എൽ.ഡി.എഫ്-ബി.ജെ.പി ഡീൽ നടക്കണമെങ്കിൽ കാക്ക മലർന്നു പറക്കണം -ബിനോയ് വിശ്വം
text_fieldsബിനോയ് വിശ്വം
ഇടതുമുന്നണി മൂന്നാമതും അധികാരത്തിൽ വരുമെന്ന് പറയുന്നതിലെ ആത്മവിശ്വാസം എന്താണ്?
ജനം തുടർഭരണം ആഗ്രഹിക്കുന്നുണ്ട്. ഒരേസമയത്ത് വികസനത്തിനും കരുതലിനും മുൻഗണന കൊടുത്ത സർക്കാറാണിത്. സാധാരണക്കാരെയും പാവങ്ങളെയും മറന്നുകൂടെന്ന ഇടതുപക്ഷ നിലപാടും നയവും സർക്കാർ ഉയർത്തിപ്പിടിച്ചു. ഈ വികസന കേരള നയത്തെപ്പറ്റിയുള്ള മതിപ്പാണ് തുടർഭരണം ഉറപ്പെന്ന് പറയാനുള്ള മറ്റൊരു ഘടകം.
ഭരണവിരുദ്ധ വികാരം ഇല്ലെന്നാണോ പറയുന്നത്?
ഭരണ വിരുദ്ധ വികാരം തീർച്ചയായിട്ടും ഇല്ല. ഞങ്ങൾ ഇക്കാര്യം ഗൗരവമായി പഠിച്ചതാണ്. പ്രത്യേകിച്ചും തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ. സി.പി.ഐയും സി.പി.എമ്മും എൽ.ഡി.എഫ് കൂട്ടായും ഒറ്റക്കുമെല്ലാം വിഷയം പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ബൃഹത്തായ ഭവന സന്ദർശന പരിപാടി ആവിഷ്കരിച്ചിരുന്നു. ആയിരക്കണക്കിന് വീടുകളിൽ നേരിട്ടു പോയി. ജനങ്ങളെ കണ്ട് സംസാരിച്ചു. ഭരണവിരുദ്ധ വികാരം ഇല്ല എന്ന സത്യമാണ് ഞങ്ങൾക്ക് ബോധ്യപ്പെട്ടത്.
തദ്ദേശമടക്കം ഒട്ടേറെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമല്ലെന്നാണോ?
വികസന കാര്യങ്ങളിലും കരുതലിലുമെല്ലാം ജനപക്ഷ കാഴ്ചപ്പാടുയർത്തിപ്പിച്ച സർക്കാർ, ചില വിഷയങ്ങളിൽ കുറച്ചുകൂടി ഗൗരവമായിട്ട് മുന്നോട്ടുപോകണമെന്നും ജനങ്ങളുടെ പ്രശ്നങ്ങളെയും ആശങ്കകളെയും അഡ്രസ് ചെയ്യാൻ കൂടുതൽ ശ്രമിക്കണമെന്നും ഞങ്ങൾ മനസ്സിലാക്കിയിരുന്നു. അതനുസരിച്ച് ജനങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചു. ഞങ്ങൾ പാഠം പഠിച്ചു. ആവശ്യമായ തിരുത്തൽ വരുത്തി. അതാണ് ഇടതുപക്ഷത്തിന്റെ ക്വാളിറ്റി. പഠിക്കാനുള്ളവ പഠിച്ചും തിരുത്തേണ്ടവ തിരുത്തിയും മുന്നോട്ട് വന്നപ്പോൾ ജനങ്ങൾക്ക് ഞങ്ങൾ പല മടങ്ങ് സ്വീകാര്യരായി.
ന്യൂനപക്ഷങ്ങൾക്ക് മുന്നണിയോടുള്ള വിശ്വാസത്തിൽ ഉലച്ചിലുണ്ടായില്ലേ?
മതന്യൂനപക്ഷങ്ങൾക്ക് ഞങ്ങളിലുള്ള ഉറച്ച വിശ്വാസത്തിന് ചെറിയൊരു മാറ്റം ഉണ്ടായോ എന്ന് ഞങ്ങൾ ഗൗരവമായി പരിശോധിച്ചിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ വിശ്വാസപരമായ അവകാശങ്ങൾ, സാംസ്കാരിക വ്യക്തിത്വം, ഭാഷാവകാശങ്ങൾ, ഭക്ഷണരീതികൾ, വസ്ത്ര രീതികൾ തുടങ്ങി എല്ലാ ഐഡന്റിറ്റികളും വെല്ലുവിളിക്കപ്പെടുകയാണ്. ന്യൂനപക്ഷങ്ങളുടെ യഥാർഥ ബന്ധുക്കൾ ഇടതുപക്ഷം മാത്രമാണ്. ന്യൂനപക്ഷങ്ങൾക്ക് ഞങ്ങളുടെ മേലുള്ള വിശ്വാസത്തിൽ ഒരു ശതമാനംപോലും ഇടിവുണ്ടായിട്ടില്ല.
ശബരിമല യുവതീ പ്രവേശന നിലപാടിൽനിന്ന് പിന്തിരിയുന്ന സമീപനമാണ് ദേവസ്വം ബോർഡ് സ്വീകരിച്ചത്. ഇതൊരു മലക്കംമറിച്ചിലല്ലേ?
ഞങ്ങൾക്ക് നല്ല വ്യക്തതയുണ്ട്, ഇന്നത്തെ പ്രധാനപ്പെട്ട കർത്തവ്യം വർഗീയ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ ചെറുക്കലാണ്. ആ സമരത്തിൽ യോജിക്കാവുന്ന എല്ലാവരെയും ഒന്നിപ്പിക്കലാണ് മുഖ്യ വിഷയം. ആ യോജിപ്പിന് പ്രതിബന്ധം ഉണ്ടാക്കുന്ന ഒന്നും ഇപ്പോൾ മുഖ്യമല്ല ഞങ്ങൾക്ക്. ബി.ജെ.പിയെ രാഷ്ട്രീമായി ഒറ്റപ്പെടുത്തുക എന്ന കർത്തവ്യത്തിന് ദൗർബല്യം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ പാടില്ല.
10 മണ്ഡലങ്ങളിൽ ബി.ജെ.പി-സി.പി.എം ഡീൽ ഉണ്ടെന്നാണ് പ്രതിപക്ഷം ആരോപണം?
അത് കോൺഗ്രസിന്റെ രാഷ്ട്രീയ കാപട്യംകൊണ്ടാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ എത്രയോ കാലമായിയുള്ള ഒന്നാണ് ബി.ജെ.പിയുമായുള്ള അവിശുദ്ധ ബന്ധം. അതിന്റെ ജാള്യവും കുറ്റബോധവുംകൊണ്ടാണ് കോൺഗ്രസ് നട്ടാൽകുരുക്കാത്ത ഡീൽ നുണകൾ ആരോപിക്കുന്നത്. എൽ.ഡി.എഫിന് ബി.ജെ.പിയുമായി ബന്ധമുണ്ടാകണമെങ്കിൽ കാക്ക മലർന്നുപറക്കണം, അല്ലെങ്കിൽ സൂര്യൻ പടിഞ്ഞാറ് ഉദിക്കണം. ഞങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്റെ വോട്ട് വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

