Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയത്തിന്റെ പ്രഥമദൃഷ്ടികൾ

text_fields
bookmark_border
വിജയത്തിന്റെ പ്രഥമദൃഷ്ടികൾ
cancel
‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ വിജയകരമായി പ്രദർശനം തുടരുകയാണ്. വിജയാഹ്ലാദത്തിനിടെ സിനിമയുടെ വിജയം നൽകുന്ന സന്തോഷവും അതിനുപിന്നിലെ കഠിനാധ്വാനവും പങ്കുവെക്കുകയാണ് സംവിധായകൻ ഷഹദ്

പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത പുതിയ ചിത്രം ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. വിജയാഹ്ലാദത്തിനിടെ സിനിമയുടെ വിജയം നൽകുന്ന സന്തോഷവും അതിനുപിന്നിലെ കഠിനാധ്വാനവും പങ്കുവെക്കുകയാണ് സംവിധായകൻ ഷഹദ്.

സിനിമയിൽ പ്രവചനങ്ങളില്ല

പ്രഥമദൃഷ്‌ട്യാ കുറ്റക്കാർ സിനിമ നല്ലതാണെന്നും അതിൽ പ്രേക്ഷകരെ എക്സൈറ്റ് ചെയ്യിക്കുന്ന ഘടകങ്ങളുണ്ടെന്നും ഞങ്ങൾക്ക് നൂറു ശതമാനം ഉറപ്പായിരുന്നു. സംവിധായകൻ എന്നതിനേക്കാൾ ഒരു പ്രേക്ഷകൻ കൂടിയാണ് ഞാൻ. എന്നാൽ, ഇത് എത്രത്തോളം ആളുകളിലേക്ക് കണക്റ്റ് ആകുമെന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. റിലീസ് തിയതി, സാങ്കേതിക തടസ്സങ്ങൾ തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു സിനിമയുടെ വിജയം. അതിനാൽ സിനിമയുടെ വിജയം മുൻകൂട്ടി പ്രെഡിക്റ്റ് ചെയ്യാനാകില്ല; ആത്മാർഥമായി ചെയ്യുക എന്നതു മാത്രമേ നമ്മുടെ കൈയിലുള്ളൂ. നിർമിതി നല്ലതാണെങ്കിൽ എന്നായാലും ആളുകൾ അത് അംഗീകരിക്കും. വിജയത്തിനായി പരമാവധി ശ്രമിക്കുക, സിനിമ മികച്ചതാണെന്ന് വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തുക എന്ന പ്രോസസ് മാത്രമാണ് ഞങ്ങൾ ചെയ്തത്.

മലയാളി പ്രേക്ഷകരും അംഗീകാരവും

മലയാളി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്നത് വലിയൊരു ഹിമാലയൻ ടാസ്കാണ്. കാരണം, അന്താരാഷ്ട്ര സിനിമകളും സീരീസുകളും കണ്ടു ശീലിച്ച മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരം വളരെ ഉയർന്നതാണ്. അവരെ ഒരിക്കലും അണ്ടർ എസ്റ്റിമേറ്റ് ചെയ്യാൻ കഴിയില്ല. എന്നാൽ, മലയാളികളുടെ അംഗീകാരം ലഭിച്ചാൽ അത് ആഗോള സ്വീകാര്യത കിട്ടിയതിന് തുല്യമാണ്.

ഒരുനല്ല സിനിമ വിജയിക്കാൻ പ്രധാനമായും നാല് ഘടകങ്ങളാണുള്ളത്: ഒന്ന് സോളിഡായ ഒരു കഥ. രണ്ട് കഥാപാത്രങ്ങളെ ആളുകളുമായി വൈകാരികമായി കണക്റ്റ് ചെയ്യാൻ സാധിക്കുക.

മൂന്ന് ഇമോഷനലി കണക്ടായാൽ അതിലെ ത്രില്ലിങ് ഘടകങ്ങൾ ആളുകൾക്ക് പൂർണമായി ആസ്വദിക്കാൻ പറ്റുക. നാല് അണിയറ പ്രവർത്തകരുടെ കഠിനാധ്വാനം. ഇത് നാലും ചിത്രത്തിൽ ചേർന്നുവെന്നാണ് വിശ്വാസം. സാങ്കേതിക വശം സിനിമയെ ഒരു പുതിയ അനുഭവമാക്കി മാറ്റി. ക്രിയേറ്റിവായും സാങ്കേതികമായും പാർവതി തിരുവോത്ത്, വിജയരാഘവൻ, മാത്യു തോമസ്, സിദ്ധാർഥ് ഭരതൻ, വിനയ് ഫോർട്ട്, ഉണ്ണിമായ പ്രസാദ്, അസീസ് നെടുമങ്ങാട് തുടങ്ങിയ അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കാസ്റ്റ് ആൻഡ് ക്രൂ ടീം ചെയ്ത ഹാർഡ് വർക്കിനുള്ള പേ ഓഫ് ആണ് ഈ വിജയം.

കംപാരിസണുകൾ

‘ദൃശ്യം’ പോലെ ഒരു സിനിമ ചെയ്യുക എന്ന ചിന്തയിലേയല്ല ഞങ്ങൾ ഈ പ്രോജക്ടിലേക്ക് പോയത്. റിലീസായി പ്രേക്ഷകർ പറയാൻ തുടങ്ങിയപ്പോഴാണ് അത് ശ്രദ്ധിക്കുന്നത്. എന്നാൽ ‘ദൃശ്യം’ മലയാള സിനിമയിലെ വലിയൊരു ബെഞ്ച് മാർക്കാണ്. മികച്ച പ്രോഡക്ടുകളുമായി ആളുകൾ മറ്റുള്ളവയെ കംപയർ ചെയ്യുന്നത് സ്വാഭാവികമാണ്. അതിനാൽ ആ സിനിമയുമായി പ്രേക്ഷകർ ഈ സിനിമയെ കംപയർ ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ട്.

എന്നാൽ, കഥയിലോ കഥാഗതിയിലോ ദൃശ്യവുമായി ബന്ധമൊന്നുമില്ല. അതിൽ ഒരു സാധാരണക്കാരനാണ് നിയമത്തിനെതിരെ പോരാടുന്നതെങ്കിൽ, ഇതിൽ നിയമം പാലിക്കേണ്ട പൊലീസുകാർ സ്വന്തം സിസ്റ്റത്തോടുതന്നെ പോരാടേണ്ടി വരുന്ന സാഹചര്യമാണ്. ആളുകൾക്ക് അനുഭവപ്പെട്ട മാനസിക സമ്മർദവും എക്സൈറ്റ്മെന്റും കൊണ്ടാകാം അവർ അങ്ങനെ കംപയർ ചെയ്യുന്നത്.

രണ്ടാം ഭാഗവും സ്പിൻ ഓഫും

രണ്ടാം ഭാഗത്തെക്കുറിച്ച് നിലവിൽ ചിന്തിച്ചിട്ടില്ല. ഇതിന്റെ ഒരു സ്പിൻ ഓഫിനെ കുറിച്ച് റൈറ്റർ സുബ്രഹ്മണ്യൻ സാർ സംസാരിച്ചിരുന്നെങ്കിലും അന്തിമ തീരുമാനങ്ങളിലൊന്നും എത്തിയിട്ടില്ല. ഉടനെ തന്നെ ഇതിന്റെ തുടർച്ചയായി പ്രോജക്ടുകൾ ഉണ്ടാവാൻ സാധ്യത കുറവാണ്. പിന്നെ സംഭവിച്ചുകൂടായ്കയുമില്ല. വിദേശത്ത് (അമേരിക്കയിലോ ആസ്ട്രേലിയയിലോ) നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള യൂട്യൂബ് വാർത്തയിൽ നിന്നാണ് കഥക്ക് എലമെന്റ് കിട്ടുന്നത്. അവിടെ ഒരു പൊലീസുകാരനുനേരെ പ്രതി തോക്കെടുത്ത് അറ്റാക്ക് ചെയ്യുന്ന സംഭവമായിരുന്നു അത്. അതിനെ ആസ്പദമാക്കി മലയാളീകരിച്ച് വർക്ക് ചെയ്യുകയായിരുന്നു.

പേരിനു പിന്നിൽ

മറ്റൊരു പേരിലായിരുന്നു ആദ്യം സ്ക്രിപ്റ്റ് തയാറാക്കിയത്. എന്നാൽ, അനുയോജ്യമായ മറ്റൊരു പേരിനായി തിരയുന്നതിനിടയിൽ, ഡയറക്ടറും മാധ്യമപ്രവർത്തകനുമായ അനൂപ് പന്തളമാണ് ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന പേര് നിർദേശിക്കുന്നത്. കേട്ടപ്പോൾത്തന്നെ ഭയങ്കര എക്സൈറ്റഡായി. മാധ്യമങ്ങളിലൂടെയും വാർത്തകളിലൂടെയും ആളുകൾക്ക് വളരെ പരിചയമുള്ള, കുറ്റപത്രങ്ങളിൽ കാണുന്ന ഈ വാക്ക് സിനിമയുടെ സന്ദർഭവുമായി ഭയങ്കര ആപ്റ്റ് ആയിരുന്നു.

സിനിമാ മേഖലയിൽ നിന്നു ഒരുപാട് അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ, സാധാരണക്കാരായ പ്രേക്ഷകർ ടിക്കറ്റെടുത്ത് പടം കണ്ടിട്ട് നന്നായിരുന്നു എന്ന് പറയുമ്പോഴാണ് ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും ലഭിക്കുന്നത്.

നന്നാക്കാമായിരുന്നു എന്ന തോന്നൽ

സിനിമ സിനിമയായി രൂപപ്പെടുമ്പോൾ ഏതൊരു കലാകാരനും തന്റെ സൃഷ്ടി പൂർണതയിൽ എത്തിക്കാനാണ് ശ്രമിക്കുക. കൂടുതൽ ബെറ്റർ ആക്കാമായിരുന്നു എന്ന് എപ്പോഴും തോന്നാം. എന്നാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി റിലീസ് ചെയ്യേണ്ടതുള്ളതുകൊണ്ട് അതിന്റേതായ പരിമിതികൾ കാണും.

ആഗ്രഹത്തോടും ഇഷ്ടത്തോടും കൂടിയാണ് മുമ്പ് പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ സിനിമകൾ ചെയ്തത്. പ്രകാശൻ പറക്കട്ടെ എന്ന സിനിമക്ക് ആളുകൾക്കിടയിൽ പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. അതുകണ്ടിട്ട് ഇപ്പോഴും വിളികൾ വരാറുണ്ട്, തന്റെ ജീവിത കഥയിലെ എലമെന്റുകൾ ഉണ്ടെന്നുപറഞ്ഞ്. ആളുകളുടെ ജീവിതവുമായി അത് അത്രത്തോളം റിലേറ്റ് ചെയ്തിരുന്നു. അതുപോലെ അനുരാഗത്തിനും അതിന്റേതായ ഫാൻ ബേസ് ഉണ്ട്. ആ രണ്ടു സിനിമകളും നിർമാതാക്കൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടില്ല. കലാസൃഷ്ടി എന്ന നിലയിൽ ആളുകളെ കണക്ട് ചെയ്യാൻ സാധിച്ചു എന്നതിൽ തൃപ്തിയുണ്ട്.

സിനിമയിലേക്കുള്ള യാത്ര

2013ൽ നിലമ്പൂരിൽനിന്ന് എറണാകുളത്തേക്ക് വണ്ടികയറുമ്പോൾ ഒരു സ്വപ്നജീവിയായിരുന്നു ഞാൻ. അവിടെ നിന്ന് റിയാലിറ്റി അക്സെപ്റ്റ് ചെയ്യുന്ന ഒരു മനുഷ്യനിലേക്കുള്ള മാറ്റമായിരുന്നു എന്റെ യാത്ര. പത്താം ക്ലാസ് മുതൽ ഷോർട്ട് ഫിലിംസ് ചെയ്തു തുടങ്ങിയതാണ്. അതികഠിനാധ്വാനവും ക്ഷമയുമുണ്ടെങ്കിൽ സ്വപ്നങ്ങൾ നേടിയെടുക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. പ്രേക്ഷകരോട് നീതിപുലർത്തുന്ന നല്ല സിനിമകൾ ചെയ്യുക എന്നതാണ് ഇനി മുന്നോട്ടുള്ള ലക്ഷ്യം.

ഇന്റീരിയർ ഡിസൈനറായ ഹിബയാണ് ഭാര്യ. ഒരു വർഷം മുമ്പ് ഈ സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾക്കിടയിലായിരുന്നു വിവാഹം. ഗൾഫിൽനിന്നു റിട്ടയറായി നാട്ടിലുള്ള ബാപ്പ കുഞ്ഞിമുഹമ്മദ്, ഉമ്മ മറിയുമ്മ, അനിയത്തിമാർ ഷബീബ, റെന്ന, അനിയൻ ഷാബിൽ എന്നിവരടങ്ങുന്നതാണ് കുടുംബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Director Shahad Opens Up on the Success of 'Prathamadrushtya Kuttakkar'
Next Story