ഫാസിൽ പറഞ്ഞ കഥ
text_fieldsപരിമിതികൾക്കുള്ളിൽ നിന്നും പിറന്ന ഒരു കൂട്ടായ്മയുടെ സിനിമ, ഫെമിനിച്ചി ഫാത്തിമ. മികച്ച നവാഗത സംവിധായകൻ, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച നടി എന്നിങ്ങനെ മൂന്ന് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ നേടി മുന്നേറുമ്പോൾ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ പൊന്നാനിക്കാരൻ ഫാസിൽ മുഹമ്മദ്. ലിംഗസമത്വം, സാംസ്കാരിക പാരമ്പര്യം, വ്യക്തി ശാക്തീകരണം എന്നീ പ്രമേയങ്ങളിലൂടെ മുന്നേറുന്നതാണ് ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രം.
ഫാത്തിമയാണ് ഇതിലെ മുഖ്യകഥാപാത്രം. ഭർത്താവായ അഷ്റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ കാതൽ. ലളിതമായ കഥപറച്ചിലൂടെ ഫെമിനിച്ചി ഫാത്തിമ പുരസ്കാര വേദികളിലടക്കം കൈയടി നേടുമ്പോൾ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും എഡിറ്ററുമായ ഫാസിൽ മുഹമ്മദ് സംസാരിക്കുന്നു.
അവാർഡ് നേട്ടം
ആദ്യത്തെ സിനിമയാണ് ഫെമിനിച്ചി ഫാത്തിമ. ആദ്യത്തെ സിനിമക്ക് തന്നെ മികച്ച നടിക്കുൾപ്പെടെയുള്ള സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ കിട്ടി. ഇതിൽപരം സന്തോഷം മറ്റെന്താണ്. ഷംലക്ക് കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഫിലിം ക്രിട്ടിക്സ് അവാർഡ്, പത്മരാജൻ അവാർഡ്, ഐ.എഫ്.എഫ്.കെ തുടങ്ങി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മിക്ക അവാർഡുകളിലും ഫെമിനിച്ചി ഫാത്തിമ സാന്നിധ്യം അറിയിച്ചിരുന്നു. അതിന്റെ കൂടെ സംസ്ഥാന പുരസ്കാരം കൂടി കിട്ടണമെന്ന് വളരെയേരെ ആഗ്രഹിച്ചിരുന്നു. ഫെമിനിച്ചി ഫാത്തിമ പരിമിതികൾക്കുള്ളിൽ നിന്നും ചെയ്ത ഒരു കൂട്ടായ്മയുടെ സിനിമയാണ്.
പൊന്നാനിയിലെ വീട്ടിൽ പ്രിയപ്പെട്ടവരുടെ കൂടെയിരുന്നാണ് അവാർഡ് വാർത്ത അറിഞ്ഞത്. കുടുംബവും സുഹൃത്തുക്കളും കൂടെ ജോലി ചെയ്തവരുമൊക്കെ ആ നിമിഷം കൂടെയുണ്ടായിരുന്നു. നല്ല സന്തോഷം തോന്നി. സിനിമക്ക് വേണ്ടി ചിലവഴിച്ച കുറേ സമയങ്ങളുണ്ട്. അതിന്റെയൊക്കെ റിസൾട്ട് എന്ന നിലയിൽ കുടുംബത്തിന്റെകൂടെ ആ വിജയം ആഘോഷിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. നമ്മൾ കടന്ന് വന്ന വഴികളെ പറ്റിയും എത്രത്തോളം സിനിമക്കായി സമയം ചെലവഴിച്ചിട്ടുണ്ടെന്നും എത്രയൊക്കെ ഇതിന് പിറകിൽ പ്രയത്നിച്ചിട്ടുണ്ടെന്നും വ്യക്തമായി അറിയുന്നവരാണ് കുടുംബവും സുഹൃത്തുക്കളും. അതുകൊണ്ട് തന്നെ ഈയൊരു നേട്ടത്തിൽ അവരും ഒത്തിരി സന്തോഷത്തിലാണ്, എന്നെക്കാൾ കൂടുതൽ.
എന്റെ വീടും പരിസരവുമാണ് ഈ സിനിമ. സുഹൃത്തുക്കളോട് പറയാറുള്ളത് ഞാനെന്റെ വീട്ടുമുറ്റത്ത് നിന്നാണ് സിനിമയുണ്ടാക്കിയതെന്നാണ്. ആഗ്രഹത്തിന്റെ പുറത്താണ് സിനിമയിലേക്ക് വരുന്നത്. സിനിമ പാരമ്പര്യമൊന്നുമില്ല. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഷോർട് ഫിലിം ചെയ്താണ് തുടക്കം. കുറച്ച് സിനിമകളിൽ സ്പോട് എഡിറ്ററായി വർക്ക് ചെയ്തു. പിന്നെ ഖബർ എന്നൊരു ഷോർട് ഫിലിം ചെയ്തു. പിന്നെയൊരു വെബ് സീരീസും ചെയ്തതിന് ശേഷമാണ് സിനിമ ചെയ്യുന്നത്. സിനിമകൾ കാണാൻ പണ്ടുതൊട്ടേ നല്ല താൽപര്യമായിരുന്നു. അതാവാം സിനിമയോടുള്ള ഇഷ്ടത്തിനും കാരണം.
മികച്ച നടി
എഴുതിയ ഒരു കഥാപാത്രം, അത് അവതരിപ്പിച്ച വ്യക്തിക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടുക എന്നത് അത്രയും സന്തോഷം നിറഞ്ഞ കാര്യമാണ്. ഷംലയുമായി സംസാരിച്ചിരുന്നു. നല്ല സന്തോഷത്തിലാണ്. ഷംല ഹംസയും കുമാർ സുനിലുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. കഥ നടക്കുന്ന പൊന്നാനിയുടെ ജീവിത രീതികളുമായി അടുത്തു നിൽക്കുന്ന ആളാണ് ഷംല. ബാക്കിയുള്ള അഭിനേതാക്കളെല്ലാം എന്റെ ചുറ്റുപാടുള്ള പരിചയക്കാരും പൊന്നാനിയിലെ നാട്ടുകാരുമാണ്. കൂടുതൽപേരും വെബ് സീരീസിലും ഷോർട് ഫിലിമിലും അഭിനയിച്ചവരാണ്.
സുഹൃത്തുക്കളെയും നാട്ടുകാരെയും ഉൾപ്പെടുത്തി ചെയ്ത സിനിമയാണ്. എല്ലാവരും എന്നിൽ വിശ്വാസമർപ്പിച്ച് എൻറൊപ്പം കൂടുകയാണ് ചെയ്തത്. സിനിമയുടെ എല്ലാ മേഖലകളും കൈകാര്യം ചെയ്യാൻ അറിയാം. സിനിമ എനിക്കത്രയും ഇഷ്ടമാണ്. അതിലെ ആർട് വർക്ക്,കോസ്റ്റ്യും എല്ലാം ഞാനും സുഹൃത്തുക്കളും തന്നെയാണ് ചെയ്തത്. ഇതൊക്കെ കൈകാര്യം ചെയ്യാൻ പ്രത്യേകം ആൾക്കാരോ സെഷനോ ഒന്നും ഉണ്ടായിരുന്നില്ല.
വളരെ ലളിതമായാണ് ഫെമിനിച്ചി ഫാത്തിമയെ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെയാവാം പ്രേക്ഷകർക്കും ജൂറിക്കും സിനിമ എളുപ്പത്തിൽ കണക്ടായത്. പിന്നെ സിനിമ സംസാരിക്കുന്ന വിഷയവും പ്രധാനപ്പെട്ടതാണ്. ചുറ്റുപാടുകളിൽ നിന്ന് ഞാൻ കണ്ട ഫെമിനിസമാണ് സിനിമയിലും ഉള്ളത്. തുല്യതയെ പറ്റി തന്നെയാണ് ഫാത്തിമയും സംസാരിക്കുന്നത്. അടിസ്ഥാനപരമായി ഈ തുല്യത വീട്ടിൽ നിന്നാണ് തുടങ്ങേണ്ടത്.
സിനിമയുടെ ഒ.ടി.ടി റിലീസ് പെട്ടെന്ന് തന്നെയുണ്ടാകും. അടുത്ത സിനിമയുടെ തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. ആദ്യ സിനിമ ചെയ്ത പോലെ തന്നെ രണ്ടാമത്തെ സിനിമ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്ക്രിപ്റ്റ് റെഡിയാണ്. ചെയ്താൽ മാത്രം മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

