Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightInterviewchevron_right'വീട്ടുകാരോട് കാണാൻ...

'വീട്ടുകാരോട് കാണാൻ വരേണ്ട എന്ന് പറഞ്ഞിരുന്നു. കാണുന്നത് സങ്കടകരമാണ്' -അറ്റ്​ലസ്​ രാമചന്ദ്രൻ 'ഗൾഫ്​ മാധ്യമ'ത്തിന്​ നൽകിയ അവസാന അഭിമുഖം

text_fields
bookmark_border
വീട്ടുകാരോട് കാണാൻ വരേണ്ട എന്ന് പറഞ്ഞിരുന്നു. കാണുന്നത് സങ്കടകരമാണ് -അറ്റ്​ലസ്​ രാമചന്ദ്രൻ ഗൾഫ്​ മാധ്യമത്തിന്​ നൽകിയ അവസാന അഭിമുഖം
cancel

ദുബൈ: ഒന്നര മാസം മുൻപാണ്​ ദുബൈ ബുർജ്​മാനിലെ താമസ സ്ഥലത്ത്​ 'ഗൾഫ്​ മാധ്യമത്തി'നായി അറ്റ്​ലസ്​ രാമചന്ദ്രൻ അഭിമുഖം അനുവദിച്ചത്​. ഓണം ഓർമകളെകുറിച്ചായിരുന്നു അഭിമുഖമെങ്കിലും ഭാവി പ്രതീക്ഷകളും ആഗ്രഹങ്ങളുമെല്ലാം അദ്ദേഹം വായനക്കാർക്കായി പങ്കുവെച്ചു. അറ്റ്​ലസ്​ വീണ്ടും തുറക്കണമെന്ന ആഗ്രഹമായിരുന്നു അതിൽ പ്രധാനം. അദ്ദേഹത്തിന്‍റെ അഭിമുഖത്തിൽ നിന്ന്​...

സ്നേഹവും കുറ്റപ്പെടുത്തലും ഏറെ അനുഭവിച്ചയാളാണല്ലോ ?

ജീവിതം ഇങ്ങനെയാണ്. നല്ലകാലവും മോശംകാലവും വരും. ഇരുളടഞ്ഞ രാത്രിക്കൊടുവിൽ നല്ലൊരു പുലരിയുണ്ടാവും. ആ പുലരിക്കായുള്ള കാത്തിരിപ്പാണ് ജീവിതത്തിന്‍റെ ആഘോഷം. സ്​നേഹവും കുറ്റപ്പെടുത്തലും ജീവിതത്തിന്‍റെ ഭാഗമാണ്. നമ്മൾ കുറ്റം ചെയ്തിട്ടില്ല എന്ന് ബോധ്യമുണ്ടെങ്കിൽ കുറ്റപ്പെടുത്തലുകൾ ഒരു പ്രശ്നമേയല്ല. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടാവും. പ്രതിസന്ധിയിലാകുന്ന ഒരാളെ കുറിച്ച് നമ്മളേക്കാൾ അവലോകനം ചെയ്യുന്നത് മറ്റുള്ളവരാണ്. എന്നോട് നേരിട്ട് സംസാരിച്ചിരുന്നെങ്കിൽ അവർക്ക് ഈ തെറ്റിദ്ധാരണയൊന്നുമുണ്ടാകുമായിരുന്നില്ല.

അറ്റ്ലസിന്‍റെ നല്ലകാലത്ത് ജനത്തിന് നൽകിയ സ്നേഹമാണ് പ്രതിസന്ധി ഘട്ടത്തിൽ അവർ എനിക്ക് തിരികെനൽകിയത്. കടയിൽ വരുന്ന ഉപഭോക്താക്കൾക്ക് എന്താണ് ആവശ്യമെന്ന് നേരിട്ട് ചോദിച്ച് മനസിലാക്കി ആവശ്യമായത് ചെയ്ത് കൊടുത്തിരുന്നു. മക്കളുടെ വിവാഹത്തിന് സ്വർണമെടുക്കാൻ പണം തികയാതെ വന്നവർക്ക് കടമായി ആഭരണങ്ങൾ നൽകിയിരുന്നു. ചിലത് പണം തിരികെ കിട്ടില്ല എന്നറിഞ്ഞുകൊണ്ടാണ് കൊടുക്കുന്നത്. തിരിച്ച് തന്നവരുമുണ്ട്. മസ്കത്തിലെ ഹോസ്​പിറ്റലിൽ പാവങ്ങൾക്കായി നിരവധി സഹായം ചെയ്തിരുന്നു. പണം ഉണ്ടാകുമ്പോൾ കൊണ്ടുവന്നാൽ മതിയെന്ന് പറഞ്ഞ് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. അന്ന് ചെയ്ത നല്ലകാര്യങ്ങളാവാം ഇന്ന് സ്നേഹമായി തിരികെ ലഭിച്ചത്.

പ്രതിസന്ധികാലത്തെ ഓണാഘോഷം എങ്ങിനെയായിരുന്നു ?

ഏറെ മനോവിഷമങ്ങളിലൂടെ കടന്നുപോയ ദിനങ്ങളായിരുന്നു അത്. അവിടെ പ്രത്യേകിച്ച് ഓണാഘാഷങ്ങളുണ്ടായിരുന്നില്ല. 'ഗൾഫ് മാധ്യമം' പോലുള്ള പ്രസിദ്ധീകരണങ്ങളായിരുന്നു ഓണദിനങ്ങളിൽ ആശ്വാസം പകർന്നത്. ഓണവിശേഷങ്ങൾ അറിഞ്ഞത് അതിലൂടെയാണ്. 'ഗൾഫ് മാധ്യമ'ത്തിന്‍റെ പ്രത്യേക ഓണപ്പതിപ്പും ലഭിച്ചിരുന്നു. ഇതുവഴി പഴയകാല ഓർമകളിലേക്ക് യാത്ര ചെയ്തു. മറ്റൊരു ആശ്രയം റേഡിയോ ആയിരുന്നു.

വീട്ടുകാരോട് കാണാൻ വരേണ്ട എന്ന് പ്രത്യേകം പറഞ്ഞിരുന്നു. അവരെ കാണുന്നത് സങ്കടകരമാണ്. ഫോണിലൂടെ ദീർഘനേരം അവരുമായി സംസാരിച്ചു. ധാരാളം പുസ്തകം വായിക്കാനും അറിവ് സമ്പാദിക്കാനും സമയം കിട്ടി. നല്ല ലൈബ്രറികൾ അവിടെയുണ്ട്. ഇരുളും വെളിച്ചവും എന്നും ജീവിതത്തിന്‍റെ ഭാഗമായിരുന്നു. ഇരുട്ടിന് അന്ധകാരം കൂടിയത് പോലൊയിരുന്നു ആ നാളുകൾ.

ജീവിതം സിനിമയാക്കിയാൽ ആരാവും നായകൻ ?

പല സംവിധായകരും എന്‍റെ കഥ സിനിമയാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ട്. അതിന് സമയമായിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. ഓർമക്കുറിപ്പ് കുറച്ച് കൂടി എഴുതിതീർക്കാനുണ്ട്. അറ്റ്ലസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്ന ശേഷം അത് പൂർത്തീകരിക്കാമെന്ന് കരുതുന്നു. ഇപ്പോൾ മങ്ങിക്കിടക്കുന്ന അറ്റ്ലസാണ്. അന്ന് സിനിമയിൽ ഏറ്റവും തിളങ്ങിനിൽക്കുന്നയാളായിരിക്കണം നായകൻ എന്നാണ് ആഗ്രഹം. മലയാളത്തിൽ എത്രയോ നല്ല നടൻമാരുണ്ട്. മമ്മൂട്ടിയേക്കാൾ മികച്ച നടൻ ഇന്ത്യയിലുണ്ടോ. മോഹൻലാലും പൃഥ്വിരാജുമുൾപെടെ എത്രയോ നല്ല നടൻമാരുണ്ടിവിടെ. സിനിമയെടുക്കാനൊക്കെ ഇനിയും കാലങ്ങളുണ്ട്.

അറ്റ്ലസിന്‍റെ തിരിച്ചുവരവുണ്ടാകുമോ ?

ഈ വർഷം തന്നെ അതുണ്ടാകണമെന്നാണ് ആഗ്രഹം. അതിനായുള്ള ശ്രമത്തിലാണ്. ഇപ്പോഴും ഒരങ്കത്തിനുള്ള ബാല്യമുണ്ട്. ജീവിതം ഇങ്ങനെ നീണ്ടുകിടക്കുകയല്ലേ. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി അറ്റ്ലസ് തിരിച്ചുവരും.

കുട്ടിക്കാലത്തെ ഓണം എങ്ങിനെയായിരുന്നു ?

എട്ട് മക്കളുള്ള വലിയ കുടുംബമാണ് ഞങ്ങളുടേത്. മുതിർന്നവർ നാല് പേരായിരുന്നു ഞങ്ങളുടെ ലീഡർമാർ. നേരം വെളുക്കുമ്പോൾ ചേച്ചിയും ചേട്ടനുമെല്ലാം ചേർന്ന് പൂ പറിക്കാൻ പോകുന്നത് ഇപ്പോഴും മനസിൽ മായാതെയുണ്ട്. അവർക്കൊപ്പം ഞങ്ങളും പോകും. ഏറ്റവും നല്ല പൂക്കൾ കൊണ്ടുവരാൻ എല്ലാരും മത്സരിച്ചു.

അന്ന് ഞങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ ഏക്കർകണക്കിന് നെൽപാടമുണ്ടായിരുന്നു. അഛന് സർക്കാർ ജോലി ആയതിനാൽ ഈ ഭൂമി പാട്ടത്തിന് കൊടുത്തു. ഓണത്തിന് പത്ത് ദിവസം മുൻപ് കാളവണ്ടിയിൽ കയറ്റി നെല്ല് കൊണ്ടുവന്നിരുന്നു. ചെറിയ ഇടവഴിയിൽ എട്ടോ പത്തോ കാളവണ്ടി നിൽക്കുന്നത് കാണുന്നത് തന്നെ വലിയ കാഴ്ചയായിരുന്നു. കാഴ്ച്ചക്കുലകളും കൊണ്ടുവന്നിരുന്നു. ഭൂപരിഷ്കരണ നിയമം വന്നതോടെ ഈ ഭൂമിയെല്ലാം നഷ്ടമായി. അതോടെ ഞങ്ങൾ പ്രതിസന്ധിയിലായി.

അഛന്‍റെ തുച്ഛ വരുമാനംകൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥ വന്നു. ബി.കോമിന് പഠിക്കുമ്പോൾ പുസ്തകം പോലും കടംവാങ്ങി പഠിക്കേണ്ട അവസ്ഥ വന്നു. 1962ൽ ബി.കോം പാസായെങ്കിലും ജോലിയൊന്നും ലഭിച്ചില്ല. അങ്ങിനെയാണ് ജേഷ്ടനൊപ്പം ഡൽഹിക്ക് വണ്ടികയറിയത്. തുടക്കത്തിൽ ചെറിയ ശമ്പളത്തിൽ പലയിടത്തും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. എസ്.ബി.ഐയിൽ ജോലി ലഭിച്ചപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം ജോലി ചെയ്തു. ഓരോ നാട്ടിലെയും വ്യത്യസ്ത ഓണാഘോഷങ്ങളും സംസ്കാരവും അടുത്തറിഞ്ഞത് ഈ കാലത്താണ്.

ഗൾഫിലെ ആഘോഷങ്ങൾ എങ്ങിനെയാണ്​ ?

1974ന്‍റെ തുടക്കത്തിലാണ് കുവൈത്തിൽ എത്തുന്നത്. 50 വർഷത്തിലേക്ക് അടുക്കുന്നു. കുവൈത്തിൽ ഓണം അത്രകാര്യമായി ആഘോഷിച്ചിരുന്നില്ല. എന്നാൽ, ദുബൈയിലേക്ക് മാറിയതോടെ കേരളത്തിലെ ഓണം വല്ലാതെ മിസ് ചെയ്യുന്നില്ല. പതിറ്റാണ്ടുകൾക്ക് മുൻപ് ദുബൈ അൽനാസർ ലെഷർലാന്‍റിൽ ഗംഭീര ഓണപരിപാടി നടന്നിരുന്നു. അതിന് ശേഷമാണ് പ്രവാസലോകം ഓണാഘോഷം സജീവമാക്കിയത്. ഇവിടെ വർഷം മുഴുവൻ ഓണമാണല്ലോ. ജോലിത്തിരക്കിനിടയിൽ അവധി എടുത്ത് ഓണം ആഘോഷിക്കുന്നവരുണ്ട്. അല്ലാത്തവർ തൊട്ടടുത്ത അവധി ദിവസം ഓണമാക്കും.

എത്രയെത്ര ഓണപരിപാടികൾ അറ്റ്ലസ് സ്പോൺസർ ചെയ്തിരിക്കുന്നു. 20 വർഷം മുൻപ് ദേര ഗോൾഡ് ലാൻഡിലെ അറ്റ്ലസിന്‍റെ പുതിയ ഷോറൂം ഉദ്ഘാടാനവും ഓണാഘോഷവും ഒരുമിച്ചായിരുന്നു. മഹാബലിയും കൂട്ടരും പാതാളത്തിൽ നിന്നുയർന്ന് വരുന്നത് സാങ്കൽപികമായി അവതരിപ്പിച്ചായിരുന്ന ആഘോഷം. ഭൂമിക്കടിയിലെ നിലയിൽ നിന്ന് ലിഫ്റ്റിലായിരുന്നു മഹാബലിയുടെ ഉയിർത്തെഴുന്നേൽപ്. നൗഷാദ് എന്നയാളായിരുന്നു അന്ന് മഹാബാലി. മാവേലിക്കൊപ്പം ഉദ്ഘാടനത്തിനെത്തിയത് കാവ്യാമാധനായിരുന്നു.

Show Full Article
TAGS:Atlas Ramachandran Gulf Madhyamam 
News Summary - Atlas Ramachandran Gulf Madhyamam interview
Next Story