണ്ടുപോയി?
ഷംല ഹംസ: കുഞ്ഞിനെ നോക്കാൻവേണ്ടി ജോലി ഉപേക്ഷിച്ചതാണ്. പക്ഷേ, ഒരു 10-05 ജോലിയെക്കാൾ സൗകര്യപ്രദമായാണ് എനിക്ക് സിനിമ അനുഭവപ്പെട്ടത്. ഷൂട്ടിങ് സ്ഥലത്ത് കുഞ്ഞ് എന്റെ കൂടെ ഉണ്ടായിരുന്നു. പിന്നെ, നമുക്ക് ആരെ വേണമെങ്കിലും സെറ്റിൽ കൊണ്ടുപോകാം. ഉമ്മയാണ് കുഞ്ഞിനെ നോക്കാൻ കൂടെയുണ്ടായിരുന്നത്. കുഞ്ഞു കരഞ്ഞാൽ പോയി എടുക്കും. ആ സമയം അവർ വേറെ ഷോട്ട് എടുക്കും. അല്ലെങ്കിൽ വെയ്റ്റ് ചെയ്യും. ഒരു പ്രയാസവും ഉണ്ടായിട്ടില്ല. നല്ല സഹകരണമായിരുന്നു എല്ലാവരിൽനിന്നും കിട്ടിയത്.
ബീന ആർ. ചന്ദ്രൻ: വളരെക്കാലം സിനിമയിൽ നിറഞ്ഞുനിന്ന് പ്രേക്ഷകരുടെ മനസ്സിൽ താരങ്ങളായി തിളങ്ങിനിൽക്കുന്നവരൊന്നുമല്ല നമ്മൾ. എന്നിട്ടും ഈ ഗ്രാമത്തിലേക്ക് സംസ്ഥാന അവാർഡ് നമ്മളെ തേടി വന്നു. ഇത് സാധാരണക്കാർക്കും നേടാവുന്നതാണ് എന്ന് അടയാളപ്പെടുത്തുകയാണ് നമ്മളിലൂടെ ചെയ്തിരിക്കുന്നത്.
ഷംല ഹംസ: കലയെ സ്നേഹിക്കുന്ന എല്ലാവർക്കും ശ്രമിക്കാവുന്ന മേഖല തന്നെയാണ് സിനിമ. വലിയ അഭിനയ പാരമ്പര്യമുള്ള ആളല്ലെങ്കിൽ പാഷനും പരിശീലനവുംകൊണ്ട് എനിക്കു സാധിക്കുമെങ്കിൽ, നാടകങ്ങളിലൂടെയും മറ്റും പരിചിതരായവർക്ക് അനായാസം സാധ്യമാകും എന്ന ഓർമപ്പെടുത്തൽകൂടിയാണ് ഈ പുരസ്കാരം. തുടക്കക്കാരെയും വലിയ അവാർഡുകൾക്ക് പരിഗണിക്കുന്നതിലൂടെ കലയെയും കഴിവിനെയുമാണ് അംഗീകരിക്കുന്നതും ആദരിക്കുന്നതും എന്ന് അടയാളപ്പെടുത്തുകയാണ്. മികച്ച കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു.
ഷംല ഹംസ, ബീന ആർ. ചന്ദ്രൻ
പാലക്കാട് തൃത്താലയാണ് സ്വദേശം. അനിയൻ ഷാഹിദ് മരയ്ക്കാർ സിനിമാ എഡിറ്ററാണ്. ‘ആലപ്പുഴ ജിംഖാന’, ‘തുടരും’ എന്നീ സിനിമയിലൊക്കെ അസിസ്റ്റന്റായി പ്രവർത്തിച്ചു. ഭർത്താവ് സാലിഹ് ദുബൈയിൽ. മകൾ ലസിൻ സോയ്- രണ്ട് വയസ്സ്. മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് ‘ഫെമിനിച്ചി ഫാത്തിമ’ നേടിയത്: മികച്ച നടി, നവാഗത സംവിധായകൻ, മികച്ച രണ്ടാമത്തെ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

